

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ എത്തിയ അർജന്റീന ഇതിഹാസം ലയണൽ മെസിയ്ക്കൊപ്പം സെൽഫിയെടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിനു രൂക്ഷ വിമർശനം. ഗോട്ട് ടൂറിന്റെ ഭാഗമായി വാംഖഡെ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അമൃത മെസിയ്ക്കൊപ്പം സെൽഫിയെടുത്തത്. ച്യൂയിങ് ഗം ചവച്ചു കൊണ്ടാണ് അമൃത ഗ്രൗണ്ടിലെത്തിയത്. ഇതിഹാസ താരത്തിനോടു ബഹുമാനമില്ലാത്ത പെരുമാറ്റമാണ് അമൃതയുടെ ഭാഗത്തു നിന്നുണ്ടായത് എന്നാണ് വിമർശനം.
മെസി, റോഡ്രിഗോ ഡി പോൾ, ലൂയീസ് സുവാരസ് എന്നിവർക്കൊപ്പവും അമൃത സെൽഫിയെടുത്തിരുന്നു. മെസിക്കൊപ്പം ഗ്രൗണ്ടിൽ നിൽക്കാനും ഇങ്ങനെ പെരുമാറാനും അമൃതയ്ക്ക് എന്തു യോഗ്യതയാണ് ഉള്ളതെന്നു ഒരു വിഭാഗം ആരാധകർ ചോദിക്കുന്നു.
ച്യൂയിങ് ഗം ചവച്ച് ഇതിഹാസ താരത്തിനടക്കം ഇറിറ്റേഷനുണ്ടാക്കുന്ന നടപടികളാണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്. പരിഹാസ്യമായ പെരുമാറ്റമാണ് അവരുടെ ഭാഗത്തു നിന്നുണ്ടായതെന്നും ആരാധകർ ചൂണ്ടിക്കാട്ടി. ഒന്നിൽക്കൂടുതൽ തവണ അവർ മെസിയ്ക്കൊപ്പം സെൽഫിയെടുത്തതും ആരാധകർ ട്രോളുന്നുണ്ട്.
മെസിക്കൊപ്പം സെൽഫി എടുക്കുന്നതിനായി ഡി പോളിനെ അമൃത മാറ്റി നിർത്തിയതായും ആരോപണമുണ്ട്. മെസിയ്ക്കൊപ്പമുള്ള സെൽഫി അമൃത ഫഡ്നാവിസ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. ഇതിനും ആരാധകരുടെ പരിഹാസ കമന്റുകളുണ്ട്.
കൊൽക്കത്തയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മെസി സ്റ്റേഡിയത്തിലെത്തി ഏറെ നേരം കഴിഞ്ഞാണ് മറ്റു വിഐപികൾ സ്റ്റേഡിയത്തിലേക്ക് ഇറങ്ങിയത്. മെസി, ഡി പോൾ, സുവാരസ് എന്നിവർ സ്റ്റേഡിയത്തിൽ ആരാധകരെ അഭിവാദ്യം ചെയ്തപ്പോൾ ദേവേന്ദ്ര ഫഡ്നാവിസും സച്ചിൻ ടെണ്ടുൽക്കറും പ്രത്യേകം തയാറാക്കിയ വേദിയിൽ തുടരുകയായിരുന്നു.
കൗമാര താരങ്ങൾക്കൊപ്പം മെസി പന്തു തട്ടിയതിനു ശേഷമാണ് ബോളിവുഡ് താരങ്ങളടക്കം ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. മെസിയടക്കമുള്ള താരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബോളിവുഡ് താരങ്ങളായ അജയ് ദേവ് ഗൺ, ടൈഗർ ഷെറോഫ് എന്നിവരെ സ്റ്റേജിൽ കയറ്റി ആദരിച്ചതും വലിയ പരിഹാസത്തിനാണ് ഇടയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates