

ടെല്‍ അവീവ്: ഗാസയിലേക്ക് അവശ്യവസ്തുക്കളുമായി യാത്ര തിരിച്ച പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൻബർഗ് (Greta Thunberg to Gaza ) ഉള്‍പ്പെടെ സഞ്ചരിച്ച കപ്പല്‍ തടഞ്ഞ് ഇസ്രയേല്‍. ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലി തുറമുഖത്തുനിന്ന് ഗാസ ലക്ഷ്യമാക്കി ജൂണ്‍ ഒന്നിന് പുറപ്പെട്ട മദ്‌ലീന്‍ എന്ന കപ്പലാണ് ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തത്. ഗ്രെറ്റ ഉള്‍പ്പെടെ 12 സന്നദ്ധപ്രവര്‍ത്തകരെ കപ്പലില്‍ തടഞ്ഞുവച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗാസയിലെ ഇസ്രായേലി ഉപരോധത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സഖ്യമായ ഫ്രീഡം ഫ്‌ലോട്ടില്ലയുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഗാസയിലേക്ക് തിരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ സഞ്ചരിച്ച കപ്പല്‍ അന്താരാഷ്ട്ര ജലപാതയില്‍ വച്ച് ഇസ്രയേല്‍ സൈന്യം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഗ്രെറ്റ തുൻബർഗിന് പുറമെ റിമ ഹസ്സന്‍, യാസെമിന്‍ അകാര്‍(ജര്‍മനി), ബാപ്റ്റിസ്റ്റെ ആന്‍ഡ്രെ (ഫ്രാന്‍സ്), തിയാഗോ അവില (ബ്രസീല്‍), ഒമര്‍ ഫൈയാദ് (ഫ്രാന്‍സ്), പാസ്‌കല്‍ മൗറീറാസ് (ഫ്രാന്‍സ്), യാനിസ് (ഫ്രാന്‍സ്), സുയൈബ് ഒര്‍ദു (തുര്‍ക്കി), സെര്‍ജിയോ ടൊറിബിയോ (സ്‌പെയിന്‍), മാര്‍ക്കോ വാന്‍ റെന്നിസ് (നെതര്‍ലന്‍ഡ്), റെവ വിയാഡ് (ഫ്രാന്‍സ്). ഇവര്‍ക്കൊപ്പം ഗെയിം ഓഫ് ത്രോണ്‍സ് താരവും അയര്‍ലന്‍ഡുകാരനുമായ ലിയാം കണ്ണിങ്ഹാം എന്നിവരാണ് പട്ടികയിലുള്ളത്.
കപ്പല്‍ ഗാസയില്‍ എത്താതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇസ്രയേല്‍ നേരത്തെ തന്നെ നടപടികള്‍ എടുത്തിരുന്നു. പലസ്തീന്‍ പ്രദേശത്തെ നാവിക ഉപരോധം മറികടക്കാന്‍ ഇസ്രയേല്‍ ആരെയും അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. കപ്പല്‍ തടയാന്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് ഡിഫന്‍സ് ഫോഴ്‌സിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഗ്രെറ്റയേയും മറ്റ് സന്നദ്ധപ്രവര്‍ത്തകരേയും തിരിച്ചയയ്ക്കുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates