ഷാർജ: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷംതൂങ്ങി മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മരണ വാർത്ത ഞെട്ടലോടെയാണ് പ്രവാസ ലോകം കേട്ടത്. വിപഞ്ചികയും ഭർത്താവ് നിതീഷും മകൾ വൈഭവിയുമായി സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബമായിട്ടാണ് അയൽവാസികൾ പോലും കരുതിയിരുന്നത്. അവർക്കിടയിൽ ഇത്രയ്ക്ക് വലിയ പ്രശ്‌നമുണ്ടെന്ന് മരണവാർത്ത കേട്ടപ്പോഴാണ് പലർക്കും മനസിലായത്.
കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് ഷാർജയിലെ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ഭർത്താവ് നിതീഷുമായി വിപഞ്ചിക ഒരു വർഷത്തിലേറെയായി അകൽച്ചയിൽ കഴിയുക ആയിരുന്നു. ഈ സമയത്ത് താൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തെക്കുറിച്ചു അടുത്ത ഒരു ബന്ധുവിന് അയച്ച ശബ്ദസന്ദേശം ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. അതിൽ വിപഞ്ചിക ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
വീട്ടുകാര്യങ്ങളും കുഞ്ഞിനെയും നോക്കുന്നതെല്ലാം താൻ മാത്രമാണെന്നും ഒരു പട്ടിക്കുഞ്ഞിനെ പോലെയാണ് മകൾ വീട്ടിൽ കിടക്കുന്നത്. ഭർത്താവായ നിതീഷ് അയാളുടെ കാര്യം മാത്രം നോക്കി നടക്കുക ആണെന്നും വിപഞ്ചികയുടെ ശബ്ദസന്ദേശത്തിൽ പറയുന്നു.
'ഒരു വർഷത്തിനിടയ്ക്ക് കൊച്ചിനെ നാലോ അഞ്ചോ തവണ മാത്രമേ അയാൾ പുറത്ത് കൊണ്ടു പോയിട്ടുള്ളൂ. അതും നാട്ടുകാരെ ബോധിപ്പിക്കാൻ മാത്രം. പലപ്പോഴും അമ്പലത്തിലോ മറ്റോ ഒന്നു കൊണ്ടുപോയാലായി. എന്നാൽ അയാൾ അയാളുടെ സഹോദരിയോടും അവരുടെ കുട്ടിയോടുമൊപ്പം എപ്പോഴും യാത്ര ചെയ്ത് സന്തോഷത്തോടെ കഴിയുകയാണ്. അയാളുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ മറ്റുള്ളവരോട് പറയാൻ പറ്റാത്തവിധം വളരെ മോശമാണ്. ഇതൊക്കെ സഹിച്ചു ഞാനും മോളും ഇവിടെ ഉരുകിയുരുകി കഴിയുകയാണ്' ശബ്ദസന്ദേശത്തിൽ വിപഞ്ചിക പറയുന്നു.
പണത്തോട് ഇത്രക്ക് ആർത്തിയുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ല, എന്റെ കുടുംബം എന്നെ കഷ്ടപ്പെട്ട് കെട്ടിച്ചയച്ചിട്ട് ഒടുവിൽ വന്നുപെട്ടത് ഇങ്ങനെയൊരു ദുരിതത്തിൽ ആണ്.
അയാളുടെ സഹോദരിയും മാതാവും തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഈ കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവൻ ഇനി മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും യുവതി ശബ്ദസന്ദേശത്തിൽ പറയുന്നു.
ഭർത്താവ് നിതീഷ് കഴിഞ്ഞ ദിവസം വിവാഹ മോചനനോട്ടീസ് അയച്ചിരുന്നു. ഈ സംഭവം വിപഞ്ചികയെ മാനസികമായി തളർത്തി. കുടുംബം ഏർപ്പെടുത്തിയ കൊല്ലത്തുള്ള ഒരു അഭിഭാഷകനുമായി വിപഞ്ചിക സംസാരിച്ചിരുന്നു. എല്ലാത്തിനും പോംവഴി ഉണ്ടെന്നും പ്രശ്നങ്ങൾ പരിഹരിക്കാമെന്നും അഭിഭാഷകൻ വിപഞ്ചികയ്ക്ക് ഉറപ്പ് നൽകി. പക്ഷെ,ആ മറുപടിയിൽ യുവതിക്ക് തൃപ്തികരമായിരുന്നില്ല. തുടർന്ന് അന്ന് രാത്രിയിൽ തന്നെ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുക ആയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
