ടൊറോണ്ടോ: ഗ്ലോബൽ ടി20 ലീഗിലെ തന്റെ അരങ്ങേറ്റ പോരാട്ടത്തിൽ മുൻ ഇന്ത്യൻ താരം യുവരാജ് സിങിന് നിരാശ. ടൊറന്റോ നാഷണൽസിന്റെ നായകനായി കളത്തിലെത്തിയ യുവിക്ക് 14 റൺസുമായി മടങ്ങേണ്ടി വന്നു. മത്സരത്തിൽ വാൻകോവർ നൈറ്റ്സ് ടൊറന്റോയെ പരാജയപ്പെടുത്തി. എട്ട് വിക്കറ്റിനാണ് വാൻകോവർ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. 16 പന്തുകൾ ബാക്കി നിൽക്കെ വാൻകോവർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്താണ് വിജയം പിടിച്ചത്.
വിൻഡീസ് വെറ്ററൻ താരം ക്രിസ് ഗെയ്ലാണ് വാൻകോവറിനെ നയിച്ചത്. ഓപണറായി ഇറങ്ങിയ യൂനിവേഴ്സ് ബോസും നിരാശപ്പെടുത്തി. താരം 12 റൺസിന് പുറത്തായി. എന്നാൽ ചൗഡ്വിക് വാൾട്ടന്റെയും വാൻഡർ ഡുസ്സന്റയും അർധ സെഞ്ച്വറികളുടെ കരുത്തിൽ വാൻകോവർ വിജയം സ്വന്തമാക്കുകയായിരുന്നു. വാൾട്ടൻ 59ഉം ഡുസ്സൻ 65ഉം റൺസുമായി പുറത്താവാതെ നിന്നു. 35 പന്തിൽ നാല് വീതം സിക്സും ഫോറും സഹിതം 59 റൺസടിച്ച വാൾട്ടനാണ് കളിയിലെ താരം.
നേരത്തേ 41 റൺസ് വീതമെടുത്ത റോഡ്രിഗോ തോമസ്, ക്ലാസൻ എന്നിവരുടെ ബാറ്റിങും മധ്യനിരയിൽ 13 പന്തിൽ 30 വാരിയ കെയ്റോൺ പൊള്ളാർഡും ചേർന്നാണ് സ്കോർ 159ൽ എത്തിച്ചത്. ടൊറന്റോയ്ക്കായി കളത്തിലെത്തിയ മുൻ ന്യൂസിലൻഡ് നായകൻ ബ്രണ്ടൻ മെക്കല്ലവും ക്ഷണത്തിൽ മടങ്ങി. താരം നാല് റൺസ് മാത്രമാണ് എടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates