ദുബൈ : നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കാൻ 19 കോടി ദിർഹം ചെലവിട്ട് മരങ്ങളും ചെടികളും വെച്ച് പിടിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റി. നഗരത്തിന്റെ സൗന്ദര്യവത്കരണ പദ്ധതികളുടെ ഭാഗമായി വിവിധ ഇടങ്ങളിലായി 30 ലക്ഷം ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയിലാണ് ചെടികൾ നട്ടുപിടിപ്പിച്ചത്.
എമിറേറ്റിലെ പ്രധാന ഇന്റർസെക്‌ഷനുകൾ, റോഡുകൾ എന്നിവടങ്ങളിൽ പൂന്തോട്ടവും അധികൃതർ ഒരുക്കിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിലേറെ മരങ്ങളും തൈകളുമാണ് പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിച്ചത്. ഗ്രീൻ ദുബൈ എന്ന ആശയത്തിന്റെ ഭാഗമായി ആണ് ഈ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.
കോറിസിയ, വാഷിങ്ടോണിയ, റോയൽ പോയിൻസിയാന, ബൊഗൈൻവില്ല തുടങ്ങിയ അലങ്കാര ചെടികളും, സിദ്ർ, ഗാഫ്, വേപ്പ് തുടങ്ങിയ നാടൻ മരങ്ങളുമാണ് പ്രധാനമായും നട്ടുപിടിപ്പിച്ചത്. ചെടികൾക്ക് കൃത്യ സമയങ്ങളിൽ വെള്ളം നനക്കാനായി പ്രേത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭൂഗർഭ പമ്പുകളിൽ നിറച്ചിരികുന്ന ജലം പ്രേത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് റിമോട്ട് കൺട്രോൾ നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ഇതിലൂടെ ജലസേചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുകയും ചെടികൾക്കും,മരങ്ങൾക്കും ആവശ്യത്തിനുള്ള ജലം കൃത്യമായി എത്തിക്കുകയും ചെയ്യും.
പ്രാദേശിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിവിധ തരത്തിലുള്ള സസ്യ ഇനങ്ങളാണ് സൗന്ദര്യ വത്കരണത്തിനായി തിരഞ്ഞെടുത്തത് എന്നും ഇതിലൂടെ ദുബൈ നഗരത്തിന്റെ മുഖച്ഛായ മാറുമെന്നും മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഗാലിത പറഞ്ഞു.
പരമ്പരാഗത അറബ് വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അൽ ഖൈൽ റോഡിന്റെയും ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിന്റെയും ഇന്റർസെക്‌ഷനിൽ പ്രത്യേക ലൈറ്റുകൾ ഘടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates