Donald Trump announces policy
ഡോണള്‍ഡ് ട്രംപ്. പിടിഐ

'അനധികൃത കുടിയേറ്റം ഉടന്‍ തടയും, ജനുവരി 20 യുഎസിന്റെ വിമോചന ദിനം'; നയം പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

'അപകടകാരികളായ ക്രിമിനലുകളെയും അനധികൃത കുടിയേറ്റക്കാരെയും സംരക്ഷിക്കുകയാണ് ബൈഡന്‍ ഭരണകൂടം ചെയ്തത്'
Published on

വാഷിങ്ടണ്‍: യുഎസിന്റെ പ്രസിഡന്റായി അധികാരറ്റേതിന്‌ പിന്നാലെ ഭാവിനയങ്ങള്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്. യുഎസിന്റെ സുവര്‍ണയുഗത്തിന് ഇന്ന് തുടക്കമാകുകയാണെന്നും 2025 ജനുവരി 20 യുഎസിന്റെ വിമോചന ദിനമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു.

യുഎസ്‌മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവില്‍ ഒപ്പുവയ്ക്കുമെന്ന് പറഞ്ഞ് ട്രംപ് എല്ലാ അനധികൃത കുടിയേറ്റവും ഉടന്‍ തടയുമെന്നും പറഞ്ഞു. രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന എല്ലാ ക്രിമിനല്‍ വിദേശികളെയും അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ച് അയയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങും. ഇന്നുമുതല്‍ യുഎസ് അഭിവൃദ്ധിപ്പെടുകയും ബഹുമാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അപകടകാരികളായ ക്രിമിനലുകളെയും അനധികൃത കുടിയേറ്റക്കാരെയും സംരക്ഷിക്കുകയാണ് ബൈഡന്‍ ഭരണകൂടം ചെയ്തത്. വിദേശത്തെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ പരിധിയില്ലാത്ത സഹായം ചെയ്ത മുന്‍ സര്‍ക്കാര്‍ അമേരിക്കന്‍ അതിര്‍ത്തി സംരക്ഷിക്കാന്‍ ഒന്നും ചെയ്തില്ലെന്നും ട്രംപ് പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പൂര്‍ണമായും തള്ളുന്ന നിലപാട് ആവര്‍ത്തിച്ച ട്രംപ് യുഎസില്‍ സ്ത്രീയും പുരുഷനും എന്ന രണ്ട് വിഭാഗങ്ങള്‍ മാത്രമേയുണ്ടാകൂവെന്നും ഇതിനുള്ള ഉത്തരവില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാനമ കനാല്‍ പാനമയില്‍ നിന്ന് തിരിച്ചെടുക്കും. കനാലുമായി ബന്ധപ്പെട്ട കരാര്‍ പാനമ ലംഘിച്ചതിനാല്‍ ആ സമ്മാനം തിരിച്ചെടുക്കും. ചൈനയാണ് കനാല്‍ നിയന്ത്രിക്കുന്നതെന്ന തെറ്റായ വാദം ട്രംപ് വീണ്ടും ഉന്നയിച്ചു. മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഐശ്വര്യപൂര്‍ണവും സ്വതന്ത്രവുമായ രാജ്യത്തെ വാര്‍ത്തെടുക്കുക എന്നതിനാണ് തന്റെ പ്രഥമ പരിഗണന. രാജ്യത്തെ വിലക്കയറ്റവും ഇന്ധനച്ചെലവ് വര്‍ധിക്കുന്നതും തടയാന്‍ മന്ത്രിസഭയിലെ എല്ലാ അംഗങ്ങള്‍ക്കും നിര്‍ദേശം നല്‍കും. എണ്ണ, പ്രകൃതിവാതകം ഖനനം വര്‍ധിപ്പിക്കും. അമേരിക്ക വീണ്ടും ഉല്‍പാദക രാജ്യമാക്കി മാറ്റുമെന്നും ട്രംപ് പറഞ്ഞു.

രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും തിരിച്ചുപിടിക്കും. നീതിയുടെ അളവുകോലുകള്‍ സന്തുലിതമാക്കും. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കാനുള്ള ഉത്തരവ് പിന്‍വലിക്കും. എല്ലാ സെന്‍സര്‍ഷിപ്പും അവസാനിപ്പിച്ച് അഭിപ്രായ സ്വാതന്ത്ര്യം തിരികെ കൊണ്ടുവരാനുള്ള എക്‌സിക്യുട്ടിവ് ഉത്തരവില്‍ ഒപ്പുവയ്ക്കുമെന്നും ട്രംപ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com