

കറാച്ചി: വനിതാ ഏകദിന ലോകകപ്പിൽ വിവാദ പരാമർശം നടത്തി പുലിവാൽ പിടിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും നിലവിൽ കമന്റേറ്ററുമായ സന മിർ. പാകിസ്ഥാൻ ബംഗ്ലാദേശ് പോരാട്ടത്തിനിടെയാണ് താരത്തിന്റെ വിവാദ പരാമർശം. പിന്നാലെ വിഷയം രാഷ്ട്രീയവത്കരിക്കരിക്കരുതെന്ന അഭ്യർഥനയുമായി മുൻ പാക് ക്യാപ്റ്റൻ രംഗത്തെത്തുകയും ചെയ്തു. മത്സരത്തിനിടെ പാക് താരം നതാലിയ പർവേസിനെ സന മിർ വിശേഷിപ്പിച്ചത് 'ആസാദ് കശ്മീരിൽ' നിന്നുള്ള താരം എന്നാണ്. 29കാരിയായ നതാലിയ പാക് അധീന കശ്മീരിലെ ബൻഡല സ്വദേശിയാണ്.
പിന്നാലെ സനയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. അവരെ കമന്ററി പാനലിൽ നിന്നു പുറത്താക്കണമെന്ന ആവശ്യവും ഉയർന്നു. പിന്നാലെയാണ് കാര്യങ്ങൾ വളച്ചൊടിച്ച് രാഷ്ട്രീയവത്കരിക്കരുതെന്ന അഭ്യർഥനയുമായി സന രംഗത്തെത്തിയത്. വിഷയത്തിൽ മാപ്പ് പറയേണ്ട ആവശ്യമൊന്നുമില്ലെന്ന നിലപാടിലും അവർ ഉറച്ചു നിന്നു.
'നതാലിയ വളർന്നു വുന്ന പ്രദേശം കാരണം അവർ നേരിട്ട ബുദ്ധിമുട്ടുകൾ എടുത്തുകാണിക്കുക മാത്രമാണ് ചെയ്തത്. ആസാദി കശ്മീർ പരാമർശത്തിൽ ഒരു ദുരുദ്ദേശവുമില്ല. ആരുടേയും വികാരങ്ങൾ വ്രണപ്പെടുത്താനും ആഗ്രഹിച്ചിട്ടില്ല. അതിനാൽ തന്നെ വിഷയം രാഷ്ട്രീയവത്കരിക്കരുത്.'
'കാര്യങ്ങൾ അനാവശ്യമായി പെരുപ്പിച്ചു കാണിക്കുന്നതും കായിക രംഗത്തുള്ള ആളുകൾക്ക് അനാവശ്യ സമ്മർദ്ദം നേരിടേണ്ടി വരുന്നതും ഖേദകരമാണ്. ഇത്തരം കാര്യങ്ങൾ പരസ്യമായി വിശദീകരിക്കേണ്ടി വരുന്നതും ഖേദകരമാണ്. ഒരു പാകിസ്ഥാൻ കളിക്കാരുടെ ജന്മനാടിനെക്കുറിച്ചുള്ള പരാമർശം പാകിസ്ഥാനിലെ ഒരു പ്രത്യേക പ്രദേശത്തു നിന്നു വരുന്നതിന്റെ വെല്ലുവിളികളും അവരുടെ അവിശ്വസനീയ യാത്രയും എടുത്തു കാണിക്കാൻ വേണ്ടി മാത്രമാണ്.'
'കളിക്കാർ എവിടെ നിന്നു വരുന്ന എന്നത് കമന്റേറ്റർമാർ എന്ന നിലയിൽ ഞങ്ങൾ പറയുന്ന കാര്യങ്ങളുടെ ഭാഗമാണ്. മറ്റ് പ്രദേശങ്ങളിൽ നിന്നു വന്ന രണ്ട് താരങ്ങളെക്കുറിച്ചും ഞാൻ പറഞ്ഞിരുന്നു. കായിക താരങ്ങളുടെ കഠിനാധ്വാനവും സ്ഥിരോത്സാഹവും പ്രചോദിപ്പിക്കുന്നതായിരിക്കും. അത്തരം കഥകൾ എടുത്തു കാണിക്കുകയാണ് ഞങ്ങളുടെ കർത്തവ്യം. എന്റെ മനസിൽ യാതൊരു ദുരുദ്ദേശവുമില്ല'- സന വ്യക്തമാക്കി.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന വിവാദത്തിൽ പ്രതികരിച്ചത്. നതാലിയയുടെ പ്രൊഫൈലിന്റെ ഒരു സ്ക്രീൻ ഷോട്ടും സഹിതമാണ് താരം മറുപടി പറഞ്ഞത്. ആ പ്രൊഫൈലിൽ പറഞ്‍ കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും സന കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates