
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎസ്എസ്)ത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി വ്യോമസേന(ഐഎഎഫ്)യിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല. ശുഭാംശുവിനെ ആക്‌സിയോം ദൗത്യം 4ന്റെ (എഎക്‌സ്4) പൈലറ്റായി തെരഞ്ഞെടുത്തു. നാസയും ഐഎസ്ആര്‍ഒയും സ്വകാര്യകമ്പനിയായ ആക്‌സിയോം സ്‌പെയ്‌സും ചേര്‍ന്നുള്ള ദൗത്യമാണിത്. ഫ്‌ലോറിഡയിലെ ബഹിരാകാശ നിലയത്തില്‍ നിന്ന് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ ദൗത്യം ഉടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റാണ് മുപ്പത്തിയൊമ്പതുകാരനായ ശുഭാംശു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിയാണ്. 2019ല്‍ ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് ശുഭാംശു ശുക്ലയെ ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തിരുന്നു. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്‌മോനോട്ട് പരിശീലനകേന്ദ്രത്തില്‍ പരിശീലനവും നേടി. എഎക്‌സ്4 ദൗത്യത്തിലെ അനുഭവസമ്പത്ത് ഗഗന്‍യാന് പ്രയോജനം ചെയ്യുമെന്ന് ശുക്ല പറഞ്ഞു.
ശുഭാംശു ശുക്ലയ്ക്ക് പുറമെ യുഎസിന്റെ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടിന്റെ സ്വാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗേറിയയുടെ ടിബോര്‍ കപു ഫ്‌ലൈറ്റ് ക്രൂവില്‍ എന്നിവരും ദൗത്യത്തില്‍ ഉള്‍പ്പെടും. പെഗ്ഗി വിറ്റ്‌സണ്‍ ദൗത്യത്തിന് നേതൃത്വം നല്‍കും. 14 ദിവസത്തോളം ദൗത്യം നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളിയായ പ്രശാന്ത് നായരെയാണ് ശുഭാംശു ശുക്ലയുടെ ബാക്കപ്പായി തെരഞ്ഞെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക