ഞാനില്ലെങ്കില്‍ ട്രംപ് പ്രസിഡന്റ് ആകില്ലായിരുന്നു: മസ്‌ക്, ടെസ്‌ലയുടെ നികുതി ഇളവുകള്‍ പിന്‍വലിക്കുമെന്ന് ട്രംപ്; ഭിന്നത പൊട്ടിത്തെറിയിലേക്ക്

ലൈംഗിക പീഡനകേസില്‍ 2019-ല്‍ ഫെഡറല്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ധനകാര്യ വിദഗ്ദ്ധന്‍ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളില്‍ ട്രംപിന്റെ പേരുണ്ടെന്നാണ് മസ്‌കിന്റെ ഏറ്റവും വലിയ പുതിയ ആരോപണം
Trump threatens to nix Musk
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും (Trump) ടെസ്ല മേധാവി ഇലോണ്‍ മസ്‌കും File
Updated on
2 min read

വാഷിങ്ങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും (Trump ) ടെസ്ല മേധാവി ഇലോണ്‍ മസ്‌കും തമ്മിലുള്ള ബന്ധം നാടകീയമായ പൊട്ടിത്തെറിയിലേക്ക്. ഏറെ നാളായി പുകഞ്ഞിരുന്ന ഭിന്നത വ്യാഴാഴ്ച പൊട്ടിത്തെറിയിലെത്തി. മസ്‌കിന് നികുതി ഉളവുകള്‍ നല്‍കിയിരുന്ന സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണിയാണ് ഇതില്‍ പ്രധാനം. ട്രംപ് സര്‍ക്കാരിന്റെ പുതിയ നികുതി പരിഷ്‌കാര, ബജറ്റ് ബില്ലുകളോടുള്ള മസ്‌കിന്റെ എതിര്‍പ്പാണ് ഭിന്നത രൂക്ഷമാക്കിയത്.

ട്രംപ് ഭരണകൂട നയങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികരിച്ചിരുന്ന മസ്‌ക് വ്യാഴാഴ്ച ആക്രമണം ട്രംപിലേക്ക് തിരിക്കുയും ചെയ്തു. ലൈംഗിക പീഡനകേസില്‍ 2019-ല്‍ ഫെഡറല്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ധനകാര്യ വിദഗ്ദ്ധന്‍ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളില്‍ ട്രംപിന്റെ പേരുണ്ടെന്നാണ് മസ്‌കിന്റെ ഏറ്റവും വലിയ പുതിയ ആരോപണം. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവരാത്തത് ട്രംപിന്റെ പേരുള്ളതിനാല്‍ ആണെന്നും മസ്‌ക് കുറ്റപ്പെടുത്തി. എക്‌സ് പോസ്റ്റിലായിരുന്നു മസ്‌കിന്റെ പ്രതികരണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുകയായിരുന്ന യുഎസ് കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്‍ (65) യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഉള്‍പ്പെടെ നിരവധി ലോകനേതാക്കളുടെ സുഹൃത്തായിരുന്നു എപ്സ്റ്റീന്‍. പല രാഷ്ട്രീയക്കാര്‍ക്കും എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചും തിരിച്ചും അറിവുണ്ടായിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണം എന്ന സാമൂഹ്യമാധ്യമ പോസ്റ്റിന് താഴെ യെസ് എന്നും മസ്‌ക് കുറിച്ചു. മിസ്റ്റര്‍ ട്രംപിനെ ഇംപീച്ച് ചെയ്ത് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പകരം വയ്ക്കണമെന്ന് പറയുന്ന പോസ്റ്റിനാണ് മസ്‌ക് പിന്തുണ അറിയിച്ചത്. മസ്‌ക് നിലപാട് കടുപ്പിച്ചതോടെ ട്രംപും അതേ നാണയത്തില്‍ തിരിച്ചടിച്ചു. മസ്‌കിനെതിരെ നേരത്തെ നടപടി സ്വീകരിക്കേണ്ടതായിരുന്നു എന്നാണ് ട്രംപിന്റെ പുതിയ നിലപാട്. മസ്‌കിന് എതിരെ നടപടിയെടുക്കാന്‍ തനിക്ക് മടിയില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഓവല്‍ ഓഫീസില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് മസ്‌കിന്റെ വിമര്‍ശനത്തെക്കുറിച്ച് ട്രംപ് ആദ്യമായി പരസ്യമായി പ്രതികരിച്ചത്. 'മസ്‌കും ഞാനും തമ്മില്‍ മികച്ച ബന്ധമായിരുന്നു,' 'ഇനി ആ ബന്ധം തുടരുമോ എന്ന് അറിയില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. മസ്‌ക് ഇപ്പോള്‍ വിമര്‍ശിക്കുന്ന ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ തയ്യാറാക്കുമ്പോള്‍ മസ്‌ക് തനിക്കൊപ്പം ഉണ്ടായിരുന്നു. ഇലക്ട്രിക് വാഹന സബ്സിഡികള്‍ കൈകാര്യം ചെയ്യുന്ന വ്യവസ്ഥകള്‍ ഇല്ലാതാക്കുന്നതുവരെ നിയമനിര്‍മ്മാണത്തില്‍ അദ്ദേഹത്തിന് പ്രശ്നമുണ്ടായിരുന്നില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. മസ്‌കിന്റെ നടപടികളില്‍ വളരെ നിരാശനാണ്. ഞാന്‍ അദ്ദേഹത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. അദ്ദേഹം ഏറെ മാറിയിരിക്കുന്നു. ശത്രുത പുലര്‍ത്തുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ട്രംപിന്റെ പ്രതികരണത്തോട് എക്‌സില്‍ മറുപടി നല്‍കിയ മസ്‌ക് നികുതി പരിഷ്‌കരണ ബില്ലുമായി ബന്ധപ്പെട്ട ട്രംപിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. ബില്‍ തയ്യാറാക്കിയപ്പോള്‍ അതിലെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ലായിരുന്നു എന്നും അവകാശപ്പെട്ടു. 'ഈ ബില്‍ ഒരിക്കല്‍ പോലും എന്നെ കാണിച്ചില്ല, കോണ്‍ഗ്രസിലെ ആര്‍ക്കും വായിക്കാന്‍ പോലും കഴിയാത്തത്ര വേഗത്തില്‍ രാത്രിയില്‍ പാസാക്കി!' എന്നും ആരോപിച്ചു. താന്‍ ഇല്ലായിരുന്നു എങ്കില്‍ ട്രംപ് അധികാരത്തില്‍ എത്തില്ലായിരുന്നു എന്നും മസ്‌ക് അവകാശപ്പെട്ടു. ഇപ്പോഴത്തെ ട്രംപിന്റെ നടപടികള്‍ നന്ദികേടാണെന്ന സൂചനയാണ് മസ്‌ക് നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com