സ്വന്തം രാജ്യത്തേക്ക് ബോംബ് വര്‍ഷിച്ച് ദക്ഷിണ കൊറിയ; വീടുകള്‍ക്കും ആരാധനാലയത്തിനും കേടുപാട്,15 പേര്‍ക്ക് പരിക്ക്

സ്‌ഫോടനത്തില്‍ രണ്ടു കെട്ടിടങ്ങളും ആരാധനാലയത്തിന്റെ ഭാഗവും ട്രക്കും തകര്‍ന്നു
ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടം
ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടം എക്‌സ്
Updated on

സോള്‍: യുഎഎസ്- ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനിടെ സ്വന്തം രാജ്യത്തേക്ക് ബോംബുകള്‍ വര്‍ഷിച്ച് ദക്ഷിണ കൊറിയന്‍ യുദ്ധവിമാനങ്ങള്‍. പോച്ചിയോണില്‍ നടന്ന സൈനികാഭ്യാസത്തിനിടെ ആയിരുന്നു രണ്ട് ദക്ഷിണ കൊറിയന്‍ യുദ്ധവിമാനങ്ങള്‍ എട്ട് ബോംബുകള്‍ വര്‍ഷിച്ചത്. വീടുകള്‍ക്കും ആരാധനാലയത്തിനും മുകളിലാണ് ബോംബുകള്‍ പതിച്ചത്. സ്‌ഫോടനത്തില്‍ 15 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ 2 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് 2 കെഎഫ്16 യുദ്ധവിമാനങ്ങളില്‍നിന്നു 8 ബോംബുകള്‍ നിയുക്ത ഫയറിങ് റേഞ്ചിനു പുറത്തു, പോച്ചിയോണ്‍ നഗരത്തിലെ കെട്ടിടങ്ങള്‍ക്കു മുകളിലേക്കു പതിച്ചത്. സ്‌ഫോടനത്തില്‍ രണ്ടു കെട്ടിടങ്ങളും ആരാധനാലയത്തിന്റെ ഭാഗവും ട്രക്കും തകര്‍ന്നു. സിയോളില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ വടക്കുകിഴക്കായി, ഉത്തരകൊറിയ അതിര്‍ത്തിക്കടുത്താണ് പോച്ചിയോണ്‍.

രണ്ട് കെഎഫ്-16 ജെറ്റുകളില്‍ നിന്നുള്ള എട്ട് 500 പൗണ്ട് (225 കിലോഗ്രാം) എംകെ 82 ബോംബുകള്‍ സംയുക്ത ലൈവ്-ഫയര്‍ അഭ്യാസത്തിനിടെ ഷൂട്ടിങ് റേഞ്ചിന് പുറത്ത് വീണതായി ദക്ഷിണ കൊറിയന്‍ വ്യോമസേന അറിയിച്ചു.പൈലറ്റ് തെറ്റായ നിര്‍ദേശം നല്‍കിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്നും വ്യോമസേന അറിയിച്ചു.

എന്താണ് സംഭവിച്ചതെന്ന് വ്യക്തമായ ധാരണ ഉണ്ടാകുന്നതുവരെ ലൈവ്-ഫയര്‍ അഭ്യാസങ്ങള്‍ നിര്‍ത്തിവയ്ക്കുമെങ്കിലും, തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന ദക്ഷിണ കൊറിയയുടെയും യുഎസിന്റെയും പ്രധാന സംയുക്ത സൈനികാഭ്യാസങ്ങളെ ഇത് ബാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com