

തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിൽ കേരളത്തിന്റെ ജയസാധ്യതകൾക്ക് കരുത്തുപകരാൻ സീനിയർ പുരുഷ ടീമിനായുള്ള പ്രത്യേക ഫിറ്റ്നസ് ക്യാംപ് പുരോഗമിക്കുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലകനായി തിളങ്ങിയ കായിക വിദഗ്ധൻ എ ടി രാജാമണി പ്രഭുവാണ് അത്യാധുനിക ഫിറ്റ്നസ് ക്യാംപിന് നേതൃത്വം നൽകുന്നത്.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ (KCA) ആഭിമുഖ്യത്തിൽ ജൂൺ 15-ന് ആരംഭിച്ച പ്രത്യേക പരിശീലന ക്യാംപ് ജൂൺ 20ന് അവസാനിക്കും. തിരുവനന്തപുരം മംഗലപുരത്തുള്ള കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ക്യാംപ് നടക്കുന്നത്.
ക്രിക്കറ്റ് ലോകത്തെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി, രവിചന്ദ്രൻ അശ്വിൻ, എസ്. ബദരീനാഥ്, എൽ. ബാലാജി, മുഹമ്മദ് സിറാജ് എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായ ഇദ്ദേഹം ശ്രീലങ്കൻ ദേശീയ ടീമിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
ആധുനിക ക്രിക്കറ്റിൽ കായികക്ഷമതയ്ക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് കെസിഎ വിപുലമായ ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. താരങ്ങളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം പരിക്കുകൾ ഒഴിവാക്കാനുള്ള ശാസ്ത്രീയ പരിശീലന മുറകളും ക്യാംപിന്റെ ഭാഗമായി നൽകുന്നുണ്ട്.
ഓരോ താരത്തിൻ്റെയും ശാരീരികവും മാനസികവുമായ പ്രത്യേകതകൾ കണ്ടെത്തി അനുയോജ്യമായ പരിശീലനം നൽകുകയാണ് എടി രാജാമണിയുടെ രീതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates