

മുംബൈ: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക് മെഡല്‍ ജേതാവായ ഇതിഹാസ ഗുസ്തി താരം കെഡി ജാദവിന് (ഖാഷാബ ദാദാസാഹേബ് ജാദവ്) മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കുന്ന കാര്യത്തില്‍ മെയ് 4നകം തീരുമാനമെടുക്കാന്‍ ബോംബെ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കെഡി ജാദവിന്റെ മകന്‍ രഞ്ജിത് ജാദവ് സ്ഥാപിച്ച 'കുസ്തീവീര്‍ ഖാഷാബ ജാദവ് ഫൗണ്ടേഷന്‍' സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദ്ദേശം.
മഹാരാഷ്ട്ര സ്വദേശിയായ ജാദവ് ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക് മെഡല്‍ ജേതാവാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ഹൈക്കോടതി കോലാപ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസുമാരായ മാധവ് ജാംദാര്‍, പ്രവീണ്‍ പാട്ടീല്‍ എന്നിവരുടെ ഉത്തരവില്‍ പറയുന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ജാദവിന് മരണാനന്തരമായി നല്‍കുന്നതിനായി ഫൗണ്ടേഷന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പുതിയതായി തീരുമാനമെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് (പത്മ അവാര്‍ഡ് സെല്‍) നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
'ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം മെയ് 4നോ അതിനു മുന്‍പോ എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നു'- എന്ന് വ്യക്തമാക്കിയ കോടതി, ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മെയ് 5ലേക്ക് മാറ്റി. ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനാവശ്യമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
1984-ല്‍ അന്തരിച്ച കെഡി ജാദവ് 1952ലെ ഹെല്‍സിങ്കി ഒളിംപിക്‌സിലാണ് വെങ്കല മെഡല്‍ നേടിയത്. ഫ്രീ സ്‌റ്റൈല്‍ ബാന്റം വെയ്റ്റ് ഗുസ്തിയില്‍ (57 കിലോ ഗ്രാം വിഭാഗം) ആണ് അദ്ദേഹത്തിന്റെ നേട്ടം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ഒളിംപിക് നേട്ടം കൂടിയാണിത്.
2001ല്‍ അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി അര്‍ജുന അവാര്‍ഡ് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനായി കുടുംബം പലതവണ സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കിയിന്നു. എന്നാല്‍ പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഫൗണ്ടേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates