

ലണ്ടന്‍: ഒടുവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇഞ്ച്വറി ടൈം വിജയം. പ്രീമിയര്‍ ലീഗില്‍ അവര്‍ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ബേണ്‍ലിയെ കടുത്ത പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ വീഴ്ത്തി. ജയം 3-2ന്. ഇഞ്ച്വറി സമയത്ത് കിട്ടിയ പെനാല്‍റ്റി ഗോളാക്കി ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം സമ്മാനിച്ചത്. പ്രീമിയര്‍ ലീഗില്‍ തോല്‍വിയും സമനിലയുമായി സീസണ്‍ തുടങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കഴിഞ്ഞ ദിവസം കാര്‍ബാവോ കപ്പില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയാണ് നിന്നത്. ഫലത്തില്‍ തുടരെ മൂന്ന് മത്സരങ്ങളില്‍ ജയമില്ല. രണ്ട് തോല്‍വിയും സമനിലയുമെന്ന ദയനീയ സ്ഥിതിയില്‍ നിന്നാണ് സ്വന്തം തട്ടകമായ ഓള്‍ഡ്ട്രഫോര്‍ഡില്‍ അവരുടെ തിരിച്ചു വരവ്.
മറ്റ് മത്സരങ്ങളില്‍ ചെല്‍സി ജയം തുടരുന്നു. എവര്‍ട്ടനും തുടരെ രണ്ടാം പോരാട്ടം വിജയിച്ചു. ടോട്ടനം ഹോട്‌സ്പറിനെ ബേണ്‍മത്ത് അട്ടിമറിച്ചു. സണ്ടര്‍ലാന്‍ഡ് വിജയ വഴിയില്‍ തിരിച്ചെത്തി. ന്യൂകാസില്‍ യുനൈറ്റഡിനു മൂന്നാം മത്സരത്തിലും ജയമില്ല. അവരെ ലീഡ്സ് യുനൈറ്റഡ് സ്വന്തം തട്ടകത്തില്‍ ഗോളടിക്കാന്‍ സമ്മതിക്കാതെ സമനിലയില്‍ തളച്ചു.
റുബന്‍ അമോറിമിന് ആശ്വാസം
കാത്തിരുന്ന ജയമാണ് ഓള്‍ഡ്ട്രഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കിയത്. കടുത്ത പോരാട്ടം പുറത്തെടുത്ത ബേണ്‍ലിയെ അവസാന നിമിഷത്തില്‍ നേടിയ പെനാല്‍റ്റി ഗോളിലാണ് അവര്‍ വീഴ്ത്തിയത്. ബേണ്‍ലി താരം ജോഷ് കല്ലന്റെ ദാന ഗോളിലാണ് മാഞ്ചസ്റ്റര്‍ അക്കൗണ്ട് തുറന്നത്. 27ാം മിനിറ്റില്‍. രണ്ടാം പകുതിയിലാണ് കളി മാറുന്നത്. 55ാം മിനിറ്റില്‍ ലയല്‍ ഫോസ്റ്ററിലൂടെ ബേണ്‍ലിയുടെ തിരിച്ചുവരവ്. സമനിലയ്ക്ക് പക്ഷേ അല്‍പ്പായുസായിരുന്നു. ബ്രയാന്‍ എംബ്യുമോ യുനൈറ്റഡിനെ വീണ്ടും മുന്നിലെത്തിക്കുന്നു. 57ാം മിനിറ്റിലായിരുന്നു സ്വന്തം തട്ടകത്തില്‍ റെഡ് ഡെവിള്‍സിന്റെ മടങ്ങിവരവ്. 66ാം മിനിറ്റില്‍ ബേണ്‍ലി വീണ്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഞെട്ടിച്ചു. ജെയ്ഡന്‍ ആന്റണിയിലൂടെ അവരുടെ സമനില പൂട്ട്. കളി സമനിലയില്‍ അവസാനിക്കും. വീണ്ടും ജയത്തിനായി കാത്തിരിക്കണമെന്ന ഘട്ടത്തില്‍ നില്‍ക്കെയാണ് ഇഞ്ച്വറി സമയത്ത് അവര്‍ക്ക് അനുകൂലമായി പെനാല്‍റ്റി കിട്ടുന്നത്. ബ്രുണോ ഫെര്‍ണാണ്ടസ് പിഴവില്ലാതെ പന്ത് വലയിലിട്ടതോടെ അവര്‍ ആദ്യ ജയം സ്വന്തമാക്കി.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അവസാന ഘട്ടത്തില്‍ അനുവദിച്ച പെനാല്‍റ്റി വിവാദത്തിലായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ബെഞ്ചമിന്‍ സെസ്‌കോയെ ആന്റണി ബോക്‌സില്‍ വീഴ്ത്തിയതിനാണ് ഇഞ്ച്വറി സമയത്ത് യുനൈറ്റഡിന് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചത്.
നാലാം ഡിവിഷന്‍ ടീമായ ഗ്രിംസ്ബിയ്‌ക്കെതിരായ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി നില്‍ക്കുന്ന ഘട്ടത്തിലാണ് മാഞ്ചസ്റ്റര്‍ സ്വന്തം തട്ടകത്തില്‍ നിര്‍ണായക പോരിനിറങ്ങിയത്. പ്രീമിയര്‍ ലീഗില്‍ തോല്‍വിയോടെ തുടങ്ങി രണ്ടാം പോരാട്ടത്തില്‍ സമനിലയും വഴങ്ങിയാണ് യുനൈറ്റഡ് കാര്‍ബാവോ കപ്പിനെത്തിയത്. ഗ്രിംസ്ബി ടൗണ്‍ ഫുട്‌ബോള്‍ ക്ലബിനെതിരായ പോരാട്ടത്തില്‍ 8 മിനിറ്റിനിടെ 2 ഗോള്‍ വഴങ്ങി ദയനീയ സ്ഥിതിയിലായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഈ കളിയിലും അവസാന 15 മിനിറ്റിനിടെ രണ്ട് ഗോള്‍ വലയിലിട്ട് യുനൈറ്റഡ് തിരിച്ചു വന്നെങ്കിലും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 12-11 എന്ന സ്‌കോറിനു അവര്‍ ഞെട്ടിയിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ രക്ഷിച്ചെടുക്കാന്‍ എത്തിയ റുബന്‍ അമോറിമിനു താത്കാലിക ആശ്വാസം നല്‍കുന്നതായി മാറി പ്രീമിയര്‍ ലീഗിലെ ബേണ്‍ലിയ്‌ക്കെതിരായ ജയം.
എന്‍സോ മരസ്‌കയുടെ ചെല്‍സി
ചെല്‍സി സ്വന്തം തട്ടകത്തില്‍ ഫുള്‍ഹാമിനെ വീഴ്ത്തി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അവര്‍ ജയം പിടിച്ചത്. എന്‍സോ മരസ്‌കയ്ക്ക് കീഴില്‍ ക്ലബ് ലോകകപ്പ് കിരീടം സ്വന്തമാക്കി പ്രീമിയര്‍ ലീഗിന് ഇറങ്ങിയ ചെല്‍സിക്ക് ആദ്യ മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നിരുന്നു. ക്രിസ്റ്റല്‍ പാലസ് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അവരെ ഗോളടിക്കാന്‍ സമ്മതിച്ചില്ല. എന്നാല്‍ എവേ പോരാട്ടത്തില്‍ പഴയ കോച്ച് ഗ്രഹാം പോട്ടറുടെ വെസ്റ്റ് ഹാമിനെ അവരുടെ തട്ടകത്തില്‍ പോയി 1-5നു തകര്‍ത്ത് ഗംഭീര വരവ് നടത്തി. പിന്നാലെയാണ് ഫുള്‍ഹാമിനെതിരായ ജയം.
ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ജാവോ പെഡ്രോയും 56ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് എന്‍സോ ഫെര്‍ണാണ്ടസുമാണ് ചെല്‍സിയെ ജയത്തിലേക്ക് നയിച്ചത്. നിലവില്‍ 7 പോയിന്റുമായി ചെല്‍സി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു.
സ്‌പേര്‍സ് ഞെട്ടി, ഫ്രാങ്കും
പുതിയ പരിശീലകന്‍ തോമസ് ഫ്രാങ്കിനു കീഴില്‍ മുഖം മിനുക്കി ഗംഭീര തുടക്കമിട്ട ടോട്ടനം ഹോട്‌സ്പര്‍ സ്വന്തം തട്ടകത്തില്‍ ഞെട്ടി. സ്‌പേര്‍സിനെ ബേണ്‍മത് അട്ടിമറിച്ചു. ആന്റണി ഇറോളയുടെ തന്ത്രങ്ങളില്‍ ഇറങ്ങുന്ന ബേണ്‍മത് തുടരെ രണ്ടാം ജയമാണ് സ്വന്തമാക്കിയത്. അഞ്ചാം മിനിറ്റില്‍ ഇവാനില്‍സന്‍ നേടിയ ഗോളില്‍ മുന്നിലെത്തിയ അവര്‍ കടുത്ത പ്രതിരോധം തീര്‍ത്ത് ആ ഗോള്‍ സംരക്ഷിച്ചതോടെ സ്‌പേര്‍സ് നിരായുധരായി. കടുത്ത കൗണ്ടര്‍ അറ്റാക്കുകളാണ് ബേണ്‍മത് തീര്‍ത്തത്. 20 ഓളം ശ്രമങ്ങള്‍. അതില്‍ ആറ് ടാര്‍ഗറ്റുകള്‍. മറുവശത്ത് പന്ത് കൈവശം വയ്ക്കുന്നതില്‍ മാത്രമായിരുന്നു സ്‌പേര്‍സിന് മുന്‍തൂക്കം. അഞ്ച് ശ്രമങ്ങള്‍. അതില്‍ ഒരേയൊരു ഓണ്‍ ടാര്‍ഗറ്റും മാത്രം.
മോയസും എവര്‍ട്ടനും
കഴിഞ്ഞ സീസണിലെ അവസാന ഘട്ടത്തില്‍ ബോസായി ഡഗൗട്ടില്‍ തിരിച്ചെത്തിയ ഡേവിഡ് മോയസിനു കീഴില്‍ എവര്‍ട്ടന്‍ കരുത്തരാകുന്നു. തുടരെ രണ്ടാം പോരാട്ടം അവര്‍ ജയിച്ചു കയറി. വൂള്‍വ്‌സിനെ എവേ മത്സരത്തില്‍ അവര്‍ 2-3നു വീഴ്ത്തി. ബെറ്റോ, എന്‍ഡിയായെ, ഡ്വെസ്ബറി ഹാള്‍ എന്നിവരുടെ ഗോളിലാണ് എവര്‍ട്ടന്റെ ജയം. തുടരെ രണ്ട് ജയങ്ങളുമായി എവര്‍ട്ടന്‍ അഞ്ചാമത്.
സണ്ടര്‍ലാന്‍ഡ്
സണ്ടര്‍ലാന്‍ഡ് പ്രീമിയര്‍ ലീഗിലേക്കുള്ള തിരിച്ചു വരവ് രണ്ടാം ജയത്തോടെ ആഘോഷിച്ചു. ആദ്യ പോര് ജയിച്ച അവര്‍ രണ്ടാം മത്സരത്തില്‍ തോല്‍വി വഴങ്ങിയിരുന്നു. മൂന്നാം പോരാട്ടത്തില്‍ സണ്ടര്‍ലാന്‍ഡ് ബ്രെന്റ്‌ഫോര്‍ടിനെ സ്വന്തം തട്ടകത്തില്‍ വീ 2-1നു വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates