ബ്യൂണസ് അയേഴ്‌സ്: ഇതിഹാസ ഫുട്ബോള്‍ താരം ഡീഗോ മറഡോണയ്ക്ക് ആദരവുമായി അര്‍ജന്റീന ഫുട്‌ബോള്‍ ടീം. ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന് ഇറങ്ങും മുന്‍പ് ടീം അംഗങ്ങള്‍ ചേര്‍ന്ന് മറഡോണയുടെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്തു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത മഡ്രെ ഡി സിയുഡെഡ്‌സ് സ്റ്റേഡിയത്തിന് മുന്നിലാണ് ഇതിഹാസ താരത്തിന്റെ സ്മരണയ്ക്കായി പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിച്ചത്. ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങള്‍ മത്സരത്തിന് മുന്‍പാണ് പ്രതിമ അനാച്ഛാദനം ചെയ്ത് ആദരം അര്‍പ്പിച്ചത്.
രണ്ട് കൈകളും ഇടുപ്പില്‍ വച്ച് കാലിന് സമീപം ഫുട്‌ബോളുമായി നില്‍ക്കുന്ന രീതിയിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തിന് തൊട്ടരികിലാണ് സ്മാരകം.
2020 നവംബര്‍ 25നാണ് മറഡോണ അപ്രതീക്ഷിതമായി ലോകത്തോട് വിട പറഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണമായി പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ നിഷേധാത്മക സമീപനത്തെ തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ടതാണ് ഇതിഹാസ താരത്തിന്റെ മരണത്തിന് ഇടയാക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
1986ല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് സമ്മാനിച്ച മറഡോണ ദേശീയ ടീമിനെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ഒരു വികാരമായി തന്നെ വളര്‍ത്തുന്നതില്‍ നിര്‍ണായക സാന്നിധ്യമായി നിന്നു. ബൊക്ക ജൂനിയേഴ്‌സ്, നാപോളി, ബാഴ്‌സലോണ ടീമുകളേയും തന്റെ മാന്ത്രിക സാന്നിധ്യത്താല്‍ ഉയരങ്ങളില്‍ എത്തിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates