'അതൊരു പന്തയം'- ഡഗൗട്ടിലെ ആഘോഷത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സ്റ്റെയ്ൻ
മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ഉജ്ജ്വല യോർക്കറിലൂടെ ഉമ്രാൻ മാലിക് ക്ലീൻ ബൗൾഡാക്കിയതിന് പിന്നാലെ ഡഗൗട്ടിൽ വലിയ ആഘോഷമാണ് നടന്നത്. ഹൈദരാബാദ് പേസ് ബൗളിങ് കോച്ചായ പേസർ ഡെയ്ൽ സ്റ്റെയ്നും സ്പിൻ പരിശീലകനായ മുത്തയ്യ മുരളീധരനും തമ്മിലാണ് ആഹ്ലാദം പങ്കിട്ടത് ആരാധകർക്ക് കൗതുകമായിരുന്നു. ശ്രദ്ധേയമായ ഈ ആഘോഷത്തിന്റെ കാരണം പക്ഷേ ആർക്കും പിടികിട്ടിയിരുന്നില്ല.
ഇപ്പോഴിതാ സ്റ്റെയ്ൻ തന്നെ ഈ സസ്പെൻസിന്റെ കാരണം പൊട്ടിച്ചു. താനും മുത്തയ്യ മുരളീധരനും മുഖ്യ പരിശീലകനായ ടോം മൂഡിയും തമ്മിലുള്ള ചെറിയ പന്തയമാണ് ആഘോഷത്തിനു പിന്നിലെ രഹസ്യമെന്ന് സ്റ്റെയ്ൻ വെളിപ്പെടുത്തി. ഇന്നലെ, കൊൽക്കത്ത ഇന്നിങ്സിന്റെ പത്താം ഓവറിലാണ് ഉമ്രാൻ മാലികിന്റെ ഉജ്വലമായ യോർക്കറിലാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ പുറത്തായത്.
'ഉമ്രാൻ യോർക്കാർ എറിഞ്ഞാൽ ശ്രേയസിന്റെ വിക്കറ്റ് തെറിക്കുമെന്നു മുത്തയ്യ മുരളീധരൻ മുൻകൂട്ടി പറഞ്ഞിരുന്നു. എന്നാൽ യോർക്കർ എറിഞ്ഞാൽ ഉമ്രാന്റെ തലയ്ക്കു മുകളിലൂടെ ഫോർ പോകുമെന്ന് ഞാനും ടോം മൂഡിയും പറഞ്ഞു. പക്ഷേ മുരളീധരൻ പറഞ്ഞത് ശരിയായി. അതുകൊണ്ടാണ് ശ്രേയസിന്റെ വിക്കറ്റ് വീണതിനു പിന്നാലെ ഞാൻ അദ്ദേഹത്തിന്റെ അടുത്തുചെന്നു ആഹ്ലാദം പ്രകടിപ്പിച്ചത്. ഒരു സ്പിൻ ബൗളറായ അദ്ദേഹം ഇങ്ങനെ കൃത്യമായി പ്രവചിക്കുമ്പോൾ ഞാൻ മറ്റെന്താണ് ചെയ്യേണ്ടത്'- സ്റ്റെയ്ൻ ചോദിച്ചു.
മത്സരത്തിൽ, ഏഴു വിക്കറ്റിനാണ് സൺറൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്തയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 175 റൺസ്. മറുപടി ബാറ്റിങ്ങിൽ 13 പന്തും ഏഴ് വിക്കറ്റും ബാക്കിയാക്കി ഹൈദരാബാദ് വിജയത്തിലെത്തി. മത്സരത്തിൽ നാലോവറിൽ 29 റൺസ് മാത്രം വഴങ്ങി ഉമ്രാൻ രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
