

സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അലിസ്സ ഹീലി. നാട്ടിൽ അരങ്ങേറാനിരിക്കുന്ന ഇന്ത്യൻ ടീമിനെതിരായ പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുകയാണെന്നു അലിസ്സ ഹിലി അറിയിച്ചു. 16 വർഷം നീണ്ട അനുപമ കരിയറിനാണ് താരം വിരമാമിടാൻ ഒരുങ്ങുന്നത്. മാർച്ച് ആറ് മുതൽ ഒൻപത് വരെ പെർത്തിൽ അരങ്ങേറുന്ന ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റായിരിക്കും അലിസ്സ ഹീലിയുടെ വിരമിക്കൽ മത്സരം.
വില്ലോ ടോക്ക് പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അവരുടെ അപ്രതീക്ഷിത വിരമിക്കൽല പ്രഖ്യാപനം വന്നത്. വർഷങ്ങളായി താൻ ക്രിക്കറ്റ് കളിക്കുന്നു. തന്റെ മത്സര ശേഷി പതുക്കെ മങ്ങുന്നതായി അനുഭവപ്പെടുന്നതായി അവർ വിവരിച്ചു. അതിനാൽ വിരമിക്കലിനെക്കുറിച്ച് ഇപ്പോൾ ആലോചന തുടങ്ങിയെന്നും അവർ വ്യക്തമാക്കി.
ഓസ്ട്രേലിയക്കായി 10 ടെസ്റ്റും 123 ഏകദിനങ്ങളും 162 ടി20 മത്സരങ്ങളും കളിച്ച താരമാണ് അലിസ്സ ഹീലി. ഏകദിനത്തിൽ 3,563 റൺസും ടി20-യിൽ 3,054 റൺസും ടെസ്റ്റിൽ 489 റൺസും നേടിയിട്ടുണ്ട്. 2010ണ് അരങ്ങേറ്റം. കരിയറിൽ ഭൂരിഭാഗവും മെഗ് ലാനിങ്ങിന്റെ കീഴിൽ വൈസ് ക്യാപ്റ്റനായിരുന്നു അലിസ്സ. 2023ലാണ് ഓസീസ് ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റനായി ചുമതലയേറ്റത്.
ഏകദിനത്തില്‍ 7 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ടി20യില്‍ 1 സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറികളും. ടെസ്റ്റില്‍ 3 അര്‍ധ സെഞ്ച്വറികള്‍. ഏകദിനത്തില്‍ 170 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ 148 റണ്‍സും ടെസ്റ്റില്‍ 99 റണ്‍സുമാണ് ഉയര്‍ന്ന സ്‌കോറുകള്‍.
ഓസീസ് ടീമിനൊപ്പം എട്ട് ഐസിസി ലോകകപ്പുകൾ നേടിയിട്ടുണ്ട്. ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും അലിസ്സയുടെ പേരിലാണ്. 2022ൽ ഇംഗ്ലണ്ടിനെതിരെ 170 നേടിയാണ് താരം ചരിത്രമെഴുതിയത്. വനിതാ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും കൂടുതൽ പുറത്താക്കലുകളും അലിസ്സ ഹീലിയുടെ പേരിലാണ്. രണ്ട് തവണ ഐസിസി വനിതാ ടി20 ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ഇയാൻ ഹീലിയുടെ അനന്തരവളാണ് അലിസ്സ ഹീലി. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യയുമാണ്. അടുത്തിടെ വനിതാ പ്രീമിയർ ലീഗ് 2026 ലേലത്തിൽ അലിസ്സ ഹീലിയെ ആരും ടീമിലെടുത്തിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates