
ന്യൂഡല്‍ഹി: ഇറക്കുമതിതീരുവ 145 ശതമാനം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരെ അതേനാണയത്തില്‍ തിരിച്ചടിച്ച് ചൈന. യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് 125 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതായി ചൈനീസ് വാണിജ്യമന്ത്രാലയം അറിയിച്ചു. യുഎസ് താരിഫ് വര്‍ധനവിനെതിരെ ലോകവ്യാപാര സംഘടനയില്‍ കേസ് ഫയല്‍ ചെയ്തതായും ചൈന അറിയിച്ചു.
ട്രംപ് ഉയര്‍ന്ന തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെ യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് ചൈന 84 ശതമാനം നികുതി പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അമേരിക്ക വീണ്ടും നികുതി കൂട്ടി. ഇതിനു തിരിച്ചടിയായാണ് ഇപ്പോഴത്തെ നടപടി. ചൈനയ്ക്കുമേലുള്ള യുഎസിന്റെ പകരച്ചുങ്കം അടിസ്ഥാനരഹിതമാണെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്നുമായിരുന്നു ചൈനീസ് വാണിജ്യകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച 104 ശതമാനത്തില്‍നിന്ന് 125 ശതമാനമായി തീരുവ ഉയര്‍ത്തിയതായി കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവില്‍ അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതിക്കുമുള്ള 20 ശതമാനം നികുതി കൂടി ബാധകമാണെന്നും അതിനാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള യഥാര്‍ഥ തീരുവ 145 ശതമാനമാണെന്നുമായിരുന്നു വൈറ്റ് ഹൗസിന്റെ വിശദീകരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക