
വാഷിങ്ടണ്‍: കുടിയേറ്റ വിരുദ്ധ നടപടികള്‍ കടുപ്പിക്കുന്നതിനിടെ 'ആശ്വാസ' നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ നിക്ഷേപിക്കുന്ന വിദേശികള്‍ക്കു 'ഗോള്‍ഡന്‍ കാര്‍ഡിലൂടെ' പൗരത്വം നല്‍കാനാണു നീക്കം. ഇങ്ങനെ പൗരത്വം നേടാന്‍ 50 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയാല്‍ മതിയെന്നും ട്രംപ് പറഞ്ഞു.
ഗ്രീന്‍ കാര്‍ഡിന്റെ മാതൃകയിലുള്ള പദ്ധതിയുടെ ഭാഗമാകുന്ന നിക്ഷേപകര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. യുഎസ് പൗരത്വം നേടാന്‍ ഇത് സഹായിക്കുമെന്നും 10 ലക്ഷം കാര്‍ഡുകള്‍ വിറ്റഴിക്കുമെന്നും ട്രംപ് അറിയിച്ചു. ''ഇബി 5 പദ്ധതി നിര്‍ത്തുകയാണ്. ഇനി ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കും. രാജ്യത്തു നിക്ഷേപങ്ങള്‍ നടത്തുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന വിദേശികള്‍ക്കു പൗരത്വം ലഭിക്കാനുള്ള വഴിയാണിതെന്നും ട്രംപ് വ്യക്തമാക്കി.
രണ്ടാഴ്ചയ്ക്കകം പദ്ധതി നിലവില്‍ വരുമെന്നാണു സൂചന. അതിസമ്പന്നര്‍ക്കു ഗോള്‍ഡന്‍ കാര്‍ഡ് വാങ്ങുന്നതിലൂടെ അമേരിക്കയിലേക്ക് വരാനാകുമെന്നും ട്രംപ് പറഞ്ഞു. റഷ്യയിലെ ശതകോടീശ്വരന്‍മാര്‍ക്കു ഇതുവഴി അമേരിക്കന്‍ പൗരത്വം നേടാനാകുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. റഷ്യയിലെ കോടീശ്വരന്മാര്‍ വളരെ നല്ല മനുഷ്യരാണ്. അവര്‍ക്കും ഗോള്‍ഡന്‍ കാര്‍ഡ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക