മിലാന്‍: 2018, 2022 ഫിഫ ലോകകപ്പുകളിലെ വലിയ നഷ്ടം മുന്‍ ലോക ചാംപ്യന്‍മാരായ ഇറ്റലിയുടെ അസാന്നിധ്യമായിരുന്നു. 2026ലെ ലോകകപ്പിലും സമാന സാഹചര്യമാണ്. ഇത്തവണയും അവര്‍ക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. എന്നാല്‍ യോഗ്യതാ പോരാട്ടങ്ങളില്‍ പരാജയപ്പെട്ട് പുറത്തായ അസൂറിപ്പടയ്ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇറ്റലിക്ക് ലോകകപ്പ് കളിക്കാനുള്ള അവസരം ഒരുപക്ഷേ കിട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്റെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തിലായതോടെയാണ് ഇറ്റലിക്ക് വീണ്ടും പ്രതീക്ഷ മുളച്ചത്. ഇത്തവണത്തെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായാണ് അരങ്ങേറുന്നത്. ഇറാന്‍- അമേരിക്ക സംഘര്‍ഷത്തിനു അയവ് വരാത്ത സാഹചര്യത്തിലാണ് ഇറാന്റെ പങ്കാളിത്തം സംശയത്തിലായിരിക്കുന്നത്.
യോഗ്യതാ റൗണ്ട് പ്ലേഓഫ് ഫൈനലില്‍ ബോസ്‌നിയ- ഹെര്‍സഗോവിന ടീമിനോടു അട്ടിമറി തോല്‍വി നേരിട്ടാണ് ഇറ്റലി ലോകകപ്പ് യോഗ്യത ഇല്ലാതെ പുറത്തായത്. ഇറ്റാലിയന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്കും ഈ തോല്‍വി തുടക്കമിട്ടിരുന്നു. പരിശീലകന്‍ ഗന്നാരോ ഗട്ടുസോ അടക്കമുള്ള പല പ്രമുഖരും ടീമില്‍ നിന്നു ഒഴിവായി. ഇറ്റാലിയന്‍ ഫുട്‌ബോളില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പോലും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതിനിടെയാണ് പുതിയ ട്വിസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍.
അതേസമയം ആ സാധ്യത അത്ര എളുപ്പമല്ല. നിലവില്‍ ഇറ്റലിയുടെ കൈയിലുമല്ല അതിന്റെ കാര്യങ്ങള്‍. ഇറാന്‍ പിന്‍മാറുന്നതിനനുസരിച്ചായിരിക്കും അസൂറികളുടെ വാതില്‍ തുറക്കപ്പെടുന്നത്. ഇറാന്‍ പിന്‍മാറിയാലും ഫിഫയ്ക്ക് പകരക്കാരായി ഇറ്റലിയെ നേരിട്ട് യോഗ്യരാക്കാന്‍ സാധിക്കില്ല. മറ്റ് ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനുകളുടെ തീരുമാനങ്ങളും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.
ലോകകപ്പില്‍ ഇറാന്‍ ജി ഗ്രൂപ്പിലാണ്. ഈജിപ്റ്റ്, ബെല്‍ജിയം, ന്യൂസിലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് മത്സരിക്കുന്നത്. അതിനിടെയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates