

മാഞ്ചസ്റ്റർ: ജയത്തിനു സമാനമായ സമനില പിടിച്ച് ഇന്ത്യ കരുത്തുകാട്ടിയ നാലാം ടെസ്റ്റിന്റെ അവസാന സെഷനിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. അവസാന സെഷൻ പകുതി പിന്നിട്ടപ്പോൾ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് സമനില സമ്മതിച്ച് ഹസ്തദാനത്തിനു എത്തിയെങ്കിലും ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയും വാഷിങ്ടൻ സുന്ദറും അതിനു വിസമ്മതിച്ചു. സെഞ്ച്വറി നേടിയിട്ടേ കൈ തരൂ എന്ന നിലപാടിലായിരുന്നു ഇരുവരും. ഇതിൽ അസ്വസ്ഥനായി ഇംഗ്ലണ്ട് ക്യാപ്റ്റൻ അംപയർമാരെ സമീപിച്ചെങ്കിലും അവരും കൈമലർത്തി. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.
ഇന്ത്യ ബാറ്റ് ചെയ്യുന്നതിനെ 138ാം ഓവർ ജോ റൂട്ട് എറിഞ്ഞു തീർത്തതിനു പിന്നാലെയാണ് സ്റ്റോക്സ് സമനലി സമ്മതിച്ച് കൈ കൊടുക്കാൻ എത്തിയത്. ഈ സമയത്ത് ജഡേജ 173 പന്തിൽ 89 റൺസുമായും വാഷിങ്ടൻ സുന്ദർ 188 പന്തിൽ 80 റൺസുമായും ക്രീസിലുണ്ടായിരുന്നു. സ്റ്റോക്സ് ആവശ്യവുമായി വന്നപ്പോൾ തുടക്കത്തിൽ ഇന്ത്യൻ താരങ്ങൾക്ക് ആശയക്കുഴപ്പമുണ്ടായി. എന്നാൽ ഇരുവരും സെഞ്ച്വറി പൂർത്തിയായിട്ടേ സമനിലയ്ക്കു സമ്മതിക്കു എന്നു വ്യക്തമാക്കി.
ഇതോടെ സ്റ്റോക്സ് അസ്വസ്ഥനായി. താരം അവിശ്വസനീയതയോടെ തലയാട്ടി അംപയർമാരുടെ അടുത്തെത്തി. ഇന്ത്യൻ താരങ്ങളുടെ നിലപാട് തേടിയ അംപയർമാർ ഇംഗ്ലണ്ടിനോടു ബൗളിങ് തുടരാൻ ആവശ്യപ്പെടുകയായിരുന്നു. സ്റ്റോക്സ് പന്ത് നൽകിയത് മത്സരത്തിൽ അതുവരെ പന്തെറിയാതിരുന്ന ഹാരി ബ്രൂക്കിന്.
പിന്നീട് ജഡേജയും സുന്ദറും അതിവേഗം ലക്ഷ്യം നേടി. ജോ റൂട്ടിനെ ഹാട്രിക്ക് ബൗണ്ടറിയടിച്ച് വാഷിങ്ടൻ 90 കടന്നു. അടുത്ത ഓവറിൽ ഹാരി ബ്രൂക്കിനെ സിക്സർ തൂക്കി ജഡേജ സെഞ്ച്വറി നേടി. ബ്രൂക്കിന്റെ അടുത്ത വരവിൽ ഫോറും ഡബിളും അടിച്ച് സുന്ദർ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയും പൂർത്തിയാക്കി. പിന്നാലെ ഇരു ടീമുകളും കൈ കൊടുത്തു പിരിഞ്ഞ് സമനിലയും വഴങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
