'ആദ്യം പുറത്തെടുത്തത് സമൂസ, പിന്നാലെ ഭഗവദ് ഗീതയും'; സുനിത വില്യംസിന്‍റെ പഴയ അഭിമുഖം വൈറല്‍

കല്‍പന ചൗളയ്ക്കു ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ് സുനിത
sunita williams
സുനിത വില്യംസ്, പേടകത്തിൽ നിന്നും പുറത്തിറങ്ങുന്നു എക്സ്/ പിടിഐ
Updated on

ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഒമ്പതു മാസത്തോളം നീണ്ട മൂന്നാം ബഹിരാകാശ യാത്രയും പൂര്‍ത്തിയാക്കി സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍, സുനിത വില്യംസ് നടത്തിയ പഴയ അഭിമുഖം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്‍ഡിടിവി ചാനലിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആദ്യം ബഹിരാകാശത്ത് പോയപ്പോഴുള്ള അനുഭവങ്ങളാണ് അഭിമുഖത്തില്‍ സുനിത വിവരിച്ചത്.

ബഹിരാകാശത്ത് എത്തിയപ്പോള്‍ ബാഗേജില്‍ നിന്നും ആദ്യം പുറത്തെടുത്തത് ഇന്ത്യന്‍ പലഹാരമായ സമൂസയാണ്. പിന്നാലെ സ്ലൊവേനിയന്‍ പതാകയും തുടര്‍ന്ന് ഭഗവദ് ഗീതയും പുറത്തെടുത്തു. 'എനിക്ക് സമൂസ വളരെ ഇഷ്ടമാണ്. യാത്രയില്‍ ചില പ്രത്യേക കാര്യങ്ങള്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു അതിലൊന്നാണ് സമൂസ. കുടുംബം ബാഗേജില്‍ സമൂസ വെച്ചു. അത് വളരെ സന്തോഷകരമായിരുന്നു' എന്നാണ് സമൂസ കരുതിയതിനെപ്പറ്റി സുനിത വില്യംസ് അഭിപ്രായപ്പെട്ടത്. 'മതപരമായ കാര്യങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നാണ്' ഭഗവദ് ഗീത കൊണ്ടുപോയതിനെപ്പറ്റി പറഞ്ഞത്.

കല്‍പന ചൗളയ്ക്കു ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ് സുനിത. സുനിത വില്യംസും ബുച്ച് വില്‍മോറും 286 ദിവസമാണ് ഇത്തവണ ബഹിരാകാശത്ത് കഴിഞ്ഞത്. 2024 ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും അമേരിക്കക്കാരന്‍ ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ഏഴിന് ബഹിരാകാശത്ത് എത്തി. 13ന് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും സ്റ്റാര്‍ലൈനറിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം തകിടം മറിച്ചു. 8 ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ടവര്‍ ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ മുകളില്‍ കുടുങ്ങിയത് ഒമ്പതുമാസത്തോളം.

ഇത്തവണ ബഹിരാകാശത്തിരുന്നായിരുന്നു സുനിത വില്യംസിന്റെ ക്രിസ്മസും പിറന്നാളാഘോഷവും. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്തെ ബൂത്തില്‍ സുനിത വില്യംസ് വോട്ടും ചെയ്തു. 2012 ലും സുനിതയുടെ പിറന്നാള്‍ ബഹിരാകാശത്തായിരുന്നു. ലണ്ടന്‍ ഒളിംപിക്‌സ് കണ്ടതും ബഹിരാകാശ നിലയത്തിലിരുന്നാണ്. സംഭവബഹുലമായിരുന്നു സുനിതയുടെ ബഹിരാകാശ ജീവിതം. ആദ്യമായി ബഹിരാകാശത്തു മാരത്തണും ട്രയാത്ലണും പൂര്‍ത്തിയാക്കി. സ്‌പേസ് സ്റ്റേഷനു പുറത്തിറങ്ങി 62 മണിക്കൂറും 6 മിനിറ്റും നടന്നു. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ നടന്ന വനിത എന്ന പെഗ്ഗി വിറ്റ്‌സന്റെ റെക്കോര്‍ഡ് ആണ് സുനിത തിരുത്തിയത്. 9 തവണ സ്‌പേസ് വാക്കും നടത്തി.

ഗുജറാത്തിലെ ജുലാസന്‍ ഗ്രാമത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഡോക്ടര്‍ ദീപക് പാണ്ഡ്യയുടെ മകളാണ് സുനിത. അമ്മ സ്ലൊവേനിയക്കാരി ഉര്‍സുലിന്‍ ബോണി സലോകര്‍. ബോണിയുടെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. 1957ലാണ് അമേരിക്കയില്‍ വെച്ച് ദീപകും ബോണിയും കണ്ടുമുട്ടുന്നത്. വൈകാതെ ഇരുവരും വിവാഹിതരായി. 1965 സെപ്റ്റംബര്‍ 19 ന് ഒഹായോവില്‍ വെച്ച് സുനിത വില്യംസ് ജനിച്ചു. മസാച്യുസെറ്റ്‌സിലെ പഠന കാലത്ത് മുങ്ങല്‍ വിദഗ്ധയാകാനാണ് സുനിത ആഗ്രഹിച്ചിരുന്നത്. മുതിര്‍ന്നപ്പോള്‍ യുഎസ് നേവല്‍ അക്കാദമിയില്‍ ചേര്‍ന്നു. ബേസിക് ഡൈവിങ് ഓഫീസറായി. ഇറാഖ്-കുവൈറ്റ് യുദ്ധകാലത്ത് ഹെലികോപ്റ്റര്‍ പൈലറ്റായും സുനിത ജോലി ചെയ്തു.

അങ്ങനെ ആഴക്കടലിന്റെ ഓളങ്ങളില്‍ നിന്നും ആകാശപ്പരപ്പിലേക്ക് കുതിപ്പ്. പിന്നീട് പറക്കലുകളുടെ കാലം. തുടര്‍ച്ചയായ പറക്കലുകളില്‍ ആകാശങ്ങളുടെ അതിരുകള്‍ സുനിതയെ മടുപ്പിച്ചു. ഇതോടെ നാവികസേന ഉപേക്ഷിച്ച് നാസയില്‍ ചേരുകയായിരുന്നു. 1998 ലാണ് സുനിതയെ ബഹിരാകാശ യാത്രികയായി നാസ അംഗീകരിച്ചത്. 2006 ഡിസംബര്‍ 9 ന് ഡിസ്‌കവര്‍ പേടകത്തില്‍ ആദ്യ ബഹിരാകാശ യാത്ര നടത്തി. 2007 ജൂണ്‍ 22 ന് തിരിച്ചെത്തി. 2012 ജൂലൈ 14 മുതല്‍ നവംബര്‍ 18 വരെ വീണ്ടും ബഹിരാകാശവാസം നടത്തി. അമേരിക്കയില്‍ സുനി എന്നറിയപ്പെടുന്ന സുനിത, അമ്മയുടെ നാടായ സ്ലൊവേനിയയില്‍ സോന്‍കയാണ്. മൈക്കിള്‍ ജെ വില്യംസ് ആണ് സുനിതയുടെ ഭര്‍ത്താവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com