
ന്യൂയോര്‍ക്ക്: യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരെ വീണ്ടും ഭീകരസംഘടനയായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനമാണ് പിന്‍വലിച്ചത്. ഹൂതി വിമതര്‍ക്ക് വീണ്ടും വിദേശ ഭീകര സംഘടന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ചതായി വൈറ്റ് ഹൗസ് ബുധനാഴ്ച അറിയിച്ചു.
2021 ല്‍ ട്രംപ് അധികാരത്തില്‍ നിന്ന് പോയതിനുശേഷം ഭരണത്തിലേറിയ അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് ഹൂതി വിമതരെ ഒഴിവാക്കുകയായിരുന്നു. തലസ്ഥാനമായ സന ഉള്‍പ്പെടെ രാജ്യത്തിന്റെ വലിയ ഭാഗം ഭരിക്കുന്നത് ഹൂതി വിമതരാണ്. ഇവരുമായി ആശയവിനിമയം നടത്തേണ്ടി വരുമെന്നതിനാല്‍ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് ഹൂതി വിമതരെ ഒ ഴിവാക്കിയില്ലെങ്കില്‍ യെമനില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതരാകുമെന്ന മനുഷ്യവകാശ സംഘടനകളുടെ ആശങ്കയെ തുടര്‍ന്നായിരുന്നു ജോ ബൈഡന്റെ തീരുമാനം.
എന്നാല്‍ 2023 ഒക്ടോബര്‍ 7ന് ഗാസ മുനമ്പില്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം, പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൂത്തികള്‍ ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും കപ്പലുകള്‍ക്ക് നേരെ ആക്രമണം ആരംഭിച്ചു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ ഒന്നിലധികം ആക്രമണങ്ങള്‍ ഉള്‍പ്പെടെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ഹൂതികളുടെ നിരവധി ആക്രമണങ്ങളെ ഉദ്ധരിച്ചാണ് ട്രംപിന്റെ നടപടി. 2023 ഒക്ടോബര്‍ മുതല്‍ ഇസ്രയേലിന് നേരെ നടന്ന ആക്രമണവും ട്രംപിന്റെ നടപടിക്ക് കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക