
സുപ്രധാന തീരുമാനങ്ങള്‍ക്കപ്പുറം ഇരു നേതാക്കള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ കൂടി വേദിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ തന്റെ പ്രിയപ്പെട്ട സുഹൃത്ത് എന്നായിരുന്നു നരേന്ദ്ര മോദിയെ ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. മോദി തന്നെക്കാള്‍ മികച്ച മദ്ധ്യസ്ഥന്‍ ആണെന്നും ട്രംപ് പറഞ്ഞു.
ആലിംഗനം ചെയ്തുകൊണ്ടായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയെ യുഎസ് പ്രസിഡന്റ് വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചത്. 'ഞങ്ങള്‍ക്ക് നിങ്ങളെ മിസ്സ് ചെയ്തു, ഒരുപാട് മിസ്സ് ചെയ്തു' എന്നും ട്രംപ് പറഞ്ഞു. 'വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം' എന്നായിരുന്നു ഇതിനോട് മോദി പ്രതികരിച്ചത്. ഔര്‍ ജേര്‍ണി ടുഗേദര്‍ എന്ന തന്റെ പുസ്തകവും ട്രംപ് മോദിക്ക് സമ്മാനിച്ചു. 'മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, യു ആര്‍ ഗ്രേറ്റ്' എന്നും ട്രംപ് പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്.
വിശിഷ്ട വ്യക്തിത്വം എന്ന് മോദിയെ വിശേഷിപ്പിച്ച ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി ദീര്‍ഘകാലമായി തന്റെ സുഹൃത്താണെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. 'മോദി തന്നെക്കാള്‍ നല്ല മധ്യസ്ഥനാണ്, തന്നേക്കാള്‍ കടുപ്പക്കാരനായ മദ്ധ്യസ്ഥന്‍, ഇക്കാര്യത്തില്‍ മത്സരമില്ല' ട്രംപ് പ്രതികരിച്ചു.
'മോദി ഇന്ത്യയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്, എല്ലാവരും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നു. അതിശയകരമായി ജോലി ചെയ്യുന്ന വ്യക്തിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി', അദ്ദേഹം ഒരു മികച്ച നേതാവാണ്. ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദിയുടെ എക്‌സ് പോസ്റ്റ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നുകഴിഞ്ഞു. ഇന്ത്യ - യുഎസ് ഉഭയകക്ഷി ബന്ധത്തെ ട്രംപിന്റെയും മോദിയുടെയും തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്.
''യുഎസ് പ്രസിഡന്റ് മാഗ (മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ) അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന ആശയത്തെ കുറിച്ച് സംസാരിക്കുന്നു. ഇന്ത്യയില്‍ വികസിത ഭാരതത്തെ കുറിച്ച് പറയുന്നു. അമേരിക്കന്‍ കാഴ്ചപ്പാടില്‍ പറഞ്ഞാല്‍ മിഗാ (മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്‍ ) ഇന്ത്യയെ വീണ്ടും മഹത്തരമാക്കുക. ഇന്ത്യയും യുഎസും തമ്മില്‍ 'മെഗാ' പങ്കാളിത്തമായി മാറും'' എന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കുറിപ്പ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക