

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുമ്പോള്‍ ചരിത്ര നേട്ടത്തിന്റെ വക്കിലാണ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. അന്താരാഷ്ട്ര ടി20യില്‍ 150 വിക്കറ്റുകളെന്ന നാഴികക്കല്ലിന് അരികിലാണ് ഇന്ത്യന്‍ പേസര്‍. അന്താരാഷ്ട്ര ടി20യില്‍ 150 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഒരിക്കലും മായാത്ത ചരിത്ര നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. ക്രൈസ്റ്റ് ചര്‍ച്ചിലാണ് ആദ്യ ടി20 പോരാട്ടം അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം.
പരമ്പരയില്‍ 5 മത്സരങ്ങളുണ്ട്. 5 വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ താരം 150 വിക്കറ്റുകളെന്ന നേട്ടത്തിലെത്തും. നിലവില്‍ 145 വിക്കറ്റുകള്‍ അര്‍ഷ്ദീപിന്റെ പേരിലുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടി20യില്‍ തോളിനു പരിക്കേറ്റ് താരം കളിക്കാനിറങ്ങിയിരുന്നില്ല. പരിക്കിന്റെ പ്രശ്‌നങ്ങള്‍ തീര്‍ത്താണ് അര്‍ഷ്ദീപ് ഇന്നത്തെ ആദ്യ പോരിനൊരുങ്ങുന്നത്.
ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ താരം നിലവില്‍ അര്‍ഷ്ദീപ് സിങാണ്. 99 മത്സരങ്ങളില്‍ നിന്നാണ് അര്‍ഷ്ദീപിന്റെ 145 വിക്കറ്റുകള്‍. ഇന്ന് പ്ലെയിങ് ഇലവനില്‍ എത്തിയാല്‍ താരത്തിന്റെ ഇന്ത്യന്‍ ജേഴ്‌സിയിലെ 100ാം ടി20 പോരാട്ടമായും ഇത് മാറും.
2022ലാണ് അര്‍ഷ്ദീപ് ഇന്ത്യക്കായി അരങ്ങേറിയത്. പിന്നീട് ഇന്ത്യയുടെ ടി20 ഫോര്‍മാറ്റിലെ സ്ഥിരം സാന്നിധ്യമാണ് പഞ്ചാബ് കിങ്‌സ് താരം. 2 തവണ നാല് വിക്കറ്റ് നേട്ടവും ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും താരം അന്താരാഷ്ട്ര ടി20യില്‍ സ്വന്തമാക്കിയിട്ടുണ്ട്. 51 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്തതാണ് മികച്ച നേട്ടം.
നേട്ടം സ്വന്തമാക്കിയാല്‍, ലോക ക്രിക്കറ്റില്‍ 150 ടി20 വിക്കറ്റുകള്‍ വീഴ്ത്തുന്ന ഒന്‍പതാം താരമായി അര്‍ഷ്ദീപ് മാറും. നിലവില്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് അന്താരാഷ്ട്ര ടി20യില്‍ വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്. താരത്തിന് 118 മത്സരങ്ങളില്‍ നിന്ന് 197 വിക്കറ്റുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates