അബുദാബി: ടി20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓസ്‌ട്രേലിയയ്ക്ക് 119 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 118 റൺസാണ് കണ്ടെത്തിയത്. ടോസ് നേടി ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു.
മികച്ച ബൗളിങുമായി ഓസീസ് ബൗളർമാർ കരുത്തു കാട്ടിയത് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർക്ക് വിനയായി. എയ്ഡൻ മാർക്രം മാത്രമാണ് പിടിച്ചു നിന്ന ഏക ബാറ്റ്സ്മാൻ. താരം 36 പന്തിൽ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 40 റൺസെടുത്തു.
പഴുതില്ലാതെ ബൗളിങ്
ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ടെമ്പ ബവുമയെ (12) നഷ്ടമായി. പിന്നാലെ മൂന്നാം ഓവറിൽ റാസ്സി വാൻഡെർ ഡുസനും (2) മടങ്ങി. ഹെയ്‌സൽവുഡെറിഞ്ഞ അഞ്ചാം ഓവറിൽ മോശം ഷോട്ടിന് ശ്രമിച്ച ക്വിന്റൺ ഡിക്കോക്കിന്റെ ബാറ്റിൽ തട്ടി പന്ത് വിക്കറ്റിലേക്ക് വീണതോടെ ദക്ഷിണാഫ്രിക്കയുടെ തകർച്ചയും തുടങ്ങി. പുറത്താകുമ്പോൾ ഏഴ് റൺസായിരുന്നു ഡിക്കോക്കിന്റെ സമ്പാദ്യം.
എട്ടാം ഓവറിൽ ഹെയ്ന്റിച്ച് ക്ലാസെനെ (13) പുറത്താക്കി പാറ്റ് കമ്മിൻസ് ദക്ഷിണാഫ്രിക്കയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. പിന്നാലെ 14-ാം ഓവറിൽ ആദം സാംപയെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിനിടെ ഡേവിഡ് മില്ലർ (16) വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ മാർക്രം മാത്രമായി. എന്നാൽ 18-ാം ഓവറിൽ മിച്ചൽ സ്റ്റാർക്ക് മാർക്രമിനെ മാക്‌സ്‌വെല്ലിന്റെ കൈയിലെത്തിച്ചതോടെ അവരുടെ പ്രതീക്ഷകളും അവസാനിച്ചു.
ഡ്വെയ്ൻ പ്രെറ്റോറിയസ് (1), കേശവ് മാഹാരാജ് (0), ആന്റിച്ച് നോർക്യ (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഓസീസിനായി ഹെയ്‌സൽവുഡും ആദം സാംപയും മിച്ചൽ സ്റ്റാർക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates