

അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ തിരിച്ചു വരവ്. മത്സരം ജയിക്കാന്‍ ഇംഗ്ലണ്ടിനു വേണ്ടത് 435 റണ്‍സ്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ വിജയ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെന്ന നിലയില്‍. ജയത്തിലേക്ക് ഇനി വേണ്ടത് 325 റണ്‍സ്. കൈയില്‍ 7 വിക്കറ്റുകളും ശേഷിക്കുന്നു. രണ്ടാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച ഓസീസിനെ ഇംഗ്ലീഷ് ബൗളര്‍മാര്‍ പിടിച്ചു നിര്‍ത്തിയാണ് കളിയിലേക്ക് തിരിച്ചെത്തിയത്.
ഓസ്‌സ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 371 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 349 റണ്‍സുമാണ് നേടിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 286 റണ്‍സില്‍ അവസാനിച്ചു.
38 റണ്‍സുമായി ഓപ്പണര്‍ സാക് ക്രൗളിയും റണ്ണൊന്നുമെടുക്കാതെ ഹാരി ബ്രൂക്കുമാണ് ക്രീസില്‍. ബെന്‍ ഡക്കറ്റ് (4), ഒലി പോപ്പ് (17), ജോ റൂട്ട് (39) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനു നഷ്ടമായത്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനു നഷ്ടമായ മൂന്ന് വിക്കറ്റുകളും ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സ്വന്തമാക്കി.
നേരത്തെ 4 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ചത്. ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയും ആറാമനായി എത്തിയ അലക്സ് കാരിയുടെ അര്‍ധ സെഞ്ച്വറിയുമാണ് ഓസീസിനു കരുത്തായത്. 85 റണ്‍സ് ലീഡുമായാണ് ഓസീസ് രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. നാലാം ദിനത്തില്‍ പക്ഷേ ഇംഗ്ലണ്ട് തിരിച്ചടിച്ചു. സ്‌കോര്‍ 311ല്‍ നില്‍ക്കെ ഹെഡ് മടങ്ങിയതിനു പിന്നാലെ ഓസീസ് ഇന്നിങ്‌സ് അതിവേഗം തീര്‍ന്നു. ഓസീസിന്റെ ശേഷിച്ച 6 വിക്കറ്റുകള്‍ വെറും 38 റണ്‍സിനിടെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് തിരിച്ചു വന്നത്.
നാലാം ദിനത്തില്‍ ആദ്യം മടങ്ങിയത് ഹെഡാണ്. തലേദിവസത്തെ സ്‌കോറിനോട് 28 റണ്‍സ് കൂടി ചേര്‍ത്ത് 170 റണ്‍സുമായി ഹെഡ് മടങ്ങി. ഹെഡ് 16 ഫോറും രണ്ട് സിക്‌സും പറത്തി. പിന്നാലെ ആറാം വിക്കറ്റായി അര്‍ധ സെഞ്ച്വറിക്കാരന്‍ അലക്‌സ് കാരിയും പുറത്ത്. താരം 72 റണ്‍സ് നേടി.
ജാക്ക് വെതറാള്‍ഡ് (1), മര്‍നസ് ലാബുഷെയ്ന്‍ (13), ഉസ്മാന്‍ ഖവാജ (40), കാമറൂണ്‍ ഗ്രീന്‍ (7), ജോഷ് ഇംഗ്ലിസ് (10), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (6), നതാന്‍ ലിയോണ്‍ (0), സ്‌കോട്ട് ബോളണ്ട് (1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
ഇംഗ്ലണ്ടിനായി ജോഷ് ടോംഗ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ബ്രയ്ഡന്‍ കര്‍സ് 3 വിക്കറ്റും സ്വന്തമാക്കി. ജോഫ്ര ആര്‍ച്ചര്‍, വില്‍ ജാക്‌സ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. താരം 83 റണ്‍സെടുത്തു. ക്യാപ്റ്റനു ഉറച്ച പിന്തുണ നല്‍കി ജോഫ്ര ആര്‍ച്ചറും തലേദിവസത്തെ ബാറ്റിങ് മികവ് ആവര്‍ത്തിച്ചതോടെ അവര്‍ 286ല്‍ എത്തി ഓസീസ് ലീഡ് കുറയ്ക്കുകയായിരുന്നു. ആര്‍ച്ചര്‍ 51 റണ്‍സെടുത്തു. ജോഷ് ടോംഗ് 7 റണ്‍സുമായി പുറത്താകാതെ നിന്നു.
45 റണ്‍സെടുത്ത ഹാരി ബ്രൂക്ക്, 29 റണ്‍സെടുത്ത ബെന്‍ ഡക്കറ്റ് എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. ജാമി സ്മിത്ത് 22 റണ്‍സും ജോ റൂട്ട് 19 റണ്‍സുമെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല.
ആദ്യ രണ്ട് ടെസ്റ്റുകളിലും കളിക്കാതിരുന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ടീമിലേക്കുള്ള മടങ്ങി വരവ് 3 വിക്കറ്റെടുത്ത് ആഘോഷിച്ചു. സ്‌കോട്ട് ബോളണ്ട്, നതാന്‍ ലിയോണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒരു ഘട്ടത്തില്‍ 94ന് നാല് എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. ട്രാവിസ് ഹെഡ്, ജാക്ക് വെതറാള്‍ഡ്, മര്‍നസ് ലാബുഷെയ്ന്‍ എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഓസീസ് തകര്‍ച്ചയുടെ വക്കിലെത്തിയത്.
അലക്സ് കാരിയുടെയും ഉസ്മാന്‍ ഖവാജയുടെയും വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്ക് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റേയും കരുത്തിലാണ് ഓസീസ് മികച്ച സ്‌കോര്‍ നേടിയത്. അലക്സ് കാരി സെഞ്ച്വറിയോടെ 106 റണ്‍സും ഖവാജ 82 റണ്‍സും നേടി. സ്റ്റാര്‍ക്ക് 54 റണ്‍സും കണ്ടെത്തി.
ഓസീസ് സ്‌കോര്‍ 185 ല്‍ നില്‍ക്കെ ഖവാജ മടങ്ങിയെങ്കിലും അലക്സ് കാരി 321 എന്ന സുരക്ഷിത സ്‌കോറില്‍ ടീമിനെ എത്തിച്ച ശേഷമാണ് പുറത്തായത്.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ബ്രയ്ഡന്‍ കര്‍സ്, വില്‍ ജാക്ക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ടോംഗ് ഒരു വിക്കറ്റും വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates