

കുവൈത്ത് സിറ്റി: ഓൺലൈൻ വഴിയുള്ള തട്ടിപ്പ് രാജ്യത്ത് വർധിച്ചതോടെ മുന്നറിയിപ്പുമായി
കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഓൺലൈനുകളിൽ സാധനങ്ങൾ വൻ വിലക്കുറവിൽ നൽകാമെന്ന വ്യാജേന തട്ടിപ്പുകാർ ചില ലിങ്കുകൾ അയക്കും. അവയിൽ ക്ലിക്ക് ചെയ്താൽ ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകും. ഇത്തരം സംഭവങ്ങൾ രാജ്യത്ത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലും തട്ടിപ്പുകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഓൺലൈനിലൂടെ വൻ ഓഫറിൽ ഒരു ഉത്പന്നം നൽകാമെന്ന പരസ്യം സമൂഹ മാധ്യമത്തിൽ കണ്ട ജഹ്റ സ്വദേശി തട്ടിപ്പുകാരുമായി ബന്ധപെട്ടു. തുടർന്ന് അവർ അയച്ച പേയ്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്തു. പക്ഷേ ഇടപാട് പൂർത്തിയായില്ലെന്ന സന്ദേശമാണ് ആദ്യം ലഭിച്ചത്. തൊട്ട് പിന്നാലെ രണ്ട് വ്യത്യസ്ത ഇടപാടുകളിലായി ബാങ്ക് അക്കൗണ്ടിൽനിന്ന് 226.5 കുവൈത്ത് ദിനാർ പിൻവലിച്ചതായുള്ള സന്ദേശമെത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതായി മനസിലായത്.
സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയുള്ള തട്ടിപ്പ് രാജ്യത്ത് വ്യാപകമാണ്. തട്ടിപ്പുകാർ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഒ ടി പി നൽകാതെ തന്നെ പണം പിൻവലിക്കാനുള്ള അനുമതി ആണ് നൽകുന്നത്. തട്ടിപ്പുകാർക്ക് പിന്നീട് നമ്മുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ഒ ടി പി നമ്പർ ആവശ്യമില്ല. അത് കൊണ്ട് പണം പിൻവലിച്ച ശേഷം മാത്രമേ തട്ടിപ്പ് നടന്ന വിവരം മനസിലാകുകയുള്ളൂ.
ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലും തട്ടിപ്പുകൾ നടക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. അനൗദ്യോഗിക നമ്പർ വഴിയോ മറ്റു മാർഗ്ഗത്തിലൂടെയോ മന്ത്രാലയം ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടാറില്ല. ഇത്തരം സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടമാകും. സംശയാസ്പദമായ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും, ഉപയോഗിക്കുന്ന വെബ്സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.
Kuwait's Ministry of Interior has issued a warning as online fraud has increased in the country.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates