രഹാനെ തിളങ്ങി, ചെന്നൈ പടയോട്ടം; കൊൽക്കത്തയ്ക്ക് തുടർച്ചയായ നാലാം തോൽവി 

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് മിന്നുന്ന ജയം
ജേസൺ റോയിനെ പുറത്താക്കിയതിന്റെ സന്തോഷം പങ്കിടുന്ന ചെന്നൈ താരങ്ങൾ, പിടിഐ
ജേസൺ റോയിനെ പുറത്താക്കിയതിന്റെ സന്തോഷം പങ്കിടുന്ന ചെന്നൈ താരങ്ങൾ, പിടിഐ
Updated on
2 min read

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് മിന്നുന്ന ജയം. ചെന്നൈ ഉയർത്തിയ 236 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയുടെ ഇന്നിങ്സ്  എട്ടുവിക്കറ്റുകളുടെ നഷ്ടത്തിൽ 186 റൺസിന് അവസാനിച്ചു. കൊൽക്കത്തയുടേത് തുടർച്ചയായ നാലാം തോൽവിയാണ് 

ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ തകർച്ച നേരിട്ട കൊൽക്കത്തയ്ക്ക് പിന്നീട് ഒരു തിരിച്ചുവരവ് സാധ്യമായില്ല. എൻ ജഗദീശൻ (1), സുനിൽ നരെയ്ൻ (0) എന്നിവരെ ആദ്യ രണ്ട് ഓവറിനുള്ളിൽ തന്നെ അവർക്ക് നഷ്ടമായി. പിന്നാലെ കാര്യമായ സംഭാവനകളില്ലാതെ വെങ്കടേഷ് അയ്യരും (20) മടങ്ങി. ക്യാപ്റ്റൻ നിതിഷ് റാണയ്ക്ക് 27 റൺസെടുക്കാനേ സാധിച്ചുള്ളൂ.

എന്നാൽ നാലിന് 70 റൺസെന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ജേസൺ റോയ് - റിങ്കു സിങ് സഖ്യം പൊരുതി നോക്കി. റോയ് 26 പന്തിൽ നിന്ന് അഞ്ച് വീതം സിക്‌സും ഫോറുമടക്കം 61 റൺസെടുത്തു. എന്നാൽ റോയിയെ 15-ാം ഓവറിൽ മഹീഷ് തീക്ഷണ പുറത്താക്കിയതോടെ കൊൽക്കത്തയുടെ പ്രതീക്ഷ അകന്നു.

33 പന്തിൽ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 53 റൺസുമായി പുറത്താകാതെ നിന്ന റിങ്കുവിന് സ്‌കോർ 186-ൽ എത്തിക്കാനേ സാധിച്ചുള്ളൂ. 

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 235 റൺസ് ആണ്. ബാറ്റെടുത്തവരെല്ലാം തകർപ്പനടികളുമായി കളം നിറ‍ഞ്ഞതോടെയാണ് ചെന്നൈ മികച്ച സ്കോർ പടുത്തുയർത്തിയത്. 

ഈഡൻ ​ഗാർഡൻസിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ കൂടിയാണിത്. ടോസ് നേടി കെകെആർ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ ഇന്നിങ്സിൽ 18 സിക്സുകൾ പിറന്നു. അജിൻക്യ രഹാനെ, ഡെവോൺ കോൺവെ, ശിവം ഡുബെ എന്നിവർ അർധ സെഞ്ച്വറി നേടി. 

രഹാനെയാണ് ടോപ് സ്കോറർ. അമ്പരപ്പിക്കുന്ന ബാറ്റിങ് രഹാനെ ഇത്തവണയും തുടർന്നു. താരം വെറും 29 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും സഹിതം അടിച്ചെടുത്തത് 71 റൺസ്. രഹാനെ പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോൾ രഹാനെയ്ക്കൊപ്പം രണ്ട് റണ്ണുമായി ക്യാപ്റ്റൻ ധോനിയും ക്രീസിൽ നിന്നു. 

ബാറ്റിങിന് ഇറങ്ങിയ ചെന്നൈക്ക് ഋതുരാജ് ​ഗെയ്ക്‌വാദ്- ഡെവോൺ കോൺവെ സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റ് ലഭിക്കാൻ കൊൽക്കത്തയ്ക്ക് 73 റൺസ് വരെ കാക്കേണ്ടി വന്നു. 20 പന്തിൽ 35 റൺസുമായി ​ഗെയ്ക്‌വാദ് മടങ്ങി. താരം മൂന്ന് സിക്സും രണ്ട് ഫോറും പറത്തി. 

പിന്നീട് ക്രീസിലെത്തിയ അജിൻക്യ രഹാനെയും കൂറ്റനടികളുമായി കളം നിറഞ്ഞു. സ്കോർ 109ൽ എത്തിയപ്പോൾ അർധ സെഞ്ച്വറി നേടിയ കോൺവെയും പുറത്തായി. താരം 56 റൺസെടുത്തു. 40 പന്തിൽ നാല് ഫോറും മൂന്ന് സിക്സും താരം നേടി. 

നാലാമനായി എത്തിയ ശിവം ഡുബെയും തകർപ്പൻ അടി തുടർന്നു. ഇവിടം മുതൽ സ്കോറിങിനും വേ​ഗം കൂടി. ഡുബെ 21 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സും സഹിതം 50 റൺസ് വാരിയാണ് മടങ്ങിയത്. 

പിന്നീടെത്തിയ ജഡേജ എട്ട് പന്തുകൾ മാത്രമാണ് നേരിട്ടത്. പക്ഷേ രണ്ട് സിക്സുകൾ സഹിതം 18 റൺസെടുത്താണ് താരം മടങ്ങിയത്. 

സുയഷ് ശർമ ഒഴികെ കൊൽക്കത്തയുടെ ആറ് ബൗളർമാരും ഓവറിൽ പത്തിന് മുകളിൽ റൺസ് വഴങ്ങി. നാലോവറിൽ 29 റൺസാണ് സുയഷ് വഴങ്ങിയത്. ഒരു വിക്കറ്റും എടുത്തു. കുൽവന്ത് ഖജോരിയ രണ്ട് വിക്കറ്റെടുത്തു. ശേഷിച്ച വിക്കറ്റ് വരുൺ ചക്രവർത്തിയും സ്വന്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com