

ഗാസ സിറ്റി: ഗാസയിലെ പലസ്തീന്‍ പൗരന്‍മാരുടെ ജീവിതം ദുസ്സഹമാക്കി ഇസ്രയേല്‍ സൈനിക നടപടി തുടരുന്നു. വടക്കന്‍ ഗാസയിലെ (North Gaza) അവസാന ആശുപത്രിയും ഇസ്രയേല്‍ ഒഴിപ്പിച്ചതായി റിപ്പോര്‍ട്ട്. ജബാലിയയിലെ അല്‍-അവ്ദ ആശുപത്രിയില്‍ (al-Awda hospital in Jabalia) നിന്ന് രോഗികളെ ഒഴിപ്പിച്ചതായി ഡോക്ടര്‍മാരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രി ഉടന്‍ ഒഴിയണമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി.
ഇസ്രയേല്‍ ആക്രമണത്തില്‍ പാടെ തകര്‍ന്ന വടക്കന്‍ ഗാസയിലെ അവസാന ആശുപത്രിയും ഒഴിപ്പിച്ചതോടെ മേഖലയിലെ ആരോഗ്യ സേവനങ്ങള്‍ പൂര്‍ണമായും നിലച്ച അവസ്ഥയാണ്. ജബാലിയയിലെ അല്‍-അവ്ദ ആശുപത്രിയില്‍ നിന്നും ഒഴിപ്പിച്ച രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ ഗാസ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയിലേക്കാണ് മാറ്റിയത്. എന്നാല്‍ ഗതാഗത സംവിധാനങ്ങള്‍ തകര്‍ന്ന മേഖലയില്‍ നിന്നും ആശുപത്രിയിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ജീവനക്കാര്‍ രോഗികളെ 300 മീറ്ററിലധികം എടുത്തുകൊണ്ടുപോയാണ് ആംബുലന്‍സുകളിലേക്കെത്തിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വടക്കന്‍ ഗാസയില്‍ നിന്നും പലസ്തീന്‍ പൗരന്‍മാരെ നിര്‍ബന്ധിതമായി കുടിയിറക്കുന്ന ഇസ്രയേല്‍ നടപടിയുടെ ഭാഗമാണ് ആരോഗ്യ സംവിധാനങ്ങള്‍ പുര്‍ണമായും അടച്ചുപൂട്ടുന്നതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. പ്രദേശത്തെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് എതിരായ നടപടിയെ 'കുറ്റകൃത്യങ്ങളുടെയും തുടര്‍ച്ച' എന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചത്. അതേസമയം, ഗാസയില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 20 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ മധ്യ ഗാസയിലെ സഹായ വിതരണത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ 20 കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ, ഗാസയിലെ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇസ്രയേലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടെയാണ് മാക്രോണ്‍ പലസ്തീനിലെ മാനുഷിക പ്രതിസന്ധിയെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. 'ഇസ്രയേല്‍ നടപ്പാക്കുന്ന മാനുഷിക ഉപരോധം ഗാസയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്,' എന്നായിരുന്നു സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മാക്രോണ്‍ ചൂണ്ടിക്കാട്ടിയത്. ഇസ്രയേല്‍ നിലപാട് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും മാക്രോണ്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates