'അവർ എനിക്ക് കൊക്കെയ്ൻ തന്നു, വിഡിയോ പകർത്തി'; ഇന്ത്യൻ വ്യവസായി ഒത്തുകളിക്കാൻ ബ്ലാക്ക്മെയ്ൽ ചെയ്തു: വെളിപ്പെടുത്തി ബ്രണ്ടൻ ടെയ്‌ലർ, കുറിപ്പ്

തനിക്കെതിരെ വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം ഉണ്ടാകുമെന്നും ടെയ്‌ലർ അറിയിച്ചു
ബ്രണ്ടൻ ടെയ്‌ലർ
ബ്രണ്ടൻ ടെയ്‌ലർ
Updated on
2 min read

രു ഇന്ത്യൻ വ്യവസായി വാതുവയ്പ് ആവശ്യവുമായി തന്നെ സമീപിച്ചെന്ന് തുറന്നുപറഞ്ഞ് സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ബ്രണ്ടൻ ടെയ്‌ലർ. 2019ൽ നടന്ന കാര്യത്തെക്കുറിച്ചാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) അറിയിക്കാൻ വൈകിയതുമൂലം തനിക്കെതിരെ വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം ഉണ്ടാകുമെന്നും ടെയ്‌ലർ അറിയിച്ചു. 

ടെയ്‌ലർ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പ്

രണ്ട് വർഷത്തിലധികമായി ഞാനൊരു ഭാരം ചുമക്കുകയാണ്. ഇപ്പോഴത് എന്നെ വളരെ ഇരുണ്ട ഇടത്തേക്ക് എത്തിക്കുകയും എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുകയാണ്. വളരെ അടുത്ത സുഹൃത്തുക്കളോടും കുടുംബത്തോടും അടുത്തിടെ മാത്രമാണ് ഞാൻ എന്റെ കഥ പറഞ്ഞത്. അവരിൽ നിന്ന് ഒരുപാട് പിന്തുണയും സ്‌നേഹവും ലഭിച്ചു. 
ഇത് വായിക്കാൻ അത്ര രസകരമായി തോന്നില്ല, എങ്കിലും ഐസിസി അധികം വൈകാതെ പുറത്തുവിടുന്ന ഒരു കണ്ടെത്തലിനെക്കുറിച്ച് ഒരു പ്രസ്താവന നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. 

2019 ഒക്ടോബർ അവസാനം എന്നെ ഒരു ഇന്ത്യൻ വ്യവസായി ബന്ധപ്പെട്ടു. പരസ്യക്കരാർ സംസാരിക്കുന്നതിനും സിംബാബ്‌വെയിൽ ഒരു ട്വന്റി20 ലീഗ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും വേണ്ടി അയാളുമായി കൂടിക്കാഴ്ച നടത്തി. യാത്രയ്ക്കായി 11 ലക്ഷത്തിലധികം രൂപ എനിക്ക് വാഗ്ദാനം ചെയ്തു. 
ഞാൻ കുറച്ച് ജാഗ്രത പുലർത്തിയിരുന്നു എന്നെനിക്ക് നിഷേധിക്കാൻ കഴിയില്ല. പക്ഷെ ആ സമയം സിംബാബ്‌വെ ക്രിക്കറ്റ് ഞങ്ങൾക്ക് പ്രതിഫലം നൽകിയിട്ട് ആറ് മാസത്തിലധികം പിന്നിട്ടിരുന്നു. അന്താരാഷ്ട്ര തലത്തിൽ സിംബാബ്‌വെ തിടർന്ന് കളിക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തിലുമായിരുന്നു. അതുകൊണ്ട് ഞാൻ ആ യാത്ര നടത്തി. അയാൾ പറഞ്ഞതനുസരിച്ച ചർച്ചകൾ നടന്നു. ഹോട്ടലിലെ അവസാന ദിവസം വ്യവസായിയും അയാളുടെ ഒപ്പമുണ്ടായിരുന്നവരും എന്നെ സെലിബ്രിറ്റി ഡിന്നറിനായി ക്ഷണിച്ചു. 
മദ്യവും ഉണ്ടായിരുന്നു. അന്ന് വൈകിട്ട് അവരെനിക്ക് കൊക്കെയിൻ നൽകി. ഞാൻ മണ്ടനായി ആ ചൂണ്ടയിൽ വീണു. ആ രാത്രിയെക്കുറിച്ചോർക്കുമ്പോൾ ഞാൻ ഇന്നും അസ്വസ്ഥനാകും. 

പിറ്റേന്ന് രാവിലെ അതേ ആളുകൾ എന്റെ മുറിയിലെത്തി. തലേന്ന് എടുത്ത ഒരു വിഡിയോ എന്നെ കാണിച്ചു. അവർക്കായി അന്താരാഷ്ട്ര മത്സരങ്ങളിൽ ഒത്തുകളിച്ചില്ലെങ്കിൽ ആ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. 
ആ ആറ് പേർക്കൊപ്പം ഹോട്ടൽ മുറിയിൽ, എന്റെതന്നെ സുരക്ഷയിൽ എനിക്ക് ഭയമുണ്ടായിരുന്നു. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒന്നിലേക്ക് ഞാൻ സ്വയം എത്തിപ്പെട്ടു. 
അവർ പറഞ്ഞിരുന്ന 11 ലക്ഷം രൂപ നൽകി. പക്ഷെ ഒത്തുകളിക്കാനുള്ള അഡ്വാൻസ് ആണ് അതെന്ന് അവർ പറഞ്ഞു. പറഞ്ഞ ജോലി പൂർത്തിയാക്കുമ്പോൾ 14 ലക്ഷത്തോളം വീണ്ടൂം നൽകുമെന്നും അവർ പറഞ്ഞു. ആ പണം ഞാൻ വാങ്ങി അതുംകൊണ്ട് വിമാനത്തിൽ കയറി ഇന്ത്യ വിട്ടു. എനിക്ക് മറ്റു വഴികളില്ലെന്ന് തോന്നി, കാരണം നോ പറയാൻ ഒരു സാഹചര്യവും മുന്നിലില്ലായിരുന്നു. അവിടെനിന്ന് പുറത്തുചാടണം എന്ന് മാത്രമേ എനിക്ക് അപ്പോൾ തോന്നിയൊള്ളു. 

വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകൾ എന്നെ മാനസികമായും ശാരീരികമായും അസ്വസ്ഥനാക്കി. ആകെ കുഴഞ്ഞുമറിഞ്ഞ അസ്ഥയായിരുന്നു. എനിക്ക് ഷിംഗിൾസ് സ്ഥിരീകരിച്ചു, ശക്തമായ ആന്റീബയോട്ടിക്കുകൾ എടുക്കേണ്ടിവന്നു. 
ആ വ്യവസായിക്ക് അയാളുടെ നിക്ഷേപത്തിന് റിട്ടേൺ വേണമായിരുന്നു, എന്നേക്കൊണ്ട് അത് സാധിക്കുമായിരുന്നില്ല. ഈ കുറ്റം റിപ്പോർട്ട് ചെയ്യാൻ എനിക്ക് നാല് മാസത്തോളം വേണ്ടിവന്നു. ആ കാലയളവ് ഒരുപാട് നീണ്ടുപോയി എന്നെനിക്ക് അറിയാം, പക്ഷെ എനിക്ക് എല്ലാവരെയും പ്രത്യേകിച്ച് എന്റെ കുടുംബത്തെ സംരക്ഷിക്കേണ്ടത് അത്യാവശ്യമായിരുന്നു. സ്വന്തമായി നിബന്ധനകൾ വച്ചാണ് ഞാൻ ഐസിസിയെ ബന്ധപ്പെട്ടത്. എന്റെ ആശങ്കയും സത്യസന്ധമായ ഭയവും തുറന്നുപറയുമ്പോൾ ഈ കാലതാമസം മനസ്സിലാക്കാൻ ഐസിസിക്ക് കഴിയും എന്ന് ഞാൻ പ്രതീക്ഷിച്ചു. 

നിർഭാഗ്യവശാൽ അവർക്കതിന് കഴിഞ്ഞില്ല. പല അഴിമതി വിരുദ്ധ സെമിനാറുകളിലും ഞാൻ പങ്കെടുത്തിട്ടുണ്ട് അതുകൊണ്ടുതന്നെ സമയം നിർണ്ണായകമാണെന്ന് എനിക്കറിയാം. 
ഞാൻ ഒരുതരത്തിലുമുള്ള ഒത്തുകളിയിലും ഭാ​ഗമായിട്ടില്ല. ഞാൻ പലതും ചെയ്തിട്ടുണ്ടാകും പക്ഷെ ഒരു ചതിയൻ അല്ല. ക്രിക്കറ്റ് എന്ന മനോഹരമായ കളിയോടുള്ള എന്റെ സ്‌നേഹം എനിക്ക് നേരെയുള്ള ഭീഷണികളേക്കാൾ അധികമാണ്. 

ഐസിസിയെ ബന്ധപ്പെട്ടതിന് ശേഷം ഞാൻ പല അഭിമുഖങ്ങളും നടത്തി. അവരുടെ അന്വേഷണത്തിലുടനീളം എന്നാൽ കഴിയും വിധം സത്യസന്ധമായും സുതാര്യമായും വിവരങ്ങൾ നൽകി. അകത്തും പുറത്തും ഞാൻ എന്നോടുതന്നെ മല്ലിടുകയായിരുന്നു. പല കാര്യങ്ങൾ കൊണ്ടും മുമ്പേ ഈ പിന്തുണ നേടാമായിരുന്നു എന്നെനിക്ക് തോന്നി. 
ഇതെല്ലാം പറയുമ്പോൾ തന്നെ, എന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം ഐസിസി എടുത്തുവരികയാണ്. ആ തീരുമാനം ഞാൻ അംഗീകരിക്കുന്നു. ഇത്തരം അനുഭവങ്ങൾ കാലതാമസം കൂടാതെ തുറന്നുപറയാൻ മറ്റു താരങ്ങൾക്ക് എന്റെ അനുഭവം പാഠമായിരിക്കും എന്നാണ് വിശ്വാസം. 

സ്വകാര്യ ജീവിതത്തിലും പ്രൊഫഷണൽ തലത്തിലും കഴിഞ്ഞ രണ്ട് വർഷം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് ഞാൻ സമ്മതിക്കുന്നു. ഞാൻ ചെന്നുപെട്ട ഈ കെണിയിൽ നിന്ന് പുറത്തുചാടാൻ ശ്രമിക്കുകയാണ് ഞാൻ. 
എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്ക് മികച്ച പിന്തുണ നൽകുന്നുണ്ട്. എന്റെ ജീവിതം തിരിച്ചുപിടിക്കാൻ വേണ്ടി
ഇന്ന് ഞാൻ ഒരു പുനരദ്ധിവാസ കേന്ദ്രത്തിൽ പ്രവേശിക്കുകയാണ്. വരുന്ന കുറേ ആഴ്ചകൾ ഞാൻ ഇവിടെ ഉണ്ടാകില്ല. ആളുകൾക്ക് കാര്യങ്ങൾ എന്നിൽ നിന്നുതന്നെ അറിയണം എന്നുണ്ടാകും എന്നറിയാവുന്നതുകൊണ്ടാണ് ഈ കഥകൾ എനിക്ക് പറയേണ്ടിവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com