148.8 കിമീ വേഗത്തില്‍ മൂളിപ്പറന്നെത്തിയ യോര്‍ക്കര്‍; ശ്രേയസ് ക്ലീന്‍ ബൗള്‍ഡ്! ഡഗൗട്ടില്‍ ആഘോഷവുമായി സ്‌റ്റെയ്ന്‍ (വീഡിയോ)

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ പോരാട്ടത്തില്‍ ഉജ്ജ്വലമായി പന്തെറിയാന്‍ ഉമ്രാന് സാധിച്ചു
വീഡിയോ സ്ക്രീൻഷോട്ട്
വീഡിയോ സ്ക്രീൻഷോട്ട്

മുംബൈ: അസാമാന്യ വേഗം കൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉമ്രാന്‍ മാലിക്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാണ് ഉമ്രാന്‍ ബാറ്റിങ് നിരയെ വിറപ്പിക്കുന്നത്. 

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ പോരാട്ടത്തില്‍ ഉജ്ജ്വലമായി പന്തെറിയാന്‍ ഉമ്രാന് സാധിച്ചു. സീസണിലെ താരത്തിന്റെ മികച്ച പ്രകടനം കൂടിയായിരുന്നു കൊല്‍ക്കത്തെയ്‌ക്കെതിരെ കണ്ടത്. താരം നാലോവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 

മത്സരത്തില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ക്ലീന്‍ ബൗള്‍ഡാക്കിയും ഷെല്‍ഡന്‍ ജാക്‌സനെ ടി നടരാജന്റെ കൈകളില്‍ എത്തിച്ചുമാണ് ഉമ്രാന്‍ മാലിക് രണ്ട് വിക്കറ്റുകള്‍ നേടിയത്. ഇതില്‍ ശ്രേയസിനെ പുറത്താക്കിയ പന്ത് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാണ്. 

ഉജ്ജ്വലമായ യോര്‍ക്കറിലൂടെയാണ് ശ്രേയസിന്റെ കുറ്റി ഉമ്രാന്‍ തെറിപ്പിച്ചത്. മികച്ച വേഗവും തന്ത്രവും യോര്‍ക്കറിന്റെ കൃത്യതയും ആ പന്തിനെ ശ്രദ്ധേയമാക്കി. 148.8 കിലോമീറ്റര്‍ വേഗതയിലാണ് പന്ത് പറന്നത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഷോര്‍ട്ട് ബോളില്‍ സ്ഥിരമായി കാണിക്കാറുള്ള അബദ്ധം മുതലെടുത്താണ് ഉമ്രാന്‍ ശ്രേയസിനെ മടക്കിയത്. 

ഉമ്രാന്‍ വിക്കറ്റെടുത്തപ്പോള്‍ താരത്തേക്കാള്‍ ആഘോഷിച്ച മറ്റൊരാളുണ്ടായിരുന്നു. ഡഗൗട്ടില്‍ ഇരുന്ന ഹൈദരാബാദ് പേസ് ബൗളിങ് കോച്ച് ഡെയ്ല്‍ സ്‌റ്റെയ്‌നാണ് വിക്കറ്റ് നേട്ടം ശരിക്കും ആഘോഷിച്ചത്. യോര്‍ക്കറില്‍ ശ്രേയസ് ക്ലീന്‍ ബൗള്‍ഡായപ്പോള്‍ ഇരിപ്പിടത്തില്‍ നിന്ന് ചാടിയെഴുന്നേറ്റ് തൊട്ടടുത്തിരുന്ന ഹൈദരാബാദിന്റെ സ്പിന്‍ ബൗളിങ് കോച്ച് മുത്തയ്യ മുരളീധരനെ കെട്ടിപ്പിടിച്ചും മറ്റുമാണ് സ്റ്റെയ്ന്‍ ആഘോഷം കൊഴുപ്പിച്ചത്. 

മത്സരത്തിനിടെയുണ്ടായ ഈ രംഗങ്ങള്‍ ആരാധകരുടെ ഹൃദയം കീഴടക്കി. തങ്ങള്‍ പറഞ്ഞു കൊടുക്കുന്ന തന്ത്രങ്ങള്‍ താരങ്ങള്‍ കളത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ കോച്ചെന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന ആനന്ദത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ കാഴ്ച.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com