'ആസ്വദിച്ചു കളിച്ചു, കൊല്‍ക്കത്തയ്ക്കും ഹൈദരാബാദിനുമുള്ള 'സ്‌പെഷല്‍' അര്‍ധ സെഞ്ച്വറി'- രാഹുല്‍ ത്രിപാഠി

കൊല്‍ക്കത്തയ്‌ക്കെതിരേ ആസ്വദിച്ചാണ് ബാറ്റ് ചെയ്തതെന്ന് മത്സര ശേഷം രാഹുല്‍ പറഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇത്തവണത്തെ ഐപിഎല്ലിന്റെ തുടക്കത്തില്‍ തുടര്‍ തോല്‍വികള്‍ നേരിട്ട സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയ വഴിയിലാണ് ഇപ്പോള്‍. തുടര്‍ച്ചയായി മൂന്ന് വിജയങ്ങളുമായി അവര്‍ നില മെച്ചപ്പെടുത്തി. ഇന്നലെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ അനായാസ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ടീമിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചത് മുന്‍ കൊല്‍ക്കത്ത താരം കൂടിയായ രാഹുല്‍ ത്രിപാഠിയാണ്. ഹൈദരാബാദ് ടീമിനായി താരം നേടുന്ന ആദ്യ അര്‍ധ സെഞ്ച്വറി വിജയത്തിന് അടിത്തറയിടുന്നതായി മാറി. 

37 പന്തുകള്‍ നേരിട്ട് 71 റണ്‍സ് അടിച്ചെടുത്ത രാഹുല്‍ ആറ് സിക്‌സുകളും നാല് ഫോറുകളും പറത്തി. എയ്ഡന്‍ മാര്‍ക്രത്തെ കൂട്ടുപിടിച്ചാണ് രാഹുല്‍ വിജയത്തിന് അടിത്തറയിട്ടത്. 

കൊല്‍ക്കത്തയ്‌ക്കെതിരേ ആസ്വദിച്ചാണ് ബാറ്റ് ചെയ്തതെന്ന് മത്സര ശേഷം രാഹുല്‍ പറഞ്ഞു. സവിശേഷ നിമിഷങ്ങളാണ് തന്റെ മുന്‍ ടീമിനെതിരായ മത്സരത്തിലുണ്ടായതെന്നും രാഹുല്‍ പറയുന്നു. വരുണ്‍ ചക്രവര്‍ത്തിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രങ്ങള്‍ ക്രീസില്‍ നടപ്പിലാക്കിയെന്നും രാഹുല്‍ വ്യക്തമാക്കി. 

'കൊല്‍ക്കത്തയില്‍ കളിക്കുമ്പോള്‍ സവിശേഷമായ ചില ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിച്ചിരുന്നു. സമാനമായ ഇന്നിങ്‌സായിരുന്നു ഹൈദരാബാദിന് വേണ്ടിയും കളിച്ചത്. കഴിഞ്ഞ ആഴ്ച വരെ ആരോഗ്യം സംബന്ധിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടീം മികച്ച പിന്തുണ നല്‍കി.'

'ഞാന്‍ നന്നായി ആസ്വദിച്ചാണ് കളിച്ചത്. ചില ദിവസങ്ങള്‍ കഠിനമായിരിക്കും. ചില ദിവസങ്ങള്‍ നന്നായിരിക്കും. ബാറ്റിങിന് ഇറങ്ങുമ്പോള്‍ അല്‍പ്പം സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇത്തരമൊരു ഇന്നിങ്‌സ് കളിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്'- രാഹുല്‍ വ്യക്തമാക്കി. 

കഴിഞ്ഞ സീസണ്‍ വരെ കൊല്‍ക്കത്ത താരമായിരുന്ന രാഹുലിനെ അവര്‍ ടീമില്‍ നിലനിര്‍ത്തിയില്ല. ലേലത്തില്‍ 8.50 കോടി രൂപയ്ക്കാണ് ഹൈദരാബാദ് താരത്തെ തട്ടകത്തില്‍ എത്തിച്ചത്. അതിന്റെ മൂല്യം മൂന്നാം വിജയത്തിന്റെ രൂപത്തില്‍ ഇപ്പോള്‍ ടീമിനെ തേടിയെത്തുകയും ചെയ്തു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com