
വാഷിങ്ടൺ: ചൈനയ്ക്ക് പിന്നാലെ യുഎസ് ഉത്പന്നങ്ങൾക്ക് മേലുള്ള തീരുവ വർധിപ്പിച്ച് യൂറോപ്യൻ യൂണിയനും. യുഎസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്താനാണ് യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകിയത്. യൂറോപ്യൻ യൂണിയന്റെ സ്റ്റീൽ, അലുമിനിയം കയറ്റുമതിയ്ക്ക് മുകളിൽ 25 ശതമാനം തീരുവ ചുമത്തിയ ട്രംപിന്റെ നടപടിക്ക് പകരമാണിത്.
യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളിൽ ഭൂരിപക്ഷവും തീരുവ ചുമത്താനുള്ള തീരുമാനത്തെ അനുകൂലിച്ചു. കാർഷിക ഉൽപന്നങ്ങൾ മുതൽ ഡയമണ്ട് വരെയുള്ള ഉൽപന്നങ്ങൾക്ക് മുകളിലാണ് പുതിയ തീരുവ ചുമത്തിയിരിക്കുന്നത്. ഏപ്രിൽ പകുതിയോടെ ചില തീരുവകൾ നിലവിൽ വരും.
സോയാബീൻ, മോട്ടോർ സൈക്കിളുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ 20 ബില്യൺ യൂറോയിലധികം മൂല്യമുള്ള അമേരിക്കൻ ഉത്പന്നങ്ങളെ ബാധിക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. ന്യായവും സന്തുലിതവുമായ ചർച്ചയ്ക്ക് അമേരിക്ക സമ്മതിച്ചാൽ ഈ നടപടി എപ്പോൾ വേണമെങ്കിലും നിർത്തിവയ്ക്കാമെന്നും യൂറോപ്യൻ കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവ കൂട്ടിയതിന് തിരിച്ചടിച്ച്, ചൈനയും യുഎസ് ഉത്പന്നങ്ങൾക്കുള്ള പകരച്ചുങ്കം വർധിപ്പിച്ചിരുന്നു. യുഎസ് ഉത്പന്നങ്ങൾക്ക് 34 ശതമാനമായിരുന്ന തീരുവ, 84 ശതമാനമായിട്ടാണ് കൂട്ടിയത്. പുതിയ തീരുവ ഏപ്രിൽ 10 ന് നിലവിൽ വരുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ യുഎസ് കമ്പനികള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക