ടെസ്റ്റ് ടീമിൽ 961 ദിവസം! അരങ്ങേറ്റം അകലെ; അഭിമന്യു ഈശ്വരന്റെ 'നിർഭാഗ്യം'
ഓവല്‍: അഭിമന്യു ഈശ്വരനെ പോലെ നിര്‍ഭാഗ്യവാനായ ഒരു താരമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും ഉത്തരം. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടും ഒറ്റ കളിയിലും പ്ലെയിങ് ഇലവനില്‍ സ്ഥാനം നേടാനാകാതെ മറ്റൊരു പരമ്പര കൂടി. 961 ദിവസം ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിട്ടും താരത്തിനു ഇന്നു വരെ ടെസ്റ്റില്‍ അരങ്ങേറാനുള്ള ഭാഗ്യം ലഭിച്ചില്ല.
കരുതല്‍ ഓപ്പണറായാണ് താരത്തിനു ടീമില്‍ ഇടംകിട്ടിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ യശസ്വി ജയ്‌സ്വാള്‍- കെഎല്‍ രാഹുല്‍ ഓപ്പണിങ് സഖ്യം ക്ലച്ച് പിടിച്ചതോടെയാണ് താരത്തിനു തുടര്‍ച്ചയായി അവസരം നിഷേധിക്കപ്പെട്ടത്.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായുള്ള ഓസ്‌ട്രേലിയന്‍ പര്യടനത്തിലും നേരത്തെ അഭിമന്യു ഈശ്വരന്‍ അംഗമായിരുന്നു. അന്നും അഞ്ച് മത്സരങ്ങളിലും താരം ബഞ്ചിലിരുന്നു. അഭിമന്യു ഈശ്വരനു ശേഷം ടീമിലെത്തിയ 15 താരങ്ങള്‍ അതിനിടെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു.
കെഎസ് ഭരത്, സൂര്യകുമാര്‍ യാദവ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ, രജത് പടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍, ആകാശ് ദീപ്, ദേവ്ദത്ത് പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, സായ് സുദര്‍ശന്‍, അന്‍ഷുല്‍ കാംബോജ് എന്നിവരാണ് അഭിമന്യു ഈശ്വരനു ശേഷം ടീമിലെത്തി ടെസ്റ്റില്‍ അരങ്ങേറിയവര്‍. ഇവരെല്ലാം ഇന്ത്യന്‍ ടെസ്റ്റ് ക്യാപ് അണിയുന്നത് കണ്ടിരിക്കാന്‍ മാത്രമാണ് താരത്തിനു യോഗം.
രോഹിത് ശര്‍മ ടെസ്റ്റ് ക്യാപ്റ്റനായിരിക്കുമ്പോഴാണ് ആദ്യമായി അഭിമന്യു ഈശ്വരന്‍ ടീമില്‍ ഇടം പിടിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ ടീം അടിമുടി മാറി. ക്യാപ്റ്റനും കോച്ചും മാറി. പക്ഷേ അഭിമന്യുവിന്റെ നിര്‍ഭാഗ്യം മാത്രം മാറിയില്ല.
Abhimanyu Easwaran's wait for his Test debut extends beyond 961 days, despite multiple call-ups and team tours. While 15 other players have debuted since his initial selection, Easwaran remains a reserve, witnessing leadership changes and younger players being preferred.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

