
കാലിഫോര്‍ണിയ: ചാന്ദ്ര പര്യവേഷണങ്ങളില്‍ നിര്‍ണായക ചുവടുവയ്പ്പായി ബ്ലൂ ഗോസ്റ്റ് ദൗത്യം. ഫയര്‍ ഫ്‌ളൈ എയ്‌റോസ്‌പേസ് കമ്പനിയുടെ ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ചന്ദ്രനില്‍ സുരക്ഷിതമായ ലാന്‍ഡിങ്ങ് സമ്പൂര്‍ണ വിജയമാക്കുന്ന ആദ്യ സ്വകാര്യ കമ്പനി എന്ന നേട്ടം കൂടിയാണ് ഫയര്‍ ഫ്‌ളൈ എയ്‌റോസ്‌പേസ് ഇതിലൂടെ സ്വന്തമാക്കിയത്. നാസയുടെ പിന്തുണയോടെയാണ് ഫയര്‍ ഫ്‌ളൈ എയ്‌റോസ്‌പേസ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.
നാസയുടെ സഹായത്തോടെ ജനുവരി 15നാണ് ബ്ലൂ ഗോസ്റ്റ് ദൗത്യം ആരംഭിച്ചത്. ചന്ദ്രനില്‍ സ്വകാര്യമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാന്‍ഡര്‍ കൂടിയാണ് ബ്ലൂ ഗോസ്റ്റ്. ചന്ദ്രനുമായി ബന്ധപ്പെട്ട വാണിജ്യ പര്യവേഷത്തില്‍ ഒരു വലിയ നാഴികല്ലായി മറാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫയര്‍ ഫ്‌ളൈ പ്രതികരിച്ചു. ദൗത്യം വിജയകരമായെന്ന് അറിയിച്ചുകൊണ്ടുള്ള എക്‌സ് പോസ്റ്റിലാണ് ഫയര്‍ ഫ്‌ളൈയുടെ പ്രതികരണം. ബ്ലൂ ഗോസ്റ്റ് ദൗത്യം ചന്ദ്രനും ചൊവ്വയും കേന്ദ്രീകരിച്ചുള്ള ഭാവി പര്യവേഷണങ്ങളില്‍ നിര്‍ണായകമാകും എന്നും കമ്പനി അവകാശപ്പെട്ടു.
മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ലാന്‍ഡിങ് പൂര്‍ത്തിയാക്കയതിന് പിന്നാലെ ലാന്‍ഡര്‍ പകര്‍ത്തിയ ആദ്യ ചിത്രവും ഫയര്‍ ഫ്‌ളൈ എയ്‌റോസ്‌പേസ് പുറത്തുവിട്ടു. ഈ കാഴ്ച കാണൂ... എന്ന വിശേഷണത്തോടെയാണ് കമ്പനി ചിത്രം എക്‌സില്‍ പങ്കുവച്ചത്. മൂന്ന് വര്‍ഷത്തില്‍ അധികമായി തങ്ങള്‍ നടത്തിയ പ്രയത്‌നത്തിന്റെ ഫലം എന്നും ചിത്രം പങ്കുവച്ച് ഫയര്‍ ഫ്‌ളൈ എയ്‌റോസ്‌പേസ് പോസ്റ്റില്‍ കുറിച്ചു.
ചന്ദ്ര സമതലമായ മേര്‍ ക്രിസിയത്തിലാണ് ലാന്‍ഡര്‍ ഇറങ്ങിയത്. ചന്ദ്രനിലെത്തന്നെ ഏറ്റവും പരന്ന, പ്രധാനപ്പെട്ട പ്രതലങ്ങളിലൊന്നായ മേര്‍ ക്രിസിയത്തില്‍ ഇറങ്ങുന്നതിലൂടെ, കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താമെന്ന പ്രതീക്ഷയിലാണ് നാസ.
ബഹിരാകാശ പര്യവേക്ഷണത്തില്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ഉതകുന്ന പദ്ധതി കൂടിയാണ് ഫയര്‍ ഫ്‌ളൈ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചന്ദ്രന്റെ ഉള്‍ഭാഗങ്ങളിലെ താപപ്രവാഹങ്ങളെക്കുറിച്ചും ചന്ദ്രനിലെ താപപരിണാമത്തെ കുറിച്ചുമായിരിക്കും ലാന്‍ഡര്‍ പ്രധാനമായും പഠിക്കുക. ചന്ദ്രന്റെ കാന്തിക, വൈദ്യുത മണ്ഡലങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിലൂടെ, ഗവേഷകര്‍ക്ക് അവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍ ബ്ലൂ ഗോസ്റ്റ് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക