ബിസിസിഐ ചോദിച്ചു; ധോനി 'യെസ്' പറഞ്ഞു; രഹാനെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി! 

നിലവില്‍ ധോനിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലാണ് രഹാനെ കളിക്കുന്നത്. നടപ്പ് ഐപിഎല്‍ സീസണില്‍ ടീമിന് റണ്‍സ് അടിച്ചു കൂട്ടുകയാണ് താരം
ധോനി, രഹാനെ/ ട്വിറ്റർ
ധോനി, രഹാനെ/ ട്വിറ്റർ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വെറ്ററന്‍ താരം അജിന്‍ക്യ രഹാനെയുടെ വരവ് അപ്രതീക്ഷിതമായിരുന്നു. ദീര്‍ഘ നാളായി ടീമില്‍ ഇടമില്ലാതിരുന്ന താരം നിലവിലെ ഐപിഎല്‍ സീസണില്‍ മിന്നും ഫോമിലാണ് ബാറ്റ് വീശുന്നത്. എന്നാല്‍ ടെസ്റ്റ് ടീമിലേക്കുള്ള അപ്രതീക്ഷിത തിരിച്ചു വരവില്‍ ഈ ബാറ്റിങ് മികവല്ല കാരണം. 

മുന്‍ വൈസ് ക്യാപ്റ്റന്റെ തിരിച്ചു വരവില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ മഹേന്ദ്ര സിങ് ധോനിക്ക് നിര്‍ണായക പങ്കുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. ടീം സെലക്ഷന് മുന്‍പായി ബിസിസിഐ ധോനിയുടെ അഭിപ്രായം തേടിയിരുന്നു. ധോനി സഹ താരത്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവിന് പച്ച കൊടി വീശിയതോടെയാണ് രഹാനെ വീണ്ടും ടീമിലേക്ക് എത്തിയത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിലവില്‍ ധോനിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലാണ് രഹാനെ കളിക്കുന്നത്. നടപ്പ് ഐപിഎല്‍ സീസണില്‍ ടീമിന് റണ്‍സ് അടിച്ചു കൂട്ടുകയാണ് താരം. 199 സ്‌ട്രൈക്ക് റേറ്റുമായാണ് താരം ഫോമില്‍ തുടരുന്നത്. അഞ്ച് മത്സരങ്ങള്‍ കളിച്ച രഹാനെ രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 52 റണ്‍സ് ശരാശരിയില്‍ 209 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തത്. 

ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടം അരങ്ങേറുന്നത്. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. രഹാനെയ്‌ക്കൊപ്പം ശാര്‍ദു ഠാക്കൂറും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, കെഎല്‍ രാഹുല്‍, കെഎസ് ഭരത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com