

ജയ്പുര്‍: ടീം മാനേജ്‌മെന്റിന്റേയും സപ്പോര്‍ട്ട് സ്റ്റാഫുകളുടേയും കഠിനാധ്വാനമാണ് ടീമിലെ യുവ താരങ്ങളുടെ മികവാര്‍ന്ന പ്രകടനത്തിന് പിന്നിലെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തിലെ ഹോം മത്സരം വിജയിച്ചതിന് പിന്നാലെയായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ജയത്തോടെ ചെന്നൈയെ മറികടന്ന് രാജസ്ഥാന്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു.
മത്സരത്തില്‍ യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍, ദേവ്ദത്ത് പടിക്കല്‍ അടക്കമുള്ള യുവ താരങ്ങളുടെ മികവാണ് രാജസ്ഥാന് വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. യുവതയുടെ മികവ് ചൂണ്ടിയാണ് സഞ്ജു ടീം മാനേജ്‌മെന്റിനേയും സപ്പോര്‍ട്ട് സ്റ്റാഫിനേയും പ്രശംസിച്ചത്.
ജയ്‌സ്വാള്‍, ജുറേല്‍, ദേവ്ദത്ത് പടിക്കല്‍ അടക്കമുള്ള യുവ താരങ്ങളുടെ മനോഭാവത്തില്‍ പരിശീലക സംഘം വരുത്തിയ മാറ്റമാണ് ടീമിന്റെ മുന്നേറ്റത്തെ കാര്യമായി സ്വാധീനിക്കുന്നത്. ആക്രമിക്കുക എന്ന തരത്തിലേക്ക് യുവ താരങ്ങളുടെ മനോഭാവം പരിവര്‍ത്തിപ്പിക്കാന്‍ പരിശീലക സംഘത്തിന് സാധിച്ചതായി സഞ്ജു പറയുന്നു.
'ഇത്തരത്തിലുള്ള വിജയമാണ് ഡഗൗട്ട് ആഗ്രഹിക്കുന്നത്. ജയ്‌സ്വാളും ജുറേലും പടിക്കലും ഉജ്ജ്വലമായാണ് ബാറ്റ് വീശിയത്. ആക്രമിക്കുക, ആക്രമിക്കുക, ആക്രമിക്കുക എന്ന മനോഭാവം നിരന്തരം നിലനിര്‍ത്താനാണ് ഡ്രസിങ് റൂമില്‍ വച്ച് താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്.'
'താരങ്ങളുടെ മികവിന്റെ എല്ലാ ക്രെഡിറ്റും ടീം മാനേജ്‌മെന്റിനും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കുമാണ്. അക്കാദമിയില്‍ അവര്‍ ജയ്‌സ്വാളടക്കമുള്ളവരെ മികവിലെത്തിക്കാന്‍ കഠിനാധ്വാനമാണ് നടത്തുന്നത്. ഈ വിജയങ്ങള്‍ അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ജയ്‌സ്വാളടക്കമുള്ള താരങ്ങളുടെ നിലവിലെ മികവ് അഭിമാനകരമാണ്'- സഞ്ജു വ്യക്തമാക്കി.
ചെന്നൈക്കെതിരായ പോരാട്ടത്തില്‍ 43 പന്തില്‍ 77 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചുകൂട്ടിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ബട്‌ലറെ കാഴ്ചക്കാരനാക്കി ജയ്‌സ്വാള്‍ കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. പിന്നീട് ക്രീസിലെത്തിയ ധ്രുവ് ജുറേല്‍ 15 പന്തില്‍ അടിച്ചെടുത്തത് 34 റണ്‍സ്. ദേവ്ദത്ത് പടിക്കല്‍ 12 പന്തില്‍ 24 റണ്‍സും സ്വന്തമാക്കി.
രാജസ്ഥാന്റെ അടുത്ത പോരാട്ടം മുംബൈ ഇന്ത്യന്‍സുമായാണ്. വാംഖഡെ സ്‌റ്റേഡിയത്തിലാണ് കരുത്തന്‍മാര്‍ നേര്‍ക്കുനേര്‍ വരുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates