

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് കോച്ചും ബാഴ്സലോണ ഇതിഹാസവുമായ ഷാവി ഹെർണാണ്ടസ് സമർപ്പിച്ച അപേക്ഷ കഴിഞ്ഞ ദിവസം ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഷാവിയുടേത് മറ്റാരോ അയച്ച വ്യാജ അപേക്ഷ ഫോമാണെന്നു എഐഎഫ്എഫ് സ്ഥിരീകരിച്ചു. പിന്നാലെ അപേക്ഷ അയച്ചത് താനാണെന്നു അവകാശപ്പെട്ട് വിദ്യാർഥി രംഗത്തെത്തി. ചാറ്റ് ജിപിടിയിൽ തയ്യാറാക്കിയ അപേക്ഷയാണ് അയച്ചതെന്നും വെറും പ്രാങ്കായിരുന്നു അതെന്നും വിദ്യാർഥി വെളിപ്പെടുത്തി.
ഷാവിയെ പരിഗണിക്കില്ലെന്നും നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അദ്ദേഹത്തെ പോലൊരു പരിശീലകനെ കൊണ്ടു വരാൻ സാധിക്കില്ലെന്നുമുള്ള ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ നിലപാട് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് വിഷയത്തിലെ വമ്പൻ ട്വിസ്റ്റ്.
വിഐടി വെല്ലൂരിലെ വിദ്യാർഥിയായ 19കാരനാണ് ഷാവിയുടെ പേരിൽ അപേക്ഷ അയച്ചത് താനാണെന്നും എഐഎഫ്എഫിനുള്ള പ്രാങ്കായിരുന്നു അതെന്നും വെളിപ്പെടുത്തി രംഗത്തെത്തിയത്. xaviofficialfcb@gmail.com എന്ന പേരിൽ വ്യാജ ഇ മെയിൽ ഐഡി സൃഷ്ടിച്ചാണ് വിദ്യാർഥി എഐഎഫ്എഫിനു അപേക്ഷ നൽകിയത്. ഈ മാസം 4, 5 തീയതികളിലായി രണ്ട് തവണ താൻ അപേക്ഷ അയച്ചു. അപേക്ഷയ്ക്കൊപ്പം സിവിയൊന്നും ചേർത്തിരുന്നില്ലെന്നും വിദ്യാർഥി വ്യക്തമാക്കി.
ഷാവിയുടെ പേരിലുള്ള ജി മെയിൽ അക്കൗണ്ടുമായി സാമ്യമുള്ള ഇ മെയിലിൽ വന്ന അപേക്ഷ യഥാർഥമാണെന്നും എഐഎഫ്എഫ് അധികൃതർ തെറ്റിദ്ധരിക്കുകയായിരുന്നു. ഷാവിയുടെ അപേക്ഷ സാമ്പത്തിക സ്ഥിതിയുടെ പേരിൽ ഫെഡറേഷൻ തള്ളിയത് വലിയ വിവാദമായതോടെയാണ് അധികൃതർ ഇ മെയിൽ വിശദ പരിശോധന നടത്തിയത്. അപേക്ഷയിൽ ഫോൺ നമ്പറോ മറ്റു വിവരങ്ങളോ ഇല്ലാത്തതും സംശയത്തിലെത്തിച്ചു. മുൻ ബാഴ്സലോണ പരിശീലകനും നിലവിൽ മാഞ്ചസ്റ്റർ സിറ്റി കോച്ചുമായി പെപ് ഗ്വാർഡിയോളയുടെ പേരിലും അപേക്ഷ വന്നിരുന്നു. എന്നാൽ ഇതും വ്യാജമാണെന്നു എഐഎഫ്എഫ് സ്ഥിരീകരിച്ചിട്ടുണ്ട്.
മനോലോ മാർക്വേസ് രാജി വച്ചതിനെ തുടർന്നാണ് ഇന്ത്യ പുതിയ പരിശീലകനെ അന്വേഷിക്കുന്നത്. 170 അപേക്ഷകൾ ലഭിച്ചതായി നേരത്തെ എഐഎഫ്എഫ് വ്യക്തമാക്കിയിരുന്നു. ഇതിൽ നിന്നു 10 പേരുടെ പ്രഥമിക പട്ടികയുണ്ടാക്കി.
മുൻ ഇന്ത്യൻ ക്യാപ്റ്റനും മലയാളിയുമായ ഐഎം വിജയൻ നേതൃത്വം നൽകുന്ന ടെക്നിക്കൽ കമ്മിറ്റി ഈ പത്ത് പേരിൽ നിന്നു 3 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ മൂന്ന് പേരിൽ ഒരാളായിരിക്കും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അടുത്ത പരിശീലകൻ. മുൻ ഇന്ത്യൻ കോച്ചായിരുന്ന ഇംഗ്ലീഷുകാരൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്ലോവാക്യൻ പരിശീലകൻ സ്റ്റെഫാൻ തർക്കോവിച്, യുവ ഇന്ത്യൻ പരിശീലകരിൽ ശ്രദ്ധേയനായ ഖാലിദ് ജമീൽ എന്നിവരാണ് അവസാന പട്ടികയിലുള്ള മൂന്ന് പേർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates