

മലപ്പുറം: ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അത്യാധുനിക ഫുട്ബോൾ സ്റ്റേഡിയം മലപ്പുറത്ത് യാഥാർഥ്യമാകാനുള്ള സാധ്യതകൾ തെളിയുന്നു. ഇതിനായി സ്ഥലം കണ്ടെത്താൻ സംസ്ഥാന സർക്കാർ കാലിക്കറ്റ് സർവകലാശാലയോടു ആവശ്യപ്പെട്ടു. ഇതിനായുള്ള ശ്രമങ്ങൾ സർവകലാശാല ആരംഭിച്ചു കഴിഞ്ഞു.
എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാൽ, ഫിഫ മാനദണ്ഡങ്ങൾക്കനുസൃതമായി നിർമിച്ച ഒരു അത്യാധുനിക ഫുട്ബോൾ സ്റ്റേഡിയം മലപ്പുറത്ത് ഉടൻ തന്നെ ലഭ്യമാകും. ഈ അഭിലാഷ പദ്ധതിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സംസ്ഥാന സർക്കാർ കാലിക്കറ്റ് സർവകലാശാലയോട് നിർദ്ദേശിച്ചിട്ടുണ്ട്.
പ്രധാന കാംപസിന്റെ എതിർവശത്തുള്ള ചെട്ടിയാർമാട്, ചെനക്കൽ, വില്ലുന്നിയൽ എന്നീ സ്ഥലങ്ങൾ അധികൃതർ സ്റ്റേഡിയം നിർമാണത്തിനായി പരിശോധിച്ചു. സിൻഡിക്കേറ്റ് സ്പോർട്സ് സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ എംബി ഫൈസൽ, സിൻഡിക്കേറ്റ് അംഗങ്ങളായ എൽജി ലിജീഷ്, ടിജെ മാർട്ടിൻ, ഫിസിക്കൽ എജ്യുക്കേഷൻ മേധാവി വിപി സക്കീർ ഹുസൈൻ, സർവകലാശാല എൻജിനീയർ സികെ മുബാറക് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
സ്റ്റേഡിയത്തിനായി കുറഞ്ഞത് 40 ഏക്കർ ഭൂമിയെങ്കിലും വേണം. ദേശീയപാത, വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്നത് എന്നീ ഘടകങ്ങൾ പരിഗണിച്ച ശേഷം ചെട്ടിയാർമാടാണ് മുൻഗണനയിലുള്ളത്.
കണ്ടെത്തിയ ഭൂമിയെക്കുറിച്ച് ചർച്ച ചെയ്യാൻ സർവകലാശാല ഉദ്യോഗസ്ഥർ ഉടൻ തന്നെ കായിക മന്ത്രി വി അബ്ദുറഹിമാനുമായി കൂടിക്കാഴ്ച നടത്തും. പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ഭൂമിയുടെ വിശദാംശങ്ങൾ മന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കും. സർവകലാശാല ഭൂമി നൽകിയാൽ പദ്ധതിയിൽ പങ്കാളിത്തമുണ്ടാകുമോ, സംസ്ഥാനം പൂർണ ഉടമസ്ഥാവകാശം ഏറ്റെടുക്കുമോ തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തത വരേണ്ടതുണ്ടെന്നു പരിശോധനാ സംഘം വ്യക്തമാക്കി.
സ്റ്റേഡിയം വരുന്നത് മലപ്പുറം ജില്ലയ്ക്കു മാത്രമല്ല സംസ്ഥാനത്തിന്റെ വികസനത്തിനു തന്നെ അതൊരു മുതൽക്കൂട്ടാകും. കായിക കേരളത്തിലെ സുപ്രധാന വഴിത്തിരിവായും സ്റ്റേഡിയം മാറും. അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാൻ വരെ സ്റ്റേഡിയം വരുന്നതോടെ സാധിക്കും. കായിക മേഖലയ്ക്കു പുത്തനുണർവും നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും അധികൃതർ പ്രത്യാശിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
