ലൊസാഞ്ചലസിലെ കാട്ടു തീ; 16 മരണം, വരും ദിവസങ്ങളിൽ സ്ഥിതി വഷളാകുമെന്ന് മുന്നറിയിപ്പ്

വരണ്ട കാറ്റ് വീണ്ടും ശക്തി പ്രാപിക്കും. തീ കൂടുതൽ വേ​ഗത്തിൽ പടരാൻ കാറ്റ് കാരണമാകും
LA wildfires death toll rises
കാട്ടു തീ കെടുത്താൻ ശ്രമിക്കുന്ന രക്ഷാ പ്രവർത്തകൻഎപി
Updated on

ന്യൂയോർക്ക്: യുഎസിലെ ലൊസാഞ്ചലസിൽ പടർന്നു പിടിക്കുന്ന കാട്ടു തീ വരും ദിവസങ്ങളിൽ കൂടുതൽ വ്യാപിക്കുമെന്നു മുന്നറിയിപ്പ്. സ്ഥിതി കൂടുതൽ വഷളാകുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

സാന്റ ആന എന്ന വരണ്ട കാറ്റ് വീണ്ടും ശക്തി പ്രാപിക്കും. തീ കൂടുതൽ വേ​ഗത്തിൽ പടരാൻ കാറ്റ് കാരണമാകും. 120 കി.മി വേ​ഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ലൊസാഞ്ചലസ് കാലാവസ്ഥാ സർവീസിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കി.

ഈ മാസം 7 മുതലാണ് കാട്ടു തീ പരടരാൻ തുടങ്ങിയത്. ഇതുവരെ മരിച്ചവരുടെ ഔദ്യോ​ഗിക കണക്ക് 16 ആണ്. യഥാർഥ മരണ സംഖ്യ ഇതിലും എത്രയോ ആണെന്നു റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.

കെന്നത്, ഈറ്റൺ കാട്ടു തീയാണ് പടരുന്നത്. വീടുകൾ ഉൾപ്പെടെ 12,000ത്തിലധികം നിർമിതികൾ ഭാ​ഗികമായോ പൂർണമായോ കത്തി നശിച്ചതായാണ് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിക്കുന്നത്.

ലൊസാഞ്ചലസ് സ്ഥിതി ചെയ്യുന്ന കാലിഫോർണയ സംസ്ഥാനത്തു വ്യാഴാഴ്ച ​ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നു 1.3 ലക്ഷത്തിലേറെപ്പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.

എട്ട് മാസമായി മഴ ഇല്ലാത്തതിനാൽ ലൊസാഞ്ചലസിലെ കാലാവസ്ഥ പൊതുവേ വരണ്ടതാണ്. ഇതാണ് തീ കെടുത്താൻ പ്രയാസം സൃഷ്ടിക്കുന്നത്. കാണാതായവരെ കുറിച്ചു തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

ലൊസാഞ്ചലസിൽ താമസിക്കുന്ന ഹോളിവുഡ് സെലിബ്രിറ്റികളിൽ ഭൂരിഭാഗം പേരുടെയും വീടുകൾ കത്തിനശിച്ചു. താരങ്ങളായ പാരിസ് ഹിൽട്ടൺ, ബില്ലി ക്രിസ്റ്റൽ, ജയിംസ് വുഡ്‌സ് എന്നിവരുടെ വീടുകൾ പൂർണമായി കത്തി നശിച്ചു. സ്റ്റീവൻ സ്പിൽബർഗ്, ബെൻ അഫ്‌ലേക്ക്, ടോം ഹാങ്ക്‌സ് എന്നിവരെ സ്ഥലത്തു നിന്നു ഒഴിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com