

വർത്തമാന കാലത്തെ ടെസ്റ്റ് ക്രിക്കറ്റ് 5 ദിവസമാണ് നടക്കാറുള്ളത്. അപൂർവം ചില പോരാട്ടങ്ങൾ 5 ദിവസം പോലും എടുക്കാറുമില്ല. മൂന്നോ നാലോ ദിവസം കൊണ്ടും മത്സരം അവസാനിക്കാറുണ്ട്. 5 ദിവസം എന്നത് 4 ദിവസമാക്കുന്നതിനെക്കുറിച്ച് ഐസിസി ഇപ്പോഴും കാര്യമായ ചർച്ചകളും നടത്തുന്നുണ്ട്. അങ്ങനെയുള്ളപ്പോൾ 10 ദിവസം ഒരു ടെസ്റ്റ് മത്സരം നടക്കുക എന്നു പറഞ്ഞാൽ ചിന്തിക്കാൻ പോലും പ്രായസമായ കാര്യമാണ്.
എന്നാൽ ചരിത്രത്തിൽ അങ്ങനെയൊരു മത്സരം അരങ്ങേറിയിട്ടുണ്ട്. 1939ൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് സമയപരിധിയില്ലാത്ത ഒരു ടെസ്റ്റ് മത്സരം കളിച്ചത്. 43 മണിക്കൂറും 16 മിനിറ്റും നീണ്ടു നിന്ന പോരാട്ടം. മത്സരത്തിൽ ആകെ പിറന്നത് 1981 റൺസ്. 10 ദിവസം കളിച്ചിട്ടും ഈ മത്സരത്തിൽ ഒരു ടീമിനും വിജയം സ്വന്തമാക്കാൻ സാധിച്ചതുമില്ല!
ക്ഷമയുടേയും പ്രതിരോധത്തിന്റേയും കളിയാണ് ടെസ്റ്റ് ക്രിക്കറ്റ്. ഇന്ന് അഞ്ച് ദിവസത്തെ മത്സരം കളിയുടെ അന്തിമ പരീക്ഷണമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഒരു വിജയിയെ കണ്ടെത്തുന്നതു വരെ കളി തുടരുന്ന രീതി മുൻപ് ക്രിക്കറ്റിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ഉദാഹരണം കൂടിയാണ് 1939ൽ അരങ്ങേറിയ ഈ പോരാട്ടം. പക്ഷേ ഈ മത്സരത്തിൽ ആരും ജയിച്ചില്ലെന്നു മാത്രം. 1939 മാർച്ചിൽ അരങ്ങേറിയ ഈ മത്സരം ടൈംലെസ് ടെസ്റ്റ് എന്നറിയപ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പുരുഷ ക്രിക്കറ്റിലെ പോരാട്ടം എന്ന് ഗിന്നസ് ലോക റെക്കോർഡും ഈ മത്സരത്തിനാണ് ഇപ്പോഴുമുള്ളത്.
ഇംഗ്ലണ്ട് ടീം ടെസ്റ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയ കാലത്താണ് മത്സരം അരങ്ങേറിയത്. പരമ്പരയിലെ ആദ്യ പോരാട്ടം ജയിച്ച് ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലുമായിരുന്നു. തുടർന്നാണ് അവസാന മത്സരം ഒരു വിജയിയെ കണ്ടെത്തുന്നതു വരെ സമയപരിധിയില്ലാതെ കളിക്കാൻ തീരുമാനിച്ചത്. 1939 മാർച്ച് മൂന്നിന് തുടങ്ങിയ പോരിൽ ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ബൗളർമാർക്ക് കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്ന പിച്ചിൽ ദക്ഷിണാഫ്രിക്ക ഏതാണ്ട് 3 ദിവസത്തോളം ബാറ്റ് ചെയ്ത് 530 റൺസ് എടുത്തു. പീറ്റർ വാൻ ഡെർ ബിജ്ൽ 125 റൺസും ഡഡ്ലി നൂർസ് 103 റൺസും നേടി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് അവസാനിക്കാൻ മാത്രം 13 മണിക്കൂർ വേണ്ടിവന്നു.
മറുപടി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 316 റൺസിൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 214 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡും കിട്ടി.
ഇംഗ്ലണ്ടിനെ ഫോളോ ഓൺ ചെയ്യിക്കാൻ അവസരമുണ്ടായിരുന്നിട്ടും ദക്ഷിണാഫ്രിക്ക വീണ്ടും ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ക്യാപ്റ്റൻ അലൻ മെൽവില്ലിന്റെ നേതൃത്വത്തിൽ അവർ രണ്ടാം ഇന്നിങ്സിൽ 481 റൺസ് കൂട്ടിച്ചേർത്തു. ഇതോടെ ഇംഗ്ലണ്ടിനു ജയിക്കാൻ 696 റൺസ് കൂറ്റൻ ലക്ഷ്യം മുന്നിലെത്തി. മാർച്ച് ഒൻപതിനാണ് ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ഇന്നിങ്സ് ആരംഭിച്ചത്. സമയപരിധിയില്ലാത്തതിനാൽ തന്നെ അവർക്ക് തിടുക്കം കൂട്ടേണ്ട ആവശ്യമില്ലായിരുന്നു. പതുക്കെ അസാധ്യമെന്നു കരുതിയ ലക്ഷ്യത്തിലേക്ക് അവർ യാത്ര തുടങ്ങി.
ഇംഗ്ലണ്ടിനായി ബിൽ എഡ്രിച് 219 റൺസിന്റെ മഹത്തായ ഇന്നിങ്സ് കളിച്ചു. ജെറി ഗിബ് 120 റൺസും ക്യാപ്റ്റൻ വാലി ഹാമൻഡ് 140 റൺസും നേടി. ഇംഗ്ലണ്ട് ബാറ്റിങ് തുടർന്ന് സ്കോർ ഉയർത്തി. ഒടുവിൽ അവർ 5 വിക്കറ്റ് നഷ്ടത്തിൽ 654 റൺസ് വരെ എത്തി. ജയത്തിലേക്ക് അവർക്ക് 42 റൺസ് മാത്രമായിരുന്നു ആവശ്യം. 10 ദിവസത്തെ കഠിനാധ്വാനത്തിനു ശേഷം ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചെയ്സിങിന്റെ തൊട്ടരികിലായിരുന്നു അവർ. അപ്പോഴാണ് മഴ കളി തടസപ്പെടുത്തിയത്. മത്സരത്തിലുടനീളം മഴ പല തവണ കളി തടസപ്പെടുത്തിയിരുന്നെങ്കിലും കളി നിർത്തിയിരുന്നില്ല.
ജയത്തിലേക്ക് 42 റൺസ് മതിയെന്നിരിക്കെ പക്ഷേ പിന്നീട് മത്സരം തുടർന്നില്ല. കാരണം മഴയായിരുന്നില്ല. ഇംഗ്ലണ്ട് ടീമിന്റെ മടക്ക യാത്ര മുൻകൂട്ടി നിശ്ചയിച്ചിരുന്നതാണ്. ടീം ഡർബനിൽ നിന്നു കേപ് ടൗണിലേക്ക് ട്രെയിൻ മാർഗവും അവിടെ നിന്നു മാർച്ച് 17ന് ബ്രിട്ടനിലേക്ക് അത്‍ലോൺ കാസിൽ എന്ന കപ്പലിലുമാണ് യാത്ര തീരുമാനിച്ചത്. പോരാട്ടത്തിനു സമയപരിധി ഇല്ലായിരുന്നെങ്കിലും ഇംഗ്ലണ്ടിന്റെ യാത്രയ്ക്ക് സമയ പരിധികളുണ്ടായിരുന്നു. അതിനാൽ ഇരു ക്യാപ്റ്റൻമാരും കളി അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇംഗ്ലണ്ടിന്റെ പോരാട്ടം 5 വിക്കറ്റ് നഷ്ടത്തിൽ 654 റൺസിൽ അവസാനിക്കുകയും ചെയ്തു. മത്സരം സമനിലയിൽ പിരിഞ്ഞതായി ഒടുവിൽ പ്രഖ്യാപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates