കേപ് ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ നാല് റൺസിന്റെ തോൽവി വഴങ്ങി പരമ്പര സമ്പൂർണമായി അടിയവറവ് വച്ചിരുന്നു. മൂന്നാം ഏകദിനത്തിൽ വാലറ്റത്ത് അർധ സെഞ്ച്വറി നേടി ദീപക് ചഹർ ഇന്ത്യക്ക് പ്രതീക്ഷ നൽകിയിരുന്നു.
എന്നാൽ താരത്തിന്റെ പുറത്താകൽ ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തിലേക്ക് തിരിച്ചെത്താനുള്ള അവസരം നൽകി. ഇതിലും വേഗത്തിൽ തോൽവി മുന്നിൽ കണ്ട ഇന്ത്യക്ക് വിജയ പ്രതീക്ഷ നൽകാൻ ദീപകിന്റെ ഇന്നിങ്സിന് സാധിച്ചു. മത്സര ശേഷം ഏറെ നിരാശനായി ഇരിക്കുന്ന ദീപകിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ആരാധകർക്ക് നോവായി മാറി ദീപകിന്റെ ചിത്രങ്ങൾ. മത്സര ശേഷം ബൗണ്ടറിക്കു സമീപം സങ്കടപ്പെട്ട് ഇരിക്കുന്ന ചഹറിന്റെ ചിത്രമാണ് വൈറലായി മാറിയത്. 34 പന്തിൽ നിന്ന് അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 54 റൺസെടുത്ത ചഹർ, 48–ാം ഓവറിന്റെ ആദ്യ പന്തിലാണ് പുറത്തായത്.
40–ാം ഓവറിൽ സൂര്യകുമാർ യാദവ് പുറത്തായതിനു പിന്നാലെയാണ് ചഹർ ക്രീസിലെത്തിയത്. സൂര്യകുമാർ യാദവ് കൂടി പുറത്തായതോടെ തോൽവിയുറപ്പിച്ച ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ സമ്മാനിച്ചാണ് പിന്നീട് ചഹർ ബാറ്റ് വീശിയത്. ജയന്ത് യാദവ് കാര്യമായ സംഭാവനകൾ കൂടാതെ പുറത്തായെങ്കിലും തുടർന്നെത്തിയ ജസ്പ്രീത് ബുമ്റയെ കൂട്ടുപിടിച്ച് എട്ടാം വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ട് തീർത്താണ് ചഹർ ഇന്ത്യയെ കരകയറ്റിയത്.
തോൽവി ഉറപ്പിച്ചിടത്തുനിന്ന് അവസാന മൂന്ന് ഓവറിൽ വിജയത്തിലേക്ക് 10 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് ചഹർ പുറത്തായത്. ലുംഗി എൻഗിഡിക്കെതിരെ ബൗണ്ടറി നേടാനുള്ള ശ്രമത്തിൽ ഡ്വെയിൻ പ്രിട്ടോറിയസിന് ക്യാച്ച് സമ്മാനിച്ചാണ് ചഹർ പുറത്തായത്. വിജയത്തിന്റെ വക്കിൽ വിക്കറ്റ് നഷ്ടമായതിന്റെ നിരാശയത്രയും പ്രകടിപ്പിച്ചാണ് ചഹർ പവലിയനിലേക്ക് മടങ്ങിയത്. ബാറ്റ് നെറ്റിയോടു ചേർത്തുവച്ച് നിരാശനായി മടങ്ങുന്ന ചഹറിന്റെ ചിത്രവും ആരാധകർ പങ്കിടുന്നുണ്ട്.
ചഹർ പുറത്തായതിനു പിന്നാലെ തകർന്നടിഞ്ഞ ഇന്ത്യയ്ക്ക് ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ വെറും അഞ്ച് റൺസിനിടെയാണ് നഷ്ടമായത്. ഇതോടെ ഇന്ത്യ വിജയത്തിന്റെ വക്കിൽ നിന്ന് തോൽവിയിലേക്കു വഴുതി. മത്സര ശേഷം ചഹറിന്റെ ഇന്നിങ്സിനെ അഭിനന്ദിച്ച് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ കെഎൽ രാഹുലും ഉൾപ്പെടെയുള്ളവർ പിന്നീട് രംഗത്തെത്തിയിരുന്നു.
‘ദീപക് ചഹർ തനിക്കു കിട്ടിയ അവസരങ്ങളെല്ലാം ഏറ്റവും നന്നായിത്തന്നെ വിനിയോഗിച്ചു. മുൻപ് ശ്രീലങ്കയിലും ഇപ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും അദ്ദേഹത്തിന്റെ ബാറ്റു കൊണ്ടുള്ള പ്രകടനം നാം കണ്ടു. ബാറ്റിങ്ങിൽ അദ്ദേഹത്തിന് സ്വാഭാവികമായി ലഭിച്ച ഒരു കഴിവുണ്ട്. അദ്ദേഹം സ്വാഭാവികമായി ഒരു ബൗളറുമാണ്. ഇന്ത്യ എ ടീമിനൊപ്പമുള്ളപ്പോൾത്തന്നെ ചഹറിന്റെ കഴിവ് എനിക്കറിയാം. ടീമിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ചഹറിന്റെ സാന്നിധ്യം ഉപകരിക്കും’ – ദ്രാവിഡ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates