

ജറുസലേം: ഗാസയിലേക്കുള്ള യാത്രാമധ്യേ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിനെ(Greta Thunberg) ഇസ്രയേലില്‍ നിന്ന് നാട് കടത്തിയെന്ന് രാജ്യത്തിന്റെ വിദേശകാര്യമന്ത്രാലയം. ഫ്രാന്‍സിലേയ്ക്കുള്ള വിമാനത്തില്‍ തുര്‍ബെര്‍ഗ് യാത്ര തിരിക്കുകയും തുടര്‍ന്ന് സ്വന്തം നാടായ സ്വീഡനിലേയ്ക്ക് പോയതായും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.
ഗാസയിലേയ്ക്ക് സഹായവുമായി പോയ മാഡ്‌ലീന്‍ കപ്പിലിലെ 12 യാത്രക്കാരില്‍ ഒരാളായിരുന്നു തുന്ബെര്‍ഗ്. ഇസ്രയേലിന്റെ തുടര്‍ച്ചയായുള്ള യുദ്ധത്തില്‍ പ്രതിഷേധിക്കാനും പലസ്തീന്റെ പ്രതിസന്ധിക്ക് അറുതി വരുത്താനും ഉദ്ദേശിച്ചുള്ള യാത്രാണെന്നാണ് ഫ്രീഡം ഫ്‌ലോട്ടില്ല സഖ്യം പറയുന്നത്.
ഗാസയുടെ തീരത്ത് നിന്ന് 200 കിലോമീറ്റര്‍ അകലെവെച്ച് ഇസ്രയേല്‍ നാവിക സേന ബോട്ട് പിടിച്ചെടുക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. മാത്രമല്ല ഇസ്രയേലിന്റെ നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഗാസയിലെ ഇസ്രയേലി ഉപരോധത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സഖ്യമായ ഫ്രീഡം ഫ്‌ലോട്ടില്ല വ്യക്തമാക്കി.
എന്നാല്‍ ഇസ്രയേല്‍ നാവിക സേനയോടൊപ്പം ഈ കപ്പലും ഇസ്രയേലിലെ അഷ്‌ദോഡ് തുറമുഖത്ത് എത്തിയതായാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. രണ്ട് ആക്ടിവിസ്റ്റുകള്‍ക്കൊപ്പം ഒരു പത്രപ്രവര്‍ത്തകനേയും നാടുകടത്താന്‍ ഇസ്രയേല്‍ തീരുമാനിച്ചതായി അദാല(പലസ്തീനിലെ അറബ് വംശജര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന) വ്യക്തമാക്കി. എട്ട് ആക്ടിവിസ്റ്റുകളെ ഇസ്രയേല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവരുടെ കേസ് ഇസ്രയേല്‍ അധികൃതര്‍ പരിഗണിക്കാന്‍ തീരുമാനിച്ചുവെന്നും ജഡ്ജിയുടെ മുമ്പില്‍ ഹാജരാകാന്‍ കഴിയാത്തവരെ നാട് കടത്തുകയും ചെയ്യുമെന്നും അദാല ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത ഫ്രഞ്ച് ആക്ടിവിസ്റ്റുകളില്‍ ഒരാള്‍ ഇസ്രയേലില്‍ നിന്ന് ഫ്രാന്‍സിലേയ്ക്ക് പോരുന്നതിന് സമ്മതിച്ചുവെന്നും ഫ്രഞ്ച് വിദേശ കാര്യമന്ത്രി ജീന്‍-നോയല്‍ ബാരോട്ട് പറഞ്ഞു. കപ്പല്‍ പിടിച്ചെടുക്കാന്‍ ഇസ്രയേലിന് നിയമപരമായി യാതൊരു അവകാശവുമില്ലെന്നും സംഘടന വ്യക്തമാക്കി. ഇസ്രയേല്‍ അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates