

ജൊഹന്നാസ്ബര്‍ഗ്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ, അവരെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട പന്ത് ചുരണ്ടല്‍ വിവാദം (സാന്‍ഡ്‌പേപ്പര്‍ഗേറ്റ്) ക്രിക്കറ്റ് ലോകത്ത് ചൂടന്‍ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കുമാണ് വീണ്ടും വഴി മരുന്നിട്ടത്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കുകയാണ് ഇതിഹാസ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ എബി ഡിവില്ല്യേഴ്‌സ്. ഓസ്‌ട്രേലിയന്‍ ടീമിനു മൊത്തം അറിയാവുന്ന കാര്യങ്ങളാണ് ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറിയതെന്നു ഡിവില്ല്യേഴ്‌സ് തന്റെ യുട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. പരമ്പരയിലൂടനീളം ഓസീസ് ഇത്തരം കള്ളത്തരങ്ങള്‍ കാണിച്ചിട്ടുണ്ടെന്നും എബിഡി വ്യക്തമാക്കി.
2018ലെ ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്ക പര്യടനത്തിലാണ് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ വിവാദം അരങ്ങേറിയത്. സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്തില്‍ കൃത്രിമത്വം വരുത്തി മത്സരം ജയിക്കാനുള്ള ഓസീസ് തന്ത്രം കാമറകളില്‍ കുടുങ്ങിയതോടെ പിടിക്കപ്പെടുകയായിരുന്നു. ഈ പരമ്പരയില്‍ കളിച്ച താരം കൂടിയാണ് ഡിവില്ല്യേഴ്‌സ്. വിവാദമായ മത്സരത്തില്‍ രണ്ടിന്നിങ്‌സിലും അര്‍ധ സെഞ്ച്വറികള്‍ നേടാനും (64, 63) ഡിവില്ല്യേഴ്‌സിനു സാധിച്ചിരുന്നു.
'കേപ് ടൗണില്‍ നടന്ന അവസാന ടെസ്റ്റിലാണ് ഈ കൃത്രിമത്വം പിടിക്കപ്പെട്ടത്. പോര്‍ട്ട് എലിസബത്തില്‍ അരങ്ങേറിയ രണ്ടാം ടെസ്റ്റിലും ഇതു നടന്നു എന്നു എല്ലാവരും സമ്മതിക്കുന്ന മട്ടാണ് ഇപ്പോള്‍. എന്നാല്‍ ഞാന്‍ പറയുന്നത് ഒന്നാം ടെസ്റ്റ് നടന്ന ഡര്‍ബനിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എനിക്ക് അക്കാര്യം ഉറപ്പായി പറയാന്‍ പറ്റും. സംശയമുണ്ടെങ്കില്‍ അന്നത്തെ മത്സരത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും. ഇക്കാര്യത്തില്‍ എനിക്കൊരു സംശയവും ഇല്ല.'
'സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ചോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഉപയോഗിച്ചോ എന്നതല്ല പ്രധാന വിഷയം. മാത്രമല്ല ഇത് ടീമിലെ ആര്‍ക്കൊക്കെ അറിയാമായിരുന്നു എന്നതുമല്ല ചര്‍ച്ച ചെയ്യേണ്ടത്. അങ്ങനെ ചുരുക്കരുത്. യഥാര്‍ഥ പ്രശ്‌നത്തെ വഴിതിരിച്ചുവിടുകയാണ് എല്ലാവരും.'
'ഇവിടെ ഇതൊന്നുമല്ല പ്രശ്‌നം. വഞ്ചന കാണിച്ച് മത്സരം ജയിക്കാമെന്നു ടീം ഒന്നടങ്കം തീരുമാനിക്കുന്നു. ചതിക്കാന്‍ പോകുകയാണെന്നു ടീമിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു എന്നതും എന്തുകൊണ്ടു എല്ലാവരും വിട്ടുകളയുന്നു. അതല്ലേ ചര്‍ച്ച ചെയ്യേണ്ടത്. അല്ലാതെ എന്ത് വസ്തുവാണ് ഉപയോഗിച്ചത് എന്നതൊക്കെ സംബന്ധിച്ച് ഇത്ര ആശങ്ക എന്തിനാണ്. മൈതാനത്ത് നിയമം ലംഘിച്ച് തട്ടിപ്പ് നടത്താന്‍ മുന്‍കൂട്ടി തീരുമാനിച്ചു എന്ന കാര്യത്തിലും എനിക്ക് സംശയം ഇല്ല. ടീമിലെ ഓരോ വ്യക്തിക്കും അത് അറിയാമായിരുന്നു എന്നതാണ് ഇക്കാര്യത്തിലെ പരമമായ സത്യം'- ഡിവില്ല്യേഴ്‌സ് വ്യക്തമാക്കി.
മുന്‍ ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ തന്റെ ആത്മകഥയിലൂടെയാണ് 8 വര്‍ഷം മുന്‍പ് അരങ്ങേറിയ വിവാദം വീണ്ടും ഓര്‍ത്തെടുത്തത്. വിഷയത്തില്‍ ശിക്ഷിക്കപ്പെട്ടത് അന്നത്തെ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ മാത്രമാണ്. എന്നാല്‍ ഇവര്‍ മാത്രമല്ല കുറ്റക്കാര്‍ എന്നാണ് ഖവാജ തന്റെ പുസ്തകത്തില്‍ സമര്‍ഥിക്കാന്‍ നോക്കിയത്. സംഭവം വീണ്ടും ചര്‍ച്ചയായതോടെ ഖവാജയെ പിന്തുണച്ച് വാര്‍ണര്‍ രംഗത്തെത്തി.
പിന്നാലെ ബാന്‍ക്രോഫ്റ്റും കാര്യങ്ങള്‍ തുറന്നു പറയാന്‍ സന്നദ്ധത കാണിച്ചു. രണ്ടാം ടെസ്റ്റ് അരങ്ങേറിയ പോര്‍ട്ട് എലിസബത്തിലും ഇത്തരത്തില്‍ പന്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചിരുന്നുവെന്നും എല്ലാ ബൗളര്‍മാര്‍ക്കും ഇക്കാര്യം അറിയാമായിരുന്നു എന്നുമാണ് ബാന്‍ക്രോഫ്റ്റ് പറഞ്ഞത്. അതേസമയം അന്ന് ടീമിന്റെ പ്രധാന പേസര്‍മാരില്‍ ഒരാളും ഇന്ന് ഓസീസ് ക്യാപ്റ്റനുമായ പാറ്റ് കമ്മിന്‍സ് തനിക്കൊന്നും അറിയില്ലെന്നു പറഞ്ഞതോടെ അദ്ദേഹത്തിനെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്ന സ്ഥിതിയാണ്. കമ്മിന്‍സ് കള്ളം പറയുകയാണെന്നു മുന്‍ താരങ്ങളടക്കം അദ്ദേഹത്തെ കുറ്റപ്പെടുത്തി രംഗത്തെത്തി. അതോടെ വിവാദം മറ്റൊരു തലത്തില്‍ എത്തി നില്‍ക്കുകയാണിപ്പോള്‍. അതിനിടെയാണ് ഡിവില്ല്യേഴ്‌സിന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates