
ജറുസലേം: അധിനിവിഷ്ട വെസ്റ്റ് ബാങ്ക് (West Bank) പ്രദേശത്ത് പതിറ്റാണ്ടിലെ ഏറ്റവും വിപുലമായ ജൂത കൂടിയേറ്റത്തിന് വഴിയൊരുക്കി ഇസ്രയേല്‍. മേഖലയില്‍ പുതിയ 22 ജൂത സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കുന്നതായി ഇസ്രയേല്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനോടകം തന്നെ നിരവധി ഇസ്രയേല്‍ പൗരന്‍മാര്‍ പുതിയ ഔട്ട് പോസ്റ്റുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത്തരം കുടിയേറ്റങ്ങള്‍ക്ക് നിയമ സാധുത നല്‍കുന്നു എന്നാണ് ഇപ്പോത്തെ റിപ്പോര്‍ട്ടുകള്‍. ജൂത സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സും ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചും സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേല്‍ - പലസ്തീന്‍ തര്‍ക്കങ്ങളുടെ കേന്ദ്ര ബിന്ദുവാണ് അധിവിഷ്ട വെസ്റ്റ് ബാങ്ക് പ്രദേശം. മേഖലയിലെ കൂടിയേറ്റ നീക്കം അന്താരാഷ്ട്ര നയങ്ങള്‍ പ്രകാരം നിയമ വിരുദ്ധമാണ്. എന്നാല്‍ ഇസ്രയേലിനെ അപകടത്തിലാക്കുന്ന വിധത്തില്‍ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് തടയുകയാണ് കുടിയേറ്റത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് പ്രതിരോധ മന്ത്രി കാറ്റ്‌സ് വ്യക്തമാക്കുന്നു. ഇസ്രയേല്‍ നടപടി അപകടകരമായ കടന്നുകയറ്റമാണെന്ന് പലസ്തീന്‍ അധികൃതര്‍ കുറ്റപ്പെടുത്തി. ഇസ്രയേല്‍ നടപടി അധിനിവേശം കൂടുതല്‍ ശക്തിപ്പെടുത്തുകയും വെസ്റ്റ് ബാങ്കിന്റെ സാഹചര്യങ്ങള്‍ മാറ്റുന്നതിന് ഉതകുന്നതുമാണെന്ന് പുതിയ കുടിയേറ്റ വിരുദ്ധ നിരീക്ഷണ സംഘടനയായ പീസ് നൗ കുറ്റപ്പെടുത്തുന്നു.
1967-ലെ പശ്ചിമേഷ്യന്‍ യുദ്ധത്തിന് ശേഷം അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പ്രദേശത്ത് ഇസ്രയേല്‍ 160 ഓളം ജൂത സെറ്റില്‍മെന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഏഴ് ലക്ഷത്തോളം ജൂതന്‍മാരാണ് ഇത്തരത്തില്‍ വെസ്റ്റ്ബാങ്ക് - കിഴക്കന്‍ ജറുസലേം പ്രദേശത്തേക്ക് കുടിയേറിയിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ