

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്തി ഇന്ത്യയിലെ വോട്ടെടുപ്പ് സംവിധാനം ശക്തിപ്പെടുത്താന്‍ അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിക്കൊണ്ടിരുന്ന സാമ്പത്തിക സഹായം റദ്ദാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാമ്പത്തിക വളര്‍ച്ചയുള്ള, ഉയര്‍ന്ന നികുതി ചുമത്തുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് (21 മില്യണ്‍ ഡോളര്‍) 160 കോടി രൂപയോളം വരുന്ന സഹായം അമേരിക്ക നിര്‍ത്തലാക്കിയത്.
സഹായം നിര്‍ത്തിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച ശേഷം ട്രംപ് നടത്തിയ പ്രതികരണവും ഇങ്ങനെ: ''ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും തനിക്ക് ബഹുമാനമുണ്ട്, പക്ഷെ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തമുറപ്പാക്കാന്‍ 21 മില്യണ്‍ ഡോളര്‍ ( 160 കോടി രൂപ) എന്തിന് യുഎസ് കൊടുക്കണം? അവരുടെ കൈവശം ധാരാളം പണമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഉയര്‍ന്ന നികുതി മൂലം അമേരിക്കയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ''- എന്നും ട്രംപ് ചൂണ്ടിക്കാട്ടി.
യുഎസ് സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കല്‍ വിഭാഗമായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി അഥവാ ഡോജ് ( DOGE) ന്റെ ശുപാര്‍ശ അനുസരിച്ചാണ് ധനസഹായം നിര്‍ത്തുന്നത്. ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജ് ഫെബ്രുവരി 16നാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വിവിധ പേരില്‍ നല്‍കിയിരുന്ന സാമ്പത്തിക നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ പൗരന്മാരുടെ നികുതി പണം ഇത്തരം കാര്യങ്ങള്‍ക്ക് ചെലവഴിക്കാനുള്ളതല്ല എന്നതാണ് തീരുമാനത്തിന് ഡോജ് നല്‍കുന്ന വിശദീകരണം.
എന്നാല്‍ യുഎസ് സര്‍ക്കാരിന്റെ തീരുമാനം ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിദേശ ഇടപെടല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തിടുക്കം കാട്ടിയെന്നും, നടപടി ഭരണഘടനയുടെയും സ്വതന്ത്ര തിരഞ്ഞെടുപ്പുകളുടെയും ആത്മാവിനെ ദുര്‍ബലപ്പെടുത്തുന്നതാണ് എന്നുമുള്ള പ്രതിപക്ഷ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധുപ്പെട്ട യുഎസ് സഹായം പ്രതിരോധമാക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ചില ശക്തികള്‍ക്ക് ഇന്ത്യയെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ അവസരങ്ങളും നല്‍കിയെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തുന്നത്. ബിജെപി ദേശീയ വക്താവ് അമിത് മാളവ്യയാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.
വോട്ടിങ് ശക്തപ്പെടുത്താന്‍ 160 കോടി, ആര്‍ക്കാണ് ഈ പണം ലഭിച്ചത്, ഭരണ കക്ഷിയായ ബിജെപിക്കല്ല. യുപിഎ ഭരണ കാലത്ത് 2012 ല്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇലക്ടോറല്‍ സിസ്റ്റവും (ഐഎഫ്ഇഎസ്) തമ്മിലുള്ള ധാരണ ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ ആരോപണം. ഐഎഫ്ഇഎസിന് അമേരിക്കന്‍ കോടീശ്വരന്‍ ജോര്‍ജ് സോറോസുമായി ബന്ധമുണ്ട്. ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ വിദേശ ശക്തികള്‍ക്ക് നുഴഞ്ഞു കയറാനുള്ള അവസരമാണ് ധാരണയിലൂടെ യുപിഎ സര്‍ക്കാര്‍ ഒരുക്കി നല്‍കിയത്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും വിദേശ ശക്തികള്‍ക്ക് സ്വാധീനിക്കാന്‍ അവസരം നല്‍കിയവരാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തിന്റെ സുതാര്യത ചോദ്യം ചെയ്യുന്നതെന്നും അമിത് മാളവ്യ ആരോപിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യുഎസ് സഹായം 'മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി'യാണെന്ന് സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവുമായ സഞ്ജീവ് സന്യാലും ആരോപിച്ചു.
അതേസമയം, ഇന്ത്യന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അമേരിക്കന്‍ സാമ്പത്തിക സഹായം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന നിലപാടാണ് കോണ്‍ഗ്രസിന്. ഇന്ത്യയിലെ ജനാധിപത്യ, തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ഏതെങ്കിലും തരത്തിലുള്ള വിദേശ ഇടപെടല്‍ അംഗീകരിക്കാനാവില്ല. ഇതില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാടുണ്ട്. ഇത്തരം നടപടികളെ പാര്‍ട്ടി എതിര്‍ക്കുന്നതായും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates