

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നും നാളെയുമായി അരങ്ങേറുന്നത് ആവേശപ്പേരാട്ടങ്ങൾ. രണ്ട് കളികളിൽ ഒരു തോൽവിയും ഒരു സമനിലയും മാത്രമുള്ള മാഞ്ചസ്റ്റർ യുനൈറ്റഡ് സീസണിലെ ആദ്യ ജയം തേടി ഇന്ന് ബേൺലിയെ നേരിടും. ജയം തുടരാൻ ചെൽസിയും ഇറങ്ങുന്നു. ടോട്ടനം, എവർട്ടൻ, ന്യൂകാസിൽ യുനൈറ്റഡ് ടീമുകളും ഇന്നിറങ്ങുന്നുണ്ട്. നാളെ തീ പാറും പോരാണ് ആരാധകരെ കാത്തിരിക്കുന്നത്. തുടരെ രണ്ട് ജയങ്ങളുമായി സീസൺ ഗംഭീരമായി തുടങ്ങിയ ആഴ്സണൽ, ലിവർപൂൾ ടീമുകൾ നേർക്കുനേർ വരുന്നു. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ് പോരാട്ടം.
ലിവർപൂൾ vs ആഴ്‌സണൽ
പ്രീമിയർ ലീഗിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നായ ലിവർപൂൾ vs ആഴ്‌സണൽ മാച്ച് നാളെ ആൻഫീൽഡിൽ നടക്കുകയാണ്. ഗോൾ ആവറേജിൽ മാത്രം മുന്നിലുള്ള ആഴ്‌സണൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മൂന്നാം സ്ഥാനത്തുള്ള ലിവർപൂളിന് ഈ മത്സരം ജയിക്കുകയാണെങ്കിൽ അവർ ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരമുണ്ട്.
2012ൽ ആണ് ആഴ്‌സണൽ ആൻഫീൽഡിൽ അവസാനമായി ജയിച്ചത്. അവസാന രണ്ട് പ്രീമിയർ ലീഗ് മാച്ച് സമനിലയിൽ ആണ് അവസാനിച്ചത്. ആഴ്‌സണലിന്റെ ബുകായോ സക, ഒഡേഗാർഡ് എന്നിവർ പരിക്കുമൂലം കളിക്കാൻ സാധ്യത ഇല്ല. ലിവർപൂളിന്റെ ഫ്രിംപോങും പരിക്കിന്റെ പിടിയിലാണ്. ആർനെ സ്ലോട്ടിന്റെ ലിവർപൂൾ ടീം നല്ല ഫോമിലാണ്. എന്നാൽ അവരെ അലട്ടുന്നത് ഒരേ സമയം രണ്ടു വിങ് ബാക് ഓവർ ലാപ്പിങിൽ പോകുമ്പോൾ സ്റ്റോപ്പർ ബാക് മാത്രം ആയി പോകുന്നതാണ്.
ചെൽസി vs ഫുൾഹാം
ചെൽസിയുടെ ഹോം ഗ്രൗണ്ട് ആയ സ്റ്റാംഫോർസ് ബ്രിഡ്ജിൽ ഫുൾഹാമിനെ നേരിടുമ്പോൾ ചെൽസിക്കു തന്നെ ആണ് മുൻതൂക്കം. വെസ്റ്റ്ഹാമിനെ അവരുടെ ഹോം ഗ്രൗണ്ടിൽ 5 -1ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവും ചെൽസിക്കുണ്ട്. കോച്ച് മരസ്കയുടെ കിഴിൽ 2025ൽ സ്റ്റാൻഫോർഡ് ബ്രിഡ്‌ജിൽ ചെൽസി തോൽവിയഞ്ഞിട്ടില്ല. ചെൽസിയുടെ സ്ട്രോങ്ങ് മിഡ്‌ഫീൽഡാണ്. ഫുൾ ബാക്ക് അറ്റാക്കിങ് ആണ് അവരുടെ ആക്രമണ ശൈലി. സൗത്ത് അമേരിക്കൻ കോമ്പിനേഷൻ എൻസോ ഫെർണാണ്ടസ്, പെഡ്രോ, എസ്റ്റെവോ, കയ്സെഡോ എന്നിവർ ഫുൾഹാമിനു തലവേദന ഉണ്ടാക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കോൾ പാമർ ഇഞ്ചുറി ആയതാണു അവരെ അലട്ടുന്നത്.
ഫുൾഹാം വിങുകൾ വഴി നടത്തുന്ന കൗണ്ടർ അറ്റാക്കിങ് ചെൽസിക്ക് തലവേദന ആകും. അതുപോലെ അവരുടെ പ്രതിരോധവും നല്ല മത്സരക്ഷമത ഉള്ളതാണ്. ആദ്യ രണ്ടു മാച്ചുകളും സമനില ആണ്. അതിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസവും അവർക്കുണ്ട്. ആ മാച്ചിൽ ബോൾ പൊസഷൻ, ഷോട്സ് ഓൺ ടാർഗറ്റുകളിൽ ഫുൾഹാം ആധിപത്യം പുലർത്തിയത്. കഴിഞ്ഞ സീസണിലാകട്ടെ പകരക്കാരുടെ ബഞ്ചിൽ നിന്നു വന്നവരാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. 19 ഗോളുകളാണ് ഇത്തരത്തിൽ കഴിഞ്ഞ സീസണിൽ അവർ നോടിയത്. ആരാധകർക്ക് തീ പാറും പോരാട്ടം കാണാം.
മാഞ്ചസ്റ്റർ യുനൈറ്റഡ് vs ബേണ്‍ലി
കാർബാവോ കപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഗ്രിംസ്‌ബി ടൗണിനോടു തോറ്റു പുറത്തായതിന്റെ ഞെട്ടലിലാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ഇറങ്ങുന്നത്. ജയത്തിൽ കുറഞ്ഞതൊന്നും അവരേയും പരിശീലകൻ റുബൻ അമോറിമിനേയും രക്ഷിക്കില്ല. ടീമിന്റെ കോൺഫിഡൻസ് ലെവലിനെ വല്ലാത ബാധിച്ച മത്സരമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഇപ്പോൾ 16ാം സ്ഥാനത്താണ്. അമോറിമിനും കാര്യങ്ങൾ ശുഭകരമല്ല. അദ്ദേഹത്തിന്റെ 3 4 3 ഫോർമേഷനെ പറ്റി ചോദ്യങ്ങൾ ഉയർത്തുകയാണ് പല മുൻ താരങ്ങളും ഫുട്ബോൾ പണ്ഡിറ്റുകളും.
മാത്യു ക്യുൻഹ, എംബ്യുമോ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരിലാണ് മാഞ്ചസ്റ്ററിന്റെ പ്രതീക്ഷ. അവർ മികവോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സ്കോട്ട് പാർക്കറിന്റെ ബേണ്‍ലി 3- 5- 2 ഫോർമേഷനിലാണ് കളിക്കുന്നത്. അവസാന മത്സരത്തിൽ സണ്ടർലാൻഡിനെ 2- 0 വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓൾഡ് ട്രഫോർഡിൽ അവർ ഇറങ്ങുന്നത്. ശക്തമായ ഡിഫൻസ് ഇന്റർസെപ്ഷനിൽ വളരെ മുന്നിൽ ആണ്.
മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു വന്ന കെയ്ൽ വാക്കറിനെ പോലെയുള്ള താരങ്ങളും അവർക്കുണ്ട്. ബെൻസൻ, ജോർദാൻ ബഷീർ, സിക്കി എന്നിവർ പരിക്കിന്റെ പിടിയിൽ ആണ്.
ടോട്ടൻഹാം vs ബേൺമത്
ടോട്ടനം ഹോട്സ്പർ അവരുടെ ഹോം ഗ്രൗണ്ടിൽ ബേൺമതിനെ നേരിടുകയാണ്. കളിച്ച രണ്ട് മത്സരവും ജയിച്ച് രണ്ടാം സ്ഥാനത്തുണ്ട് ടോട്ടനം. കഴിഞ്ഞ മത്സരത്തിൽ എവേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയതിന്റെ കത്തുന്ന ആത്മവിശ്വാസത്തിലാണ് അവർ.
തോമസ് ഫ്രാങ്കിന്റെ കീഴിൽ ടീമിന്റെ പ്രതിരോധം മെച്ചപ്പെട്ടതാണ് എടുത്തു പറയേണ്ടത്. ഒരു ഗോൾ പോലും അവർ ആദ്യ രണ്ട് കളിയിലും വഴങ്ങിയിട്ടില്ല. റിച്ചാർലിസൻ, ബ്രണ്ണൻ ജോൺസൻ എന്നിവർ അപാരഫോമിലാണ്. മിഡ്‌ഫീൽഡിൽ പരിചയ സമ്പന്നനായ ജെയിംസ് മാഡിസൻ ഇല്ലാത്തതു അവർക്കു വലിയ നഷ്ടമാണ്.
ബേൺമത് ആദ്യ മത്സരത്തിൽ ലിവർപൂളിനോടു തോറ്റാണ് സീസൺ തുടങ്ങിയത്. എന്നാൽ രണ്ടാം പോരിൽ അവർ തിരിച്ചെത്തി. ലീഡ്സിനെ അവർ 1-0ത്തിനു വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. അന്റോണിയ സെമെന്യോയിലാണ് ടീമിന്റെ പ്രതീക്ഷ.
(മുൻ സന്തോഷ് ട്രോഫി താരവും വാട്സൻ ഫുട്ബോൾ അക്കാദമി (Wattsun Football Academy) യുടെ കോച്ചിങ് തലവനും ഇന്ത്യൻ നേവി ടീം പരിശീലകനുമാണ് ലേഖകൻ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
