മോദി സ്റ്റേഡിയത്തിൽ ഇം​ഗ്ലണ്ടിനെ കറക്കി വീഴ്ത്തി; ഇന്ത്യക്ക് വമ്പൻ ജയം

മോദി സ്റ്റേഡിയത്തിൽ ഇം​ഗ്ലണ്ടിനെ കറക്കി വീഴ്ത്തി; ഇന്ത്യക്ക് വമ്പൻ ജയം
ഇന്ത്യൻ ടീം/ പിടിഐ
ഇന്ത്യൻ ടീം/ പിടിഐ
Updated on
2 min read

അഹമ്മദാബാദ്: ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായി മാറിയ അഹമ്മദാബാദിലെ മോദി സ്റ്റേഡിയത്തിലെ ടെസ്റ്റ് പോരാട്ടം വെറും രണ്ട് ദിവസം കൊണ്ട് അവസാനിപ്പിച്ച് പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം. 49 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അനായാസം വിജയം പിടിക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 49 റൺസെടുത്താണ് വിജയിച്ചത്. 

ഓപണർമാരായ രോഹിത് ശർമ 25 റൺസും ശുഭ്മാൻ ​ഗിൽ 15 റൺസുമായി പുറത്താകാതെ നിന്നു. രോഹിത് മൂന്ന് ഫോറും ഒരു സിക്സും അടിച്ചപ്പോൾ ​ഗിൽ ഓരോ സിക്സും ഫോറും തൂക്കി. 

ഒന്നാം ഇന്നിങ്സിൽ ഇം​ഗ്ലണ്ടിനെ 112 റൺസിന് പുറത്താക്കിയ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ 145 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. 33 റൺസ് ലീഡ് നേടാൻ ഇന്ത്യക്ക് സാധിച്ചു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഇം​ഗ്ലണ്ടിന്റെ പോരാട്ടം വെറും  81 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ അനായാസ വിജയം പിടിച്ചത്. ഇതോടെ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിൽ. 

സ്പിന്നർമാർ കളം നിറഞ്ഞ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ആറും രണ്ടാം ഇന്നിങ്സിൽ അഞ്ചും വിക്കറ്റുകൾ പിഴുത് അക്സർ പട്ടേൽ വീര നായകനായി മാറി. രണ്ടാം ഇന്നിങ്സിൽ  32 റൺസ് വഴങ്ങിയാണ് അക്സർ അഞ്ച് വിക്കറ്റെടുത്തത്. 48 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത് ആർ അശ്വിനും ഇംഗ്ലണ്ട് ബാറ്റിങ് നിരയെ പിച്ചിച്ചീന്തി. അശ്വിൻ ഒന്നാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. 

25 റൺസെടുത്ത ബെൻ സ്‌റ്റോക്‌സ് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് നിരയിൽ പിടിച്ചുനിന്നത്. ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരേ ടെസ്റ്റിൽ നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്. 

ബാറ്റ്‌സ്മാൻമാരുടെ ശവപ്പറമ്പായി മാറിയ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ബൗളർമാർ പൂർണമായും ആധിപത്യം സ്ഥാപിച്ചു. രണ്ടാം ഇന്നിങ്‌സിൽ അശ്വിനെയും അക്സറിനെയും മാത്രമാണ് ബൗൾ ചെയ്യാനായി നായകൻ കോഹ്‌ലി നിയോഗിച്ചത്. അത് ഫലം കാണുകയും ചെയ്തു. 

ആദ്യ ഓവറിലെ ആദ്യ പന്തിൽ സാക്ക് ക്രോളിയെ (0) മടക്കിയ അക്സർ മൂന്നാം പന്തിൽ ബെയർ‌സ്റ്റോയെ (0) വീഴ്ത്തി. ഇതോടെ ഇംഗ്ലണ്ട് സ്‌കോർ പൂജ്യം റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. ഇരുവരെയും അക്സർ ബൗൾഡ് ആക്കുകയായിരുന്നു. പിന്നീട് ഒത്തുചേർന്ന സിബ്ലി- റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും സ്‌കോർ 19ൽ നിൽക്കേ ഏഴുറൺസെടുത്ത സിബ്ലിയെ അക്സർ പുറത്താക്കി. വലിയൊരു ഷോട്ടിന് ശ്രമിച്ച സിബ്ലിയുടെ ബാറ്റിലുരസിയ പന്ത് ഋഷഭ് പന്ത് കൈയ്യിലൊതുക്കി.

പിന്നീട് ക്രീസിലെത്തിയ ബെൻ സ്റ്റോക്‌സിനെ കൂട്ടുപിടിച്ച് ജോ റൂട്ട് ടീം സ്‌കോർ 50 കടത്തി. എന്നാൽ സ്‌കോർ 50 ൽ നിൽക്കെ 25 റൺസെടുത്ത ബെൻ സ്റ്റോക്‌സിനെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. ഇത് 11ാം തവണയാണ് സ്റ്റോക്‌സ് അശ്വിന് മുന്നിൽ കീഴടങ്ങുന്നത്. നായകൻ ജോ റൂട്ടിനൊപ്പം 31 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് സ്റ്റോക്‌സ് പുറത്തായത്. സ്‌റ്റോക്‌സ് പുറത്തായതിനു പിന്നാലെ റൂട്ടിനും അടിതെറ്റി. 19 റൺസെടുത്ത ജോ റൂട്ടിനെ വിക്കറ്റിന് മുന്നിൽ കുടുക്കി അക്സർ ഇന്നിങ്‌സിലെ നാലാം വിക്കറ്റും മത്സരത്തിലെ പത്താം വിക്കറ്റും സ്വന്തമാക്കി. ഇതോടെ ഇംഗ്ലണ്ട് വലിയ അപകടം മണത്തു.

പിന്നീട് വന്ന ഒലി പോപ്പ് 12 റൺസെടുത്തെങ്കിലും താരത്തെ അശ്വിൻ ബൗൾഡാക്കി. പിന്നാലെ വന്ന ആർച്ചറെ വിക്കറ്റിന് മുന്നിൽ കുടുക്കി അശ്വിൻ ടെസ്റ്റിൽ 400 വിക്കറ്റ് നേട്ടം ആഘോഷിച്ചു. വെറും 77 മത്സരങ്ങളിൽ നിന്നാണ് അശ്വിൻ 400 വിക്കറ്റ് സ്വന്തമാക്കിയത്.

ഒടുവിൽ ഇംഗ്ലണ്ടിന്റെ അവസാന ബാറ്റിങ് പ്രതീക്ഷയായ ബെൻ ഫോക്‌സിനെ മടക്കി അക്സർ പട്ടേൽ രണ്ടാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. തുടർച്ചയായി മൂന്നാം ഇന്നിങ്‌സിലാണ് താരം അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്. ഈ മത്സരത്തിലെ രണ്ട് ഇന്നിങ്‌സുകളിലും കഴിഞ്ഞ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിലുമാണ് അക്സർ അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയത്. 

അധികം വൈകാതെ അശ്വിൻ ജാക്ക് ലീച്ചിനെയും വാഷിങ്ടൺ സുന്ദർ ജെയിംസ് ആൻഡേഴ്‌സനെയും പറഞ്ഞയച്ച് ഇംഗ്ലണ്ടിനെ 81 റൺസിന് ചുരുട്ടിക്കെട്ടി.

ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 145 റൺസിന് പുറത്തായി. ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് ഉയർത്തിയ 112 റൺസ് മറികടക്കാനായി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് 145 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. വെറും 33 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.

തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് ബൗളർമാരാണ് ഇന്ത്യൻ ബാറ്റിങ് നിരയെ ശിഥിലമാക്കിയത്. ഇംഗ്ലണ്ടിനായി ജോ റൂട്ട് അഞ്ച് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ജാക്ക് ലീച്ച് നാലുവിക്കറ്റുകൾ സ്വന്തമാക്കി. ശേഷിച്ച വിക്കറ്റ് ആർച്ചർ വീഴ്ത്തി. റൂട്ടിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്.  വെറും 6.2 ഓവറിൽ എട്ട് റൺസ് മാത്രം വിട്ടുകൊടുത്താണ് ഇംഗ്ലണ്ട് നായകൻ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com