

പാരിസ്: ലൈംഗീകാതിക്രമണ കേസിലെ അന്വേഷണവുമായി സഹകരിക്കാതിരുന്ന നെയ്മറുടെ നടപടിയാണ് താരവുമായുള്ള കരാർ അവസാനിപ്പിച്ചതിന് പിന്നിലെന്ന് പ്രമുഖ ബ്രാൻഡായ നൈക്കി. 2020ലാണ് നെയ്മറുമായുള്ള 15 വർഷം നീണ്ട സ്പോൺസർഷിപ്പ് നൈക്കി അവസാനിപ്പിച്ചത്.
കമ്പനിയിലെ ജീവനക്കാരിൽ ഒരാൾ ഉന്നയിച്ച വിശ്വാസയോഗ്യമായ ആരോപണത്തിൽ അന്വേഷണം നടത്താൻ നെയ്മർ സഹകരിച്ചില്ലെന്ന് നൈക്കി വെളിപ്പെടുത്തുന്നു. 2016ൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു ആരോപണം. 2018ലാണ് കമ്പനിയിലെ ജീവനക്കാരി ഔദ്യോഗികമായി പരാതി നൽകുന്നത്.
ആ സമയം തന്നെ നൈക്കി അന്വേഷണത്തിന് തയ്യാറായെങ്കിലും സ്വകാര്യത ഹനിക്കപ്പെടരുതെന്ന ജീവനക്കാരിയുടെ അപേക്ഷയിൽ കാര്യങ്ങൾ പരസ്യപ്പെടുത്തിയില്ല. എന്നാൽ 2019ൽ നിയമപരമായി നേരിടാൻ അവർ താത്പര്യം പ്രകടിപ്പിച്ചതായും കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് നെയ്മർക്ക് നേരെ ഉയർന്നിരിക്കുന്നത് എന്ന് നെയ്മറുടെ വക്താവ് പ്രതികരിച്ചു.
നൈക്കുമായുള്ള കൊമേഴ്ഷ്യൽ ഡീൽ അവസാനിച്ചത് സാമ്പത്തിക കാര്യങ്ങളുടെ പേരിലാണെന്നും മറ്റൊന്നുമായും അതിന് ബന്ധമില്ലെന്നും നെയ്മറുടെ വക്താവ് പറയുന്നു. നൈക്കുമായുള്ള കരാർ അവസാനിച്ച ഉടനെ തന്നെ പ്യൂമയുമായി നെയ്മർ കരാറിലെത്തി. 2019ൽ നെയ്മർക്ക് എതിരെ ലൈംഗീകാരോപണം ഉയർന്നിരുന്നു. പാരീസ് ഹോട്ടലിൽ വെച്ച് ബ്രസീലിയൻ മോഡലിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates