

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഓപ്പണർ കെഎൽ രാഹുലിനെ എൽബിഡബ്ല്യു ഔട്ടിൽ നിന്നു രക്ഷപ്പെടുത്തി ദേവ്ദത്ത് പടിക്കൽ. നാലാം ദിനത്തിൽ യശസ്വി ജയ്സ്വാളിനെ മൂന്നാം പന്തിൽ ഇന്ത്യക്ക് പൂജ്യത്തിൽ നഷ്ടമായിരുന്നു. പിന്നാലെയാണ് ഒന്നാം ഇന്നിങ്സിലെ ഉജ്ജ്വല കൂട്ടുകെട്ട് രണ്ടാം ഇന്നിങ്സിലും ഇരുവരും ആവർത്തിച്ചത്. അതിനിടെയാണ് രാഹുൽ ദേവ്ദത്തിന്റെ ഇടപെടലിൽ ഔട്ടിൽ നിന്നു രക്ഷപ്പെട്ടത്. നിർണായകമായ 65 റൺസ് ബോർഡിൽ ചേർത്താണ് കൂട്ടുകെട്ട് പിരിഞ്ഞത്.
മത്സരത്തിന്റെ 11ാം ഓവറിലാണ് പ്രഭാത് ജയസൂര്യയുടെ പന്തിൽ കെഎൽ രാഹുൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയത്. രാഹുലിന്റെ പാഡിൽ കൊണ്ട് പന്ത് അംപയർ ഔട്ട് വിളിക്കുകയായിരുന്നു. തുടക്കത്തിൽ താൻ ഔട്ടാണെന്നു രാഹുലും കരുതി. അദ്ദേഹം പവലിയനിലേക്ക് നടക്കാനും തുടങ്ങി. എന്നാൽ പടിക്കൽ അദ്ദേഹത്തെ തടഞ്ഞു. ഡിആർഎസ് എടുക്കാൻ നിർബന്ധിച്ചു. അതിനു രാഹുൽ വഴങ്ങി. താരം ഡിആർഎസ് എടുത്തു.
പരിശോധനയിൽ പന്ത് സ്റ്റംപിനു കൊള്ളാതെ മുകളിൽ കൂടി നേരിയ വ്യത്യാസത്തിൽ കടന്നു പോകുന്നതായി തെളിഞ്ഞു. ഇതോടെ ഫീൽഡ‍് അംപയർ തീരുമാനം മാറ്റി രാഹുൽ നോട്ടൗട്ടാണെന്നു വിധിച്ചു. പിന്നാലെ ദേവ്ദത്ത് പടിക്കലിനെ കെട്ടിപ്പിടിച്ച് രാഹുൽ ചുംബിക്കുന്നതായി കാണിച്ചാണ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ആദ്യ ഇന്നിങ്സിൽ 82 റൺസ് നേടിയ രാഹുൽ രണ്ടാം ഇന്നിങ്സിൽ 2 വീതം സിക്സും ഫോറും സഹിതം 35 റൺസുമായി മടങ്ങി.
അപൂർവ പട്ടികയിൽ രാഹുലും ദേവ്ദത്തും
ശ്രീലങ്കൻ മണ്ണിൽ ഒരു ടെസ്റ്റ് പോരാട്ടത്തിന്റെ രണ്ട് ഇന്നിങ്സിലും 50, പ്ലസ് സ്കോർ കൂട്ടുകെട്ടുയർത്തുന്ന നാലാമത്തെ ഇന്ത്യൻ സഖ്യമായി ഇരുവരും മാറി. നേരത്തെ 2001ൽ സദഗോപൻ രമേശ്- ശിവ് സുന്ദർ ദാസ്, 2008ൽ ഗാലെയിലും കൊളംബോയിലുമായി വീരേന്ദർ സെവാഗ്- ഗൗതം ഗംഭീർ, 2010ൽ കൊളംബോയിൽ വിവിഎസ് ലക്ഷ്മൺ- സുരേഷ് റെയ്ന സഖ്യങ്ങളും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates